ബജാജിന്റെ മൂന്ന് പുതിയ ഉദ്യമങ്ങള്‍

വിപണിയിലെ ചിലയിടങ്ങളില്‍ ബജാജിനുള്ള അസാന്നിധ്യം അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അവകൂടി നികത്തിയാല്‍ മാത്രമേ അവകാശവാദങ്ങള്‍ക്ക് കനം ലഭിക്കുകയുള്ളൂ. അത്തരം വിടവുകള്‍ അടച്ച് ശക്തമായ വിപണിസാന്നിധ്യം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബജാജ് തുടങ്ങിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മൂന്ന് പുതിയ ഇനങ്ങള്‍കൂടി വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു.
കൂടുതല്‍ മികച്ച സജ്ജീകരണങ്ങളുള്ള ഒരു ഓട്ടോറിക്ഷയാണ് ഇവയില്‍ ഒന്ന്. രണ്ടാമത്തേത് ഒരു റൂറല്‍ ബൈക്ക്. മൂന്നാമത്തേത് എന്തെന്നു കേട്ടാല്‍, ബജാജിന്റെ പുതിയ കമേഴ്‌സ്യലിലെ ജപ്പാന്‍കാരെപ്പോലെ നിങ്ങളും പറയും: ''ഹുന്തോ!!!'(അതിശയം!). 600 സിസി എന്‍ജിന്‍ ശേഷിയുള്ള ഒരു സൂപ്പര്‍ ബൈക്കാണ് ബജാജിന്റെ ബിഗ് പ്ലാന്‍.
ബജാജിന്റെ സാങ്കേതികഗവേഷണ വിഭാഗം വിയര്‍ത്തൊലിച്ച് പണിയെടുക്കുകയാണ്. 100 സിസി-യുടെ ചെലവില്‍ ഒരു 150 സിസി ബൈക്ക് എന്ന പുതിയൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണവര്‍. അതായത് ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലെ പരുക്കന്‍ റോഡുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശേഷിയുള്ള ഒരു ഗ്രാമീണ ബൈക്ക്. വില 40,000 രൂപയില്‍ കവിയരുത്. നിലവില്‍ 150 സെഗ്മെന്റിലെ രാജാവ് ബജാജ് തന്നെയാണ്. ബജാജ് ഡിസ്‌കവറിന് പക്ഷെ വില 50,000 കവിയും. ജനകീയ മോഡലായ പള്‍സറിന് 60,000-വും.
നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ 100 സിസി ബൈക്കുകളൊന്നും ഗ്രാമപ്രദേശങ്ങളില്‍ ഓടിക്കാന്‍ പര്യാപ്തമായവയല്ല. ഹോണ്ടയുടെ 100 സിസി ബൈക്കുകളെ വെല്ലാന്‍ 30,000-ത്തിനു വരെ വില്‍ക്കാവുന്ന ബൈക്ക് എന്ന ആലോചന വന്നതാണ്. പക്ഷെ ബജാജിന് അത് സ്വീകാര്യമായില്ല. വിലക്കുറവിനുപരിയായി എന്തെങ്കിലും ഗുണം കൂടി അവയ്ക്ക് ഉണ്ടായിരിക്കണം.
പക്ഷെ എങ്ങനെയാണ് 10,000 രൂപ വിട്ടുവീഴ്ച ചെയ്ത് ബൈക്ക് വില്‍ക്കാനാവുക? ചില ചെറിയ ആഡംബരങ്ങള്‍ കുറച്ചാല്‍ അത് സാധിക്കും എന്നാണ് കണക്കുകൂട്ടല്‍. ഉദാഹരണത്തിന് ഈ ബൈക്കിന് ഡിജിറ്റല്‍ കണ്‍സോള്‍ ഉണ്ടാവുകയില്ല.
പുതിയ ബൈക്കിന്‍ കൂടുതല്‍ ഗ്രാമീണരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നാണ് ഗവേഷകര്‍ക്കുള്ള മറ്റൊരു നിര്‍ദ്ദേശം. കൂടുതല്‍ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ കയറ്റിക്കൊണ്ടു പോകാന്‍ സാധിക്കണം. ഇതിനായി ഒരു സാധാരണ 100 സിസി ബൈക്കിനെക്കാള്‍ 50 ശതമാനം അധികം ടോര്‍ക്ക് ബൈക്കിനുണ്ടായിരിക്കും. പക്ഷെ മൈലേജില്‍ അല്‍പം കുറവ് സംഭവിക്കും എന്നൊരു പ്രശ്‌നമുണ്ട്. ഏതാണ്ട് 10 ശതമാനം. ഇതുമായി ആളുകള്‍ പൊരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് ബജാജ്.
ഒരു ഇന്ത്യന്‍ നിര്‍മ്മിത 600 സിസി ബൈക്ക് എന്ന സ്വപ്‌നം ബജാജിനെ സംബന്ധിച്ച് മലര്‍പ്പൊടിക്കാരന്റേതാണെന്ന് ആരോപിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റൊരു വലിയ പ്രശ്‌നമുണ്ട്. ബജാജിന്റെ ബ്രാന്‍ഡ് സൂപ്പര്‍ ബൈക്കുകള്‍ക്ക് അനുകൂലമല്ല. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാവ് കെ ടി എമ്മിന്റെ 40 ശതമാനം ഓഹരി കൈവശമുള്ളത് ഇവിടെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബജാജ്. കെ ടി എമ്മിന്റെ ഒ ഇ എം സപ്ലയര്‍ എന്ന സ്ഥാനവും മുതലെടുക്കാനായേക്കും.വിദേശത്തേക്കുള്ള കയറ്റുമതിയാണ് പ്രധാനമായും കമ്പനി ലക്ഷ്യം വെക്കുന്നത്.
ഹര്‍ലി ഡേവിണ്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ബൈക്കുകള്‍ വില്‍ക്കുന്നത് കെ ടി എമ്മാണ്. 70,000. ഹര്‍ലിയുടെ വില്‍പന രണ്ട് ലക്ഷമാണ്. മൂന്നാം സ്ഥാനത്തുള്ള ഡ്യുക്കാത്തി 35,000-വും.
നിഞ്ജ650, ഹ്യോസംഗ് തുടങ്ങിയവ ശക്തമായി നിലയുറപ്പിച്ച ആഗോളമാര്‍ക്കറ്റില്‍ എങ്ങനെയാണ് ബജാജിന് പിടിച്ചു നില്‍ക്കാന്‍ കഴിയുക എന്ന ചോദ്യമാണ് മിക്കവരും ഉയര്‍ത്തുന്നത്.


Click it and Unblock the Notifications








