മാരുതി: ഇരുകൂട്ടരും ഉറച്ചുതന്നെ

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചര്‍ച്ചകള്‍ രാത്രി വരെയും തുടര്‍ന്നുവങ്കിലും സമവായം കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ ചര്‍ച്കള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
ഹരിയാണ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥത്തിലാണ് ചര്‍ച്ച നടന്നു വരുന്നത്. ഇരു വിഭാഗങ്ങളും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
അതേസമയം ഓഹരി വിപണിയില്‍ മാരുതിയുടെ ഓഹരിവില ഇടിയുന്നതും കാര്‍ വിപണിയില്‍ മാരുതി സുസുക്കി കാറുകളുടെ കാത്തിരിപ്പ് സമയം കൂടുന്നതും തുടരുകയാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന ഉപഭോക്തൃ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ബുക്ക് ചെയ്ത് അഞ്ച് മാസമായവര്‍ക്കു പോലും കാര്‍ എന്ന് ലഭിക്കുമെന്നുള്ള വിവരം കൈമാറാന്‍ മാരുതി ഡീലര്‍മാര്‍ക്ക് സാധിക്കുന്നില്ല എന്നാണ്. വിശ്വസ്തമായ മറ്റ് ബ്രാന്‍ഡുകള്‍ തിരയുന്നതായിരിക്കും ബുദ്ധി എന്ന് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നു.
ജൂണ്‍ മാസത്തിലാണ് മാരുതി സമരം ആരംഭിച്ചത്. മാരുതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നങ്ങളുടെ ഭാരം തന്നെയാണ് പുതിയ സമരവും. 2000-മാണ്ടില്‍ മൂന്നു മാസത്തോളം നീണ്ടു നിന്ന സമരം ഗുഡ്‍ഗാവ് പ്ലാന്‍റില്‍ നടന്നിരുന്നു. മനെസര്‍ പ്ലാന്‍റ് 2007-ല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് തൊഴിലാളികള്‍ കടുത്ത പ്രതികരണങ്ങള്‍ക്ക് മുതിരുന്നത്.
മാരുതി മാനേജ്‍മെന്‍റിന് മുന്‍തൂക്കമുള്ളതും ഗുഡ്‍ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഔദ്യോഗിക തൊഴില്‍ സംഘടന തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും മനെസര്‍ പ്ലാന്‍റിന് മാത്രമായി പുതിയ തൊഴില്‍ സംഘടന ആവശ്യമാണെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.


Click it and Unblock the Notifications








