മഴക്കാല വാഹന രോഗങ്ങളും പ്രതിവിധികളും

മണ്‍സൂണ്‍ കാലമാണ് വാഹനരോഗങ്ങളുടെ കുംഭമേളക്കാലം. പലതരത്തിലും വലിപ്പത്തിലുമുള്ള രോഗങ്ങള്‍ ഇക്കാലത്ത് വാഹനത്തെ അലട്ടാം. രോഗങ്ങളെ, അങ്ങാടി മരുന്നോ പാരസെറ്റാമോളോ കൊണ്ട് അവസാനിപ്പിക്കാവുന്നത് മുതല്‍ ഐ സി യുവില്‍ കയറ്റി പരിചരിക്കേണ്ടവ വരെ എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്.
വാഹനത്തെ മഴയത്തിറക്കും മുമ്പ് ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് വാട്ടര്‍ പ്രൂഫിംഗ് സംവിധാനമാണ്. വിന്‍ഡോ, ഡോറുകള്‍, സണ്‍റൂഫ് എന്നിവിടങ്ങളിലെ സീലുകളും ഗാസ്‌കറ്റുകളും നന്നായി പരിശോധിക്കുക. പ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ തന്നെ മാറ്റുക.
വാഹനത്തിനകത്തെ ജലാംശം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമാണ്. ഇത് പൂപ്പല്‍ വളരുന്നതിനും രോഗം വരുത്തുന്നതിനും കാരണമാകുന്നു. ജലാംശം ഇല്ലാതാക്കാനുള്ള വഴി വളരെ ലളിതമാകുന്നു. മഴ ഒട്ടൊന്നൊഴിഞ്ഞ് ആകാശം തെളിഞ്ഞാല്‍ വാഹനത്തിന്റെ വിന്‍ഡോകള്‍ പതുക്കെ തുറന്നിടുക.
കാറുകളുടെയും മറ്റ് ചെറുവാഹനങ്ങളുടെയും കാര്യത്തില്‍ കമ്പനികളുടെ മണ്‍സൂണ്‍കാല ഇടപെടല്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനാല്‍ പലര്‍ക്കും സൗജന്യമായി മണ്‍സൂണ്‍ ചെക്കപ്പുകള്‍ ലഭിക്കുന്നു. ഇത് എല്ലാ കമ്പനികളും നല്‍കുന്നില്ല എന്നതിനാല്‍ സൗജന്യത്തിനായി എല്ലാവരും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പോക്കറ്റില്‍ നിന്ന് പണം ചെലവാക്കി സര്‍വ്വീസ് നടത്തുക എന്നതായിരിക്കും ബുദ്ധിപരമായ തീരുമാനം. എല്ലാ മെക്കാനിക്കല്‍ പാര്‍ട്‌സുകളും നല്ല കണ്ടീഷനില്‍ നിറുത്തുക എന്നത് മഴക്കാലത്ത് അത്യാവശ്യമത്രെ.
എല്ലാ ജോയിന്റുകളിലും വേണ്ടമാതിരി ഗ്രീസ് പുരട്ടുവാന്‍ ശ്രദ്ധ വെക്കണം. ഇത് ഇടക്കിടെ ചെയ്യേണ്ടത് ആവശ്യമാണ്. മഴയല്ലേ. ഒലിച്ചുപോവില്ലേ?
മഴക്കാലത്ത് നമ്മുടെ നഗരങ്ങളിലെ നിരത്തുകളില്‍ ഇറക്കുന്ന ഏതൊരു വാഹനവും ഒരു തോണിപോലെ പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ഇങ്ങനെ തോണിയുടെ സേവനം അധികമായി നല്‍കുന്ന വാഹനങ്ങള്‍ക്ക് തുരുമ്പ് വലിയൊരു പ്രശ്‌നമാണ്. വാഹനത്തിന്റെ അടിഭാഗത്ത് തുരുമ്പിനെ പ്രതിരോധിക്കാനുള്ള ആന്റി കൊറൊസ്സിവ് കോട്ടിംഗ് അത്യാവശ്യമാണ്.
വാഹനത്തിന്റെ ഇലക്ട്രിക്കല്‍ പാര്‍ട്ടുകള്‍ വളരെ പ്രാധാന്യത്തോടെ പരിചരിക്കേണ്ടവയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പ്രശ്‌നത്തെ നേരിടേണ്ടതുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്‌ലൈറ്റുകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കേണ്ട കാലമാണ് മണ്‍സൂണ്‍.
വൈപ്പറുകള്‍ എന്ന മറ്റൊരു ഉപകരണം കൂടിയുണ്ടല്ലോ. ആറ് മാസക്കാലം വലിയ ഉപയോഗമൊന്നുമില്ലാതെ കിടക്കുന്ന ആ ചെറുജീവിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈപ്പര്‍ ശരിയായി പ്രവര്‍ത്തിക്കുണ്ടെങ്കിലേ വാഹനം നിരത്തിലിറക്കാവൂ.
പഴകിത്തേഞ്ഞ ടയറുകള്‍ ഒന്ന് മാറ്റിയിടാന്‍ ഈ മണ്‍സൂണ്‍ കാലത്തെങ്കിലും താങ്കള്‍ തീരുമാനമെടുക്കണം. കൂടാതെ ചവുട്ടിയാല്‍ 15 മീറ്റര്‍ അപ്പുറത്ത് സഡന്‍ ബ്രേക്കിടുന്ന ആ ബ്രേക്കിംഗ് സംവിധാനവും മാറ്റിയാല്‍ കൊള്ളാം. മഴക്കാലത്ത് 15 മീറ്റര്‍ എന്നത് 25 മീറ്ററാകുമെന്നത് താങ്കള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.
ട്രാഫിക് ജാമുകളും മെല്ലെപ്പോക്കുമെല്ലാം മഴക്കാലത്തിന്റെ സവിശേഷതകളാണ്. നിരത്തില്‍ വാഹനം കൊണ്ടുള്ള വഴിവെട്ട് ഒഴിവാക്കാന്‍ ഇനിയെങ്കിലും അല്‍പം നേരത്തെ വീട്ടില്‍ നിന്നിറങ്ങാന്‍ നോക്കുക. മഴക്കാലത്ത് ഇത്തരം ഉപദേശങ്ങള്‍ക്കൊന്നും യാതൊരു വിലയുമില്ലെന്നറിയാം. എങ്കിലും വെറുതെ പറയുന്നു. ഈയൊരു വാക്കുകൊണ്ട് താങ്കളങ്ങ് നന്നാവുകയാണെങ്കിലോ?


Click it and Unblock the Notifications








