ജനറല്‍ മോട്ടോഴ്സ് "നാനോ ക്ലോണ്‍" ഉപേക്ഷിച്ചു

നാനോ സ്വന്തമാക്കിയ വിപണിയിടം ലാക്കാക്കിയുള്ള ശ്രമങ്ങള്‍ വിപണിയില്‍ സജീവമായിരുന്നു. വമ്പന്‍മാര്‍ തന്നെയാണ് അതിവേഗം വളരുന്ന ഒരു വിപണിക്കു വേണ്ടി തങ്ങളുടെ കാര്‍ സങ്കല്‍പങ്ങള്‍ ചെറിയതിന്‍റെ ലാളിത്യം പകരാന്‍ ശ്രമിച്ചത്. പക്ഷെ, ടാറ്റ കണ്ടെത്തിയ ഇടത്തില്‍ ഇനിയൊരാള്‍ക്ക് കയറിനില്‍ക്കാന്‍ കഴിയില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ തരുന്ന സന്ദേശം. ഒന്നുരണ്ടു ദിവസം മുമ്പാണ് റെനോ എന്ന ഫ്രഞ്ച് പ്രഭു, ഏറ്റവും ചെറിയ കാര്‍ എന്ന തങ്ങളുടെ സ്വപ്നം തല്‍ക്കാലം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ബജാജുമായി ചേര്‍ന്നാണ് ചെറുകാറിനായി ആദ്യം പദ്ധതി ഇട്ടത്. എന്നാല്‍ അതില്‍ നിന്ന് റെനോ പിന്‍മാറിയിരിക്കുന്നു. ചെറുകാര്‍ തന്നെയാണ് ലക്ഷ്യമെങ്കിലും അത് മികച്ച നിലവാരത്തോടെ തന്നെ വിപണിയിലെത്തിക്കും എന്ന ഉദ്ദേശ്യം തങ്ങള്‍ക്കുണ്ടെന്നാണ് റെനോയുടെ വിശദീകരണം. ചുരുക്കത്തില്‍, റെനോ ചെറുകാറിനെ സംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്ത ഓട്ടോമൊബൈല്‍ രംഗത്തെ കാരണവര്‍, ജനറല്‍ മോട്ടോഴ്സ്, കണ്ട ചെറുകാര്‍ എന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ്. സ്പാര്‍ക്ക് ഹാച്ച്ബാക്കാണ് നിലവില്‍ വിപണിയിലുള്ള ജി എം ചെറുകാര്‍. എന്നാല്‍ ഇത് നാനോയോട് മത്സരിക്കാന്‍ മാത്രം സാമ്പത്തിക ലാളിത്യം കൈവരിച്ചിട്ടില്ല. 1000 സിസി എന്‍ജിന്‍ ശേഷിയുള്ള സ്പാര്‍ക്കിന്‍റെ എക്സ് ഷോറൂം വില 3.01-നും 4.31-നും ഇടയ്ക്കാണ്. അതിനാല്‍ മറ്റൊരു കാര്‍ വികസിപ്പിച്ചെടുക്കാന്‍ നാനോ നിരത്തിലിറങ്ങിയ കാലം മുതല്‍ ശ്രമം നടക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
കുറച്ചുകാലമായി ഇതിന്‍മേല്‍ നടന്നു വരുന്ന ഗവേഷണങ്ങള്‍ ഫലം കണ്ടില്ലെന്ന് ജി എം ഇന്ത്യ പ്രസിഡന്‍റ് എം ഡി കാള്‍ സ്ലിം സൂചിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ കൊടുക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും അത് ജി എമ്മിന് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞുവെന്നാണ് സ്ലിം പറഞ്ഞത്.
ടാറ്റ കളിക്കുന്ന കളി വിദേശികള്‍ക്ക് കളിക്കാന്‍ കഴിയില്ല എന്നതുതന്നെയാണ് പ്രശ്നം. നാനോയെക്കുറിച്ചുള്ള പരാതികളൊന്നും തന്നെ ടാറ്റയുടെ ദേശീയമുഖത്തെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ജനറല്‍ മോട്ടോഴ്സിന്‍റെയും റെനോയുടെയും കാര്യം അതല്ല. വിദേശ മാര്‍ക്കറ്റില്‍ അമിതമായി വിട്ടുവീഴ്ച ചെയ്ത് മാനം പോയാല്‍ പോയതു തന്നെയാണ്.


Click it and Unblock the Notifications








