ഓട്ടോ പരസ്യങ്ങളില്‍ ദേശി മോഡലുകളെ വേണ്ട

ഈ ചോദ്യം പലതരത്തില്‍ ആവര്‍ത്തിക്കാം. എന്തുകൊണ്ടാണ് കറുത്ത രജനീകാന്തിന്‍റെ സിനിമകളില്‍ വെളുത്ത നായികമാരെ മാത്രം കാണുന്നു? മലയാള സിനിമകളില്‍ വെളുത്ത നായികാനായകന്മാര്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? ഇതിന്‍റെയെല്ലാം കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നമ്മുടെ നാട്ടുകാരുടെ "പടിഞ്ഞാട്ട് നോക്കി" സ്വഭാവമാണ്. ഓട്ടോമൊബൈല്‍ രംഗത്തു മാത്രം ഇതൊന്നും കാണരുതെന്ന് വാശിപിടിക്കുന്നത് ഏതായാലും ശരിയല്ല.
ഓട്ടോ പരസ്യങ്ങളില്‍ പടിഞ്ഞാറന്‍ നായികാ നായകന്മാര്‍ മാത്രം സ്ഥാനം പിടിക്കുന്നത് എന്തുകൊണ്ട് എന്ന് ചില കിഴക്കന്‍ പ്രേമികള്‍ ചോദിക്കുന്നു. കാര്‍ ലോഞ്ച് ചടങ്ങുകളിലും ബ്രിട്ടിഷ്-കൊറിയന്‍ പെണ്‍കുട്ടികളാണ് മോഡലുകളായി എത്തുന്നത്. ഓട്ടോ ബ്ലോഗുകളില്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് വിഷയം.
ഓഡി എ8, എ6 എന്നിവയുടെ പരസ്യങ്ങളിലെ നടന്മാര്‍ സായിപ്പന്മാരാണ്. ഹ്യൂണ്ടായിയുടെ പരസ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യക്കാരനായ ടാറ്റയുടെ ആര്യ ക്രോസ്സോവറിന്‍റെ പരസ്യത്തില്‍ സീക്രട്ട് ഏജന്‍റായി അഭിനയിച്ചതും ഒരു വിദേശി മോഡല്‍ തന്നെ. ഇന്ത്യന്‍ മോഡലിംഗ് രംഗത്തെ സുന്ദരികള്‍ക്ക് ഇതില്‍ വലിയ പരാതിയുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
വിദേശ മോഡലുകളെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് ഉല്‍പന്നത്തിന്‍റെ ഗുണനിലവാരത്തെ എടുത്തു കാണിക്കാന്‍ ഉതകും എന്നാണ് ഒരു ഓട്ടോ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ പറയുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അവതരിപ്പിക്കുമ്പോള്‍ ദേശി മോഡലുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ലെന്നാണ് അങ്ങോരുടെ അഭിപ്രായം.
എന്നുവെച്ചാല്‍ ഇന്ത്യന്‍ മോഡലുകള്‍ ഗുണനിലവാരമില്ലായ്മയുടെ പ്രതീകങ്ങളെന്നാണോ? അമ്മാതിരി ചോദ്യങ്ങള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍മാരോട് ചോദിച്ചിട്ട് കാര്യമില്ല. ഇന്ത്യക്കാരുടെ മാനസിക നിലയോട് ചോദിക്കേണ്ട സംഗതിയാണത്.


Click it and Unblock the Notifications








