ഇയോണിനും ഐ10നും എല്‍പിജി പതിപ്പ്?

പെട്രോള്‍ പതിപ്പ് മാത്രമാണ് ഇയോണിന് ഇന്നുള്ളത്. വിപണിയിലിറങ്ങി കുറച്ച് ദിവസങ്ങളേ ആയുള്ളുവെങ്കിലും തരക്കേടില്ലാത്ത പ്രകടനമാണ് ഇയോണ്‍ കാഴ്ച വെക്കുന്നതെന്നു പറയാം. ഒക്ടോബറിലെ വില്‍പനക്കണക്കുകളും ഇയോണിന് അനുകൂലമാണ്.
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഡീസല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഓപ്ഷന്‍ എല്‍ പി ജിയാണ്. ഹ്യൂണ്ടായിയുടെ ഡീസല്‍ പ്ലാന്‍റ് ഇന്ത്യയില്‍ വരുന്നുണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും ഏതെല്ലാമോ കാരണങ്ങള്‍ കൊണ്ട് സംഗതി നീണ്ടുപോകുകയാണ്. ഇക്കാര്യത്തില്‍ അത്ര പെട്ടെന്നൊന്നും തീരുമാനം വരില്ല എന്നതിന്‍റെ സൂചനയാണോ പുതിയ എല്‍ പി ജി തീരുമാനത്തിന് പിന്നിലെന്ന് അറിഞ്ഞൂടാ.
ഇരട്ട ഇന്ധന എന്‍ജിനുമായിട്ടായിരിക്കും എല്‍പിജി ഇയോണും ഐ10ഉം വിപണിയിലെത്തുക എന്നും കേള്‍ക്കുന്നു. അതായത് എല്‍ പി ജിയും പെട്രോളും ഉപയോഗിക്കാവുന്ന വിധത്തില്‍. ഇതെല്ലാം സ്ഥിരീകരിക്കപ്പെടാത്ത കാര്യങ്ങളാണെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. എന്നുവെച്ച് തള്ളിക്കളയാനും കഴിയില്ല. വിപണിയിലെ സ്ഥിതിഗതികള്‍ അങ്ങനെയൊക്കെയാണ്.
ഇനി എല്‍പിജി പതിപ്പ് ഉറപ്പുള്ള കാര്യമാണെങ്കില്‍ അടുത്ത ദില്ലി എക്സ്പോയില്‍ ഈ മോഡലിനെ കാണാന്‍ കഴിയുമോ? ഇതിന്‍റെ ഉത്തരവും അറിഞ്ഞുകൂടാ എന്നാണ്. ഒന്നുമങ്ങനെ വിട്ടുപറയുന്ന സ്വഭാവം ഹ്യൂണ്ടായിക്കില്ല. വരുംപോലെയൊക്കെ കണ്ടുകൊള്ളുക!
പെട്രോളും ഡീസലും കഴിഞ്ഞാല്‍ വിപണിയില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഇന്ധനം എല്‍ പി ജിയാണെന്നതും ഇന്ധനക്ഷമതയുടെ പുറകെ വിപണി കണ്ണും കാതുമില്ലാതെ കുതിക്കുന്നുണ്ടെന്നതും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നു. പെട്രോളിനേക്കാള്‍ 30-40 ശതമാനത്തോളം വിലക്കുറവുണ്ട് എല്‍പിജിക്ക്.


Click it and Unblock the Notifications








