ഡിമാന്‍ഡ് വര്‍ധന: ഡീസല്‍ കാറുകള്‍ കിട്ടാനില്ല

കാര്യക്ഷമതയില്‍ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് 30 ശതമാനം മുമ്പിലാണ് ഡീസല്‍ കാറുകള്‍ എന്നതും പുതിയ പരിഗണനകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരിക്കിലും ഇന്ധനവിലയില്‍ 40 ശതമാനത്തോളം കുറവ് വരുന്നതുതന്നെയാണ് ഉപഭോക്താക്കളുടെ മനം മാറ്റത്തിന് പ്രധാന കാരണം.
പ്രതീക്ഷിച്ചതിലധികം ഡിമാന്റാണ് തങ്ങളുടെ ഡീസല്‍ വേരയന്റുകള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായതെന്ന് മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഡീസല്‍ മോഡലുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്.
ഇത് ഒരു ദീര്‍ഘകാല പ്രവണതയാണോ എന്നത് മനസ്സിലാക്കാന്‍ ശ്രമിച്ചുവരികയാണെന്നും മാരുതി അറിയിച്ചു. നിലവിലെ പ്രവണത തുടരുന്നതാണെങ്കില്‍ ഡീസല്‍ വേരിയന്റുകളുടെ ഉല്‍പ്പാദനം കൂട്ടുന്ന കാര്യം പരിഗണിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡീസല്‍ കാറായ മാരുതി സുസുക്കി സ്വിഫ്റ്റിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സമയം 5 മാസമായി വര്‍ധിച്ചിട്ടുണ്ട്.
2010 ജൂണ്‍ മുതല്‍ ഇന്ത്യയില്‍ പെട്രോള്‍ വില 35 ശതമാനം കണ്ട് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം പെട്രോളും ഡീസലും തമ്മില്‍ വിലയിലുണ്ടായിരുന്ന വ്യത്യാസം 10 രൂപയായിരുന്നെങ്കില്‍ ഇന്നത് 26 രൂപയാണ്.
മധ്യവര്‍ഗ്ഗക്കാരില്‍ നിന്നാണ് ഡീസല്‍ വേരിയന്റുകള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡീസല്‍ വേരിയന്റുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതിനൊപ്പം മറ്റ് ചില ആവശ്യങ്ങള്‍ കൂടി ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് വരുന്നുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ ഡെപ്യൂട്ടി എം ഡി സന്ദീപ് സിംങ് പറയുന്നു. നിലവില്‍ ഡിസല്‍ വേരിയിന്റില്ലാത്ത ഇട്യോസ് സെഡാന്‍ പോലുള്ള മോഡലുകളുടെ ഡീസല്‍ മോഡലുകള്‍ ഇറക്കണമെന്നതാണ് ആവശ്യം.
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഓട്ടോ മേഖലയില്‍ കുറഞ്ഞ വളര്‍ച്ച മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 16 ശതമാനത്തിലധികം വളര്‍ച്ച ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 30 ശതമാനമായിരുന്നു.


Click it and Unblock the Notifications








