ലോകത്തിലെ ആദ്യത്തെ റേസിംഗ് കാര്‍ ലേലത്തിന്

1884-ല്‍ നിര്‍മിച്ച, ലോകത്തിലെ ആദ്യത്തെ റേസിംഗ് കാറെന്ന ഖ്യാതിയുള്ള ഈ കാര്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിന് ലേല നടപടികള്‍ ആരംഭിക്കും.
ആദ്യത്തെ കാര്‍ റേസ് എന്ന പേരില്‍ ഔദ്യോഗികാംഗീകാരമുള്ളത് 1895-ലെ പാരിസ് റൗണ്‍ ട്രയലിനാണ്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ്, 1987-ല്‍ ഒരു കാര്‍ റേസ് നടന്നിരുന്നു. ഫ്രാന്‍സിലെ അന്നത്തെ നിലവാരപ്പെട്ട ബൈസിക്കിള്‍ മാഗസിനായ ലെ വൊലോസിപ്പെഡെയുടെ എഡിറ്ററാണ് റേസ് നടത്തിയത്. യൂറോപ്പിന്‍റെ ആദ്യത്തെ മോട്ടോറിംഗ് മത്സരം എന്ന അവകാശവാദത്തോടെ തുടങ്ങി വെച്ച മത്സരത്തില്‍ കാര്‍ റേസിംഗ് വിഭാഗത്തില്‍ മത്സരിക്കാന്‍ ഒരേയൊരു കാര്‍ മാത്രമാണ് എത്തിയത്. ദെ ദിയോണ്‍ ബൂട്ടോണ്‍ എറ്റ് ട്രെപാര്‍ഡക്സ് ഡോസ് എ സ്റ്റീം റണാബോട്ട് എന്ന കാര്‍!
മത്സരിക്കാന്‍ മറ്റാരുമെത്തിയില്ലെങ്കിലും ദെ ദിയോണ്‍ ബൂട്ടോണ്‍ മത്സരിച്ചോടി. മണിക്കൂറില്‍ 59.5457 കിലോമീറ്റര്‍ വേഗത്തില്‍. ഒന്നാം സ്ഥാനം കരസ്ഥമാക്കിയെങ്കിലും മറ്റ് മത്സരാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ആദ്യത്തെ റേസിംഗ് കാര്‍ എന്ന സ്ഥാനപ്പേര് ചരിത്രത്തില്‍ പതിച്ചുകിട്ടിയില്ല. എങ്കിലെന്ത്? സിംഗിളാകുമ്പോളാണല്ലോ സിങ്കം സിങ്കമാകുന്നത്!
ഫ്രഞ്ച് വ്യവസായിയായ കൗണ്ട് ദെ ദിയോണാണ് കാറിന്‍റെ നിര്‍മാതാവ്. ജ്യോര്‍ജ്ജസ് ബൂട്ടോണ്‍ ആന്‍ഡ് ആമന്‍ഡ് ട്രെപാര്‍ഡക്സ് എന്നയാളാണ് എന്‍ജിനീയര്‍.
ആര്‍ എം ഓക്ഷന്‍സ് എന്ന കമ്പനിയാണ് ലേലം നടത്തുന്നത്. പത്ത് കോടിയിലധികം രൂപയ്ക്ക് ലേലം കൊള്ളാന്‍ ആളെത്തും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








