മാരുതിസമരം ഒത്തുതീര്‍ന്നു

പ്രവര്‍ത്തനം നടക്കാത്ത ദിവസങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മൂന്നു ദിവസത്തെ ശമ്പളം മാത്രമേ കമ്പനി പിടിക്കുകയുള്ളൂ. അടുത്ത കുറച്ചു മാസങ്ങളിലെ തൊഴിലാളികളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ശമ്പളം കൂടി നല്‍കണമോ എന്ന കാര്യം തീരുമാനിക്കും. എന്നാല്‍ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്ന, മനെസര്‍ പ്ലാന്റിന്റെ തൊഴിലാളി യൂണിയന്‍ എന്നത് അംഗീകരിക്കപ്പെട്ടില്ല.
ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദ്രര്‍ സിംഗ് ഹൂഡയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നു വന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞത്.
അതേസമയം അച്ചടക്കപ്രശ്‌നത്തിന്റെ പേരില്‍ പിരിച്ചുവിട്ട തൊഴിലാളികള്‍ക്കെതിരെ കമ്പനി അന്വേഷണം നടത്തും.
13 ദിവസത്തെ പ്രതിസന്ധി 12,600 യൂണിറ്റിന്റെ ഉല്‍പാദനനഷ്ടമാണ് മാരുതി സുസുക്കിക്ക് ഉണ്ടാക്കിയത്. ഓഹരിവിപണിയില്‍ മാരുതിയുടെ ഷെയര്‍ വിലകള്‍ ഇടിഞ്ഞു.
പ്ലാന്റില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന കമ്പനിയുടെ തീരുമാനം തൊഴിലാളികളുമായുണ്ടാക്കിയ കരാറില്‍ ഇല്ലെന്ന് സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത വ്യക്തമാക്കി. തൊഴിലാളികള്‍ ഏറ്റവും സമാധാനപരമായാണ് സമരം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാരുതി തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റ് കമ്പനികളിലെ തൊഴിലാളികളെ ദാസ്ഗുപ്ത അഭിനന്ദിച്ചു.
മനെസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് മാരുതി സുസുക്കി വാഹനങ്ങളുടെ വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. സ്വിഫ്റ്റ്, എ സ്റ്റാര്‍ എന്നീ ഹാച്ച്ബാക്കുകളും ഡിസൈര്‍, എസ് എക്‌സ്4 എന്നീ സെഡാനുകളുമാണ് മനെസറില്‍ ഉല്‍പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








