കോട്ട മഹാരാജാവിന്‍റെ റോള്‍സ് റോയ്‍സ് ലേലത്തിന്

ജയ്‍പൂരിലെ കോട്ട മഹാരാജാവ് ഉമദ് സിംഗ് രണ്ടാമന്‍റെ കാറാണ് ലേല ഉരുപ്പടിയായി മാറിയിരിക്കുന്നത്. ഏതാണ്ട് പത്ത് ലക്ഷം ഡോളര്‍ വിലയ്ക്ക് ഉരുപ്പടി വിറ്റുപോകുമെന്നാണ് ലേലക്കാരുടെ പ്രതീക്ഷ.
16 വയസ്സില്‍ രാജാവായി വാഴിക്കപ്പെട്ട ഉമദ് സംഗ് 1889 മുതല്‍ 1940-ല്‍ മരിക്കുന്നതുവരെ രാജ്യം ഭരിച്ചു. പത്തറുപത് കൊല്ലക്കാലം രാജ്യം ഭരിച്ച ഉമദ് സിംഗ് തന്‍റെ ജീവിതത്തിന്‍റെ വലിയൊരളവ് കാട്ടിലെ ജന്തുക്കളുടെ സ്വൈരജീവിതം കെടുത്തുന്നതില്‍ മുഴുകി.
റോള്‍സ് റോയ്‍സിന്‍റെ ഈ പഴയ വിന്‍റേജ് കാര്‍ രാജാവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച മാറ്റങ്ങള്‍ വരുത്തിയാണ് റോള്‍സ് റോയ്‍സ് കമ്പനി കൈമാറിയത്. കാട്ടുപാതകളില്‍ പെരുമാറുവാന്‍ പാകത്തിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സാണ് കാറിനുള്ളത്. മെഷീന്‍ ഗണ്‍ പിടിപ്പിക്കാനുള്ള സൗകര്യങ്ങളും കാറിനകത്തുണ്ട്. ശക്തിയേറിയ സെര്‍ച്ച് ലൈറ്റുകളും കാറിന്‍റെ പ്രത്യേകതയാണ്. കടുവകളെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ കടുവക്കാര്‍ എന്ന പേരിലാണ് ലേലക്കമ്പനിയായ ബോണ്‍ഹാംസ് ലേലപ്പരസ്യം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 18-19 തീയതികളിലാണ് കാര്‍ ലേലം നിശ്ചയിച്ചിരിക്കുന്നത്.
8 ലിറ്ററിന്‍റെ 6 സിലിണ്ടര്‍ എന്‍ജിനാണ് രാജാവിന്‍റെ കാറിനുള്ളത്.
കാര്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ലേലത്തില്‍ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പഴയ രാജാക്കന്മാര്‍ വിറ്റുകളഞ്ഞ ഉരുപ്പടികളെല്ലാം ലേലത്തില്‍ പിടിക്കാന്‍ നടക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴോട്ടു കൊണ്ടുവരാന്‍ ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications








