ഫോര്‍ഡ് ഗുജറാത്തിലേക്ക്

ഫോര്‍ഡ് പ്ലാന്റിനായി സനന്ദ് പ്രദേശത്ത് 400 ഏക്കര്‍ ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ കണ്ടുവെച്ചിട്ടുണ്ട്. ഇതിനടുത്തു തന്നെയാണ് ടാറ്റയുടെ നാനോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ഡിന്റെ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റിനായി മറ്റൊരു 100 ഏക്കര്‍ കൂടി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഫോര്‍ഡിന്റെ ഗുജറാത്ത് പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകണം ഫോര്‍ഡിന്റെയോ ഗുജറാത്ത് സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
ഫോര്‍ഡ് ഇന്ത്യയ്ക്ക് നിലവില്‍ നിര്‍മ്മാണ പ്ലാന്റുള്ളത് ചെന്നൈക്കടുത്ത് മറൈമലര്‍ നഗറിലാണ്. 1,700 കോടിയുടെ നിക്ഷേപമുള്ള ഈ പ്ലാന്റില്‍ നിന്ന് വര്‍ഷത്തില്‍ 2 ലക്ഷം യൂണിറ്റുകള്‍ ഇറക്കാനാവും.
ഈ ദശകത്തിന്റെ പകുതിയെത്തുമ്പോഴേക്കും എട്ട് പുതിയ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാനാണ് ഫോര്‍ഡ് ആലോചിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തുവാനും പദ്ധതിയുണ്ട്. തമിഴ്‌നാട്ടില്‍ നിലവിലുള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഗുജറാത്തിനെ ഒരു 'ഓട്ടോ ഹബ്' ആക്കി മാറ്റുകയെന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ വിജയമായാണ് ഫോര്‍ഡ് പ്രവേശത്തെ പലരും കാണുന്നത്. മാരുതി സുസുക്കി ഗുജറാത്തില്‍ കടന്നു ചെന്നത് ഈയടുത്താണ്.


Click it and Unblock the Notifications








