എണ്ണക്കമ്പനികളുടെ പുതുവര്‍ഷ സമ്മാനം

എണ്ണവിലയുടെ അന്തര്‍ദ്ദേശീയ വ്യതിയാനങ്ങള്‍ക്ക് ആനുപാതികമായി വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ് വിലനിര്‍ണം ഓയില്‍ക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു പിന്നിലെ തത്വം. ഈ തത്വം ലോകത്തിലെ എല്ലാ തത്വങ്ങള്‍ക്കുമുള്ള ആ തനിസ്വഭാവം തന്നെ കാണിച്ചു. അത് ഒരിക്കലും പാലിക്കപ്പെടുകയുണ്ടായില്ല. പാലിക്കുന്നുണ്ട് എന്നു വരുത്താന്‍ ഇടയ്ക്കൊരു നാള്‍ അഞ്ചോ പത്തോ പൈസ കുറച്ചു. പുട്ട് വെന്തുകിട്ടാന്‍ ഇത്തിരി തേങ്ങാപ്പീര ഇടാതെ പറ്റില്ലല്ലോ?
ഈ പുതുവര്‍ഷത്തിന് എണ്ണക്കമ്പനികള്‍ വെറുതെയിരിക്കും എന്നാണ് ധരിച്ചതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഏത് ആഘോഷത്തിനും അവര്‍ നമ്മോടൊപ്പമുണ്ടാകും. നിങ്ങള്‍ ആഹ്ലാദിക്കുമ്പോള്‍ അവര്‍ അര്‍മാദിക്കുന്നു. നിങ്ങള്‍ ചിരിക്കുമ്പോള്‍ അവര്‍ കൊലച്ചിരി ചിരിക്കുന്നു. ഇത്തവണ പുതുവര്‍ഷ സമ്മാനമായി എണ്ണക്കമ്പനികള്‍ നല്‍കാന്‍ വെച്ചിരിക്കുന്നത് ഒരു രൂപയുടെ വിലവര്‍ധനയാണെന്നാണ് വാര്‍ത്ത. ഈ മാസം അവസാനത്തില്‍ തന്നെ ഇതു സംബന്ധിച്ച തീരുമാനം വരുമെന്നാണ് അറിയുന്നത്.
രൂപ ഡോളറിനോടേറ്റ് അമ്പേ പരാജയപ്പെടുന്നതാണ് പുതിയ വിലക്കയറ്റത്തിന്‍റെ കാരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ചില രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും ചെറിയ തോതിലെങ്കിലും വില കയറ്റാതിരിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല. ഇത് ഓട്ടോ മേഖലയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
രൂപയുടെ വിലയിടിവ് മൂലം കാറുകള്‍ക്ക് വില കൂട്ടേണ്ട അവസ്ഥയിലാണ് കമ്പനികള്‍ ഇപ്പോള്‍. ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുവാനുള്ള തീരുമാനം മിക്കവാറും എല്ലാ കമ്പനികളും എടുത്തിട്ടുണ്ട്. ഇതിനിടയില്‍ പെട്രോളിന് വില വീണ്ടു കൂടുന്നത് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയേയുള്ളൂ.


Click it and Unblock the Notifications








