കൗമാരപ്രായക്കാര്‍ക്കുള്ള ഡ്രൈവിംഗ് ടിപ്പുകള്‍

വണ്ടിക്ക് അടിപ്പെടുന്നതില്‍ നിന്ന് കൗമാരപ്രായക്കാരെ രക്ഷിക്കാനുള്ള ചില ടിപ്പുകളാണ് താഴെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ചില ഡ്രൈവിംഗ് ടിപ്പുകള്‍. ഇതുകള്‍ വായിച്ച് എല്ലാ കൗമാരക്കാരും ഉദ്ബുദ്ധരാകണമെന്ന് അപേക്ഷിക്കുന്നു.
(1) വണ്ടിയോട്ടുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അത്യന്തം അപകടകരാണെന്ന് അറിയാമല്ലോ. നിങ്ഹളുടെ പക്കല്‍ ഹാന്‍ഡ്‍സ്-ഫ്രീ ഡിവൈസ് ഇല്ലെങ്കില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനായി വണ്ടി റോഡിന് ഓരം ചേര്‍ത്തു നിര്‍ത്തുക.
(2) വണ്ടിയോട്ടുമ്പോള്‍ മെസ്സേജ് അയയ്ക്കുന്ന സ്വഭാവം അവസാനിപ്പിക്കുക. റോഡില്‍ നിന്ന് ശ്രദ്ധ വിട്ടുപോകുവാന്‍ മാത്രമേ അത് സഹായിക്കൂ.
(3) നമ്മുടെ രാജ്യത്ത് ചില ട്രാഫിക് നിയമങ്ങള്‍ നിലവിലുണ്ട്. അവ അനുസരിച്ചാല്‍ അപകടങ്ങള്‍ വലിയൊരു പരിധി വരെ ഒഴിവാക്കാം. ട്രാഫിക് നിയമങ്ങളില്‍ പ്രധാനമായ ഒന്ന്, വണ്ടിയോടിക്കാന്‍ ലൈസന്‍സ് വേണം എന്നതാകുന്നു.
(4) കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ അവരോട് സംസാരിക്കാന്‍ പിന്‍ സീറ്റിലേക്ക് തല തിരിച്ചു പിടിക്കുന്നത് സൗകര്യപ്രദമാണ്. അത് പക്ഷെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാവരുത് എന്നു മാത്രം. ഒരു ഡ്രൈവര്‍ക്ക് ഒരു കൗമാരപ്രായക്കാരനെക്കാള്‍ കൂടിയ ഉത്തരവാദിത്തമുണ്ട്.
(5) വീട്ടുകാരോട് ദേഷ്യപ്പെട്ട് വണ്ടിയെടുത്ത പായുന്നത് താങ്കള്‍ക്ക് പതിവുള്ളതാണോ. എങ്കില്‍ ആ പതിവ് താങ്കളെ ഏതെങ്കിലും കെ എസ് ആര്‍ സി ബസ്സിന്‍റെ പുകക്കുഴലിന് താഴെ കൊണ്ടു ചെന്നെത്തിക്കാന്‍ ഇടയുണ്ട്. ദേഷ്യം പിടിച്ചാല്‍ ചെയ്യുവാന്‍ എന്തെങ്കിലും ബദല്‍ പോംവഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ടി വി തല്ലിപ്പൊട്ടിക്കുക, കാറിന്‍റെ ചില്ല് തകര്‍ക്കുക എന്നിങ്ങനെ.
(6) ഡ്രൈവിംഗ് സീറ്റലിരുന്ന് കണ്ണെഴുതല്‍, മുടിചീകല്‍, പൊട്ടുകുത്തല്‍ തുടങ്ങിയ ഏര്‍പ്പാടുകളില്‍ മുഴുകുന്നവരെ നഗരങ്ങളില്‍ ധാരാളമായി കാണാം. കാറിനുള്ളിലെ റിയര്‍വ്യൂ മിറര്‍ ഇതിനായി സ്ഥാപിച്ചതാണെന്നാണ് ചിലരുടെ ധാരണ. ഈ അബദ്ധ ധാരണ ഉടന്‍ മാറ്റേണ്ടിയിരിക്കുന്നു.
(7) കൗമാരപ്രായക്കാര്‍ വെള്ളമടിക്കുന്നത് കുറ്റകരമാണെന്ന് അറിയാമല്ലോ. വെള്ളമടിച്ച് ഡ്രൈവ് ചെയ്യുന്നതും കുറ്റകരം. ഒരേസമയം രണ്ട് കുറ്റം ചെയ്യാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല എന്നോര്‍ക്കുന്നത് വളരെ നന്നായിരിക്കും. രണ്ടും വെവ്വേറെ സമയങ്ങളില്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സിലാക്കാനാവും.
(8) മിക്കവാറും കൗമാരപ്രായക്കാര്‍ സംഗീത പ്രേമികളാണ്. എന്നാല്‍ സംഗീതം തനിച്ചു കേള്‍ക്കുന്നതില്‍ താല്‍പര്യമില്ലാത്തവരും. ഡ്രൈവ് ചെയ്യുമ്പോള്‍ സംഗീതം കേള്‍ക്കുന്നതും പോകുന്ന വഴിയിലെ നാട്ടുകാരെ മുഴുവന്‍ കേള്‍പ്പിക്കുന്നതും അവര്‍ക്ക് ഹരമാണ്. ഇത് വളരെ അപകടകരവുമാണ്.
വാഹനം ഇടിച്ചും മറ്റ് അപകടങ്ങളിലൂടെയുമാണ് കൗമാരപ്രായക്കാരുടെ മരണം അധികവും സംഭവിക്കാറുള്ളതെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജീവിതത്തിന്‍റെ വളരെ ചെറിയൊരു ഘട്ടം മാത്രമാണ് കൗമാരം. ഇനിയുമെത്രയോ ഋതുക്കള്‍ ജീവിതത്തില്‍ നിങ്ങള്‍ കടന്നു പോകേണ്ടിയിരിക്കുന്നു. അങ്ങോട്ടുള്ള യാത്രയാണ് പ്രധാനം. മക്‍ഡൊണാള്‍ഡ്‍സിലേക്കുള്ള ചെറിയൊരു ദൂരത്തെ മറികടക്കാനുള്ള വെപ്രാളത്തില്‍ ആ വലിയ ദൂരത്തെ മറക്കാതിരിക്കുക.


Click it and Unblock the Notifications








