നാനോയ്ക്ക് ബ്രസീല്‍ ഗവര്‍ണറുടെ ക്ഷണം
ആഭ്യന്തരവിപണിയില്‍ നാനോയുടെ വില്‍പന ഇടിയുമ്പോള്‍ അന്താരാഷ്ട്ര വിപണി നാനോയുടെ ആവശ്യകത തിരിച്ചറിയുകയാണ്. ബ്രസീലിലെ മിനാസ് ഗാരിയസ് എന്ന പ്രവിശ്യയുടെ ഗവര്‍ണര്‍ തന്‍റെ നാട്ടിലേക്ക് നാനോ കയറ്റി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നേരിട്ട് കണ്ടാണ് ഗവര്‍ണര്‍ അന്‍റോണിയോ അഗസ്റ്റോ അനസ്തേസ്യ സംഗതി ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ വ്യവസായ പ്രതിനിധികളെ അഭിസംബോധന ചെയ്യവെ അനസ്തേസ്യ നാനോയെ വേണ്ടും വണ്ണം പുകഴ്ത്തുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് ബ്രസീല്‍ എന്ന് അദ്ദേഹം വ്യവസായ പ്രതിനിധികളെ തെര്യപ്പെടുത്തി. രാജ്യത്ത് ചെറുകാറുകളുടെ വിപണിയില്‍ നടക്കുന്ന അന്തംവിട്ട വളര്‍ച്ചയുടെ പ്രമാണങ്ങള്‍ അനസ്തേസ്യ നിരത്തി. ഇന്ത്യന്‍ സാഹചര്യങ്ങളോട് വളരെയേറെ സാമ്യമുള്ള രാജ്യമാണ് തന്‍റേതെന്ന് ചൂണ്ടിക്കാട്ടി. ഒടുവില്‍ അദ്ദേഹം പറഞ്ഞു: നാനോയ്ക്ക് ഇതിലും പറ്റിയ ഒരിടം ലോകത്ത് വേറെയില്ല.
നിലവില്‍ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളില്‍ നാനോ വിജയകരമായി വിപണി കണ്ടെത്തിയിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ലോകവിപണിയിലേക്കുള്ള നാനോയുടെ നീക്കം നടക്കുന്നത്. കിഴക്കന്‍ യൂറോപ്പില്‍ നാനോയ്ക്ക് വിപണി കണ്ടെത്താനും നീക്കമുണ്ട്. നാനോ യൂറോപ്പ എന്ന പേരിലാണ് യൂറോപ്യന്‍ പതിപ്പ് വിപണിയിലെത്തുക. ആഡംബര സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചുരുന്നു.


Click it and Unblock the Notifications








