രണ്ടു ലക്ഷത്തിന്റെ കാറുമായി ജിഎം ഇന്ത്യയിലേക്ക്
ദില്ലി: അമേരിക്കയില്‍ പാപ്പരായി പ്രഖ്യാപിയ്‌ക്കപ്പെട്ട ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ രണ്ടു ലക്ഷം രൂപയുടെ ചെറുകാര്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു.
ഒരു കാലത്ത് ലോകമെങ്ങുമുള്ള ആഡംബര കാറുകളുടെ നടുനായകത്വം വഹിച്ച ജിഎം ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ചെറുകാര്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
ജിഎമ്മിന്റെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കുമിത്. നിലവില്‍ ജിഎം ബ്രാന്റായ ഷെവര്‍ലെ സ്‌പാര്‍ക്ക് (2..66 ലക്ഷം) എന്ന മിനി കാര്‍ ഇന്ത്യയിലിറക്കിയിട്ടുണ്ട്. എന്നാല്‍ കുറച്ചു കൂടി വില കുറഞ്ഞ കാറിന് ഇന്ത്യയില്‍ വിപണന സാധ്യത കൂടുതലുണ്ടെന്നാണ് കമ്പനി കരുതുന്നത്.
അതേ സമയം ടാറ്റയുടെ ഒരു ലക്ഷം രൂപ കാറായ നാനോയ്‌ക്ക് സമാനമായിരിക്കില്ല ഇതെന്നും ജിഎം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ ചൈന, ലാറ്റിനമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും പുതിയ ചെറുകാര്‍ വിലക്കാന്‍ കമ്പനിയ്‌ക്ക് താത്‌പര്യമുണ്ടെന്നാണ് കരുതുന്നത്.
അതിനിടെ ജിഎമ്മിന്റെ ഏറ്റവും വലിയ ഗ്ലാമര്‍ ബ്രാന്റുകളിലൊന്നായ ഹമ്മര്‍ ഏറ്റെടുക്കാന്‍ തയാറായി ചില കമ്പനികള്‍ രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏത് കമ്പനിയാണ് മുന്നോട്ട് വന്നതെന്ന് ജിഎം വെളിപ്പെുടത്തിയിട്ടില്ല.


Click it and Unblock the Notifications








