വണ്ടി മുമ്പോട്ട് പോകുന്നില്ല

സാധാരണഗതിയില്‍ ഉത്സവ സീസണില്‍ കാര്‍ വാങ്ങല്‍ 15 തൊട്ട് 20 ശതമാനം വരെ വളരാറുണ്ട്. ഇത്തവണ ഇത് 5 ശതമാനം മുതല്‍ 10 ശതമാനം വരെ എന്ന നിലയിലേക്ക് താഴ്ന്നുപോയി പല കാര്‍ നിര്‍മാതാക്കളുടെയും. ഗതികേട് എന്നതിന് മറ്റൊരു പേര് തെരഞ്ഞു നടക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ അത് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ എന്നു തന്നെയാണ്.
അതേസമയം ഇരുചക്ര വാഹനങ്ങളെ ഇതൊന്നു ബാധിച്ച മട്ടില്ല. പെട്രോള്‍ വിലക്കയറ്റവും മറ്റും അവരെ അനുകൂലമായാണ് ബാധിച്ചതെന്ന് തോന്നും. മോട്ടോര്‍സൈക്കിള്‍ കമ്പനികള്‍ 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട് ഈ ഫെസ്റ്റിവ് സീസണില്‍.
കാരണം വളരെ സുവ്യക്തവും സുതാര്യവുമാണെന്ന് ഹോണ്ട സീലിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം തലവനായ ജ്ഞാനേശ്വര്‍ സെന്‍ പറയുന്നു. പെട്രോള്‍ വില വര്‍ധനയും ആര്‍ ബി ഐ ഇന്‍ററസ്റ്റ് റേറ്റ് ഉയര്‍ത്തിയതുമെല്ലാമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതു പറയാന്‍ ഹോണ്ടയുടെ ജ്ഞാനേശ്വരന് പ്രത്യേക യോഗ്യതയുണ്ട്. പെട്രോള്‍ കാര്‍ മാത്രം വിപണിയിലിറക്കി അഹങ്കരിച്ചു നടന്ന് ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ് ഹോണ്ട. ഗതികേടിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഹോണ്ടയുടേതാണ് എന്നേ പറയാനുള്ളൂ.
അതേസമയം ഹ്യൂണ്ടായ് ഇയോണ്‍ പോലുള്ള ചില വാഹനങ്ങള്‍ മികച്ച ബുക്കിംഗ് നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 10,000ത്തിനടുത്ത് ബുക്കിംഗ് ഉത്സവകാലത്ത് ലഭിച്ചു കഴിഞ്ഞു. പക്ഷെ, എന്നും ദീപാവലി ഉണ്ടാവില്ല എന്നത് ഹ്യൂണ്ടായിയെ ചെറുതായി അലട്ടുന്നുണ്ട്. മാസം 10,000 വാഹനമെങ്കിലും വിറ്റുപോകണം. ഇല്ലെങ്കില്‍ വിപണിയില്‍ വെറുതെ പെറ്റുകിടന്നിട്ട് കാര്യമൊന്നുമില്ല. ഇയോണിന് ഇത് സാധിക്കുമോ?
മാരുതി സുസുക്കി കാറുകള്‍ കിട്ടാനില്ലാത്തത് മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് ഈ സീസമില്‍ ഗുണം ചെയ്തു. മാരുതിയില്‍ കഴിഞ്ഞ നാലഞ്ചു മാസമായി നടന്ന സമരമാണ് പ്രസ്തുത കിട്ടായ്മയ്ക്ക് കാരണം. പക്ഷെ, എന്നും മാരുതിയില്‍ സമരമുണ്ടാകില്ല എന്നത് കാര്‍ നിര്‍മാതാക്കളെ വീണ്ടും നിരാശരാക്കുന്നു.
നടപ്പ് സീസണില്‍ ഡീസല്‍ കാറുകള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിനെപ്പറ്റിയാണ് ജനറല്‍ മോട്ടോഴ്സിന്‍റെ വൈസ് പ്രസിഡന്‍റ് പി ബാലേന്ദ്രന് പറയാനുള്ളത്. ബീറ്റ്, ക്രൂസ്, ടവേര എന്നീ കാറുകളുടെ ഡീസല്‍ പതിപ്പുകള്‍ മികച്ച പ്രകടനം നടത്തി. ഈ വഴിക്ക് ജനറല്‍ നല്ല പ്രകടനം തന്നെയാണ് കാവ്ച വെച്ചത്.
സിയാമിന്‍റെ കണക്കനുസരിച്ച് ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 1.36 ശതമാനം കണ്ട് തളര്‍ച്ചയുണ്ടായിട്ടുണ്ട് വിപണിക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വിറ്റു പോയ കാറുകളുടെ എണ്ണം 9,21,812 ആണ്. നടപ്പ് വര്‍ഷം അത് 9,09,283 എന്നിങ്ങനെ കുറഞ്ഞു.


Click it and Unblock the Notifications








