വഴികാണിക്കാന്‍ ഗൂഗിള്‍ ട്രാന്‍സിറ്റ്

പൊതുഗതാഗതത്തിന്റെ ഗതിവിഗതികള്‍ സംബന്ധിച്ച അപേഡേറ്റുകള്‍ സമയാസമയങ്ങളില്‍ നല്‍കുക എന്നതാണ് ഇതിനായി ഗൂഗിള്‍ കണ്ടെത്തിയ വഴി. ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് ഈ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയും. ഏതിലൂടെ എന്നതു കൂടി പറഞ്ഞാലേ കഥയ്ക്ക് പൂര്‍ണത ലഭിക്കൂ. ഗൂഗിളിന്റെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്ലാറ്റ്‌ഫോമിലുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ എളുപ്പമാക്കാവുന്നതേയുള്ളൂ.
റൂട്ട് മാപ്പുകള്‍, വണ്ടി എടുക്കുന്ന സമയം, എത്തിച്ചേരുന്ന സമയം തുടങ്ങി പൊതുഗതാഗതം സംബന്ധിക്കുന്ന സാധ്യമായ വിവരങ്ങളെല്ലാം തത്സമയം നല്‍കുവാനാണ് ഗൂഗിളിന്റെ പദ്ധതി. വണ്ടി വൈകിയാലും നേരത്തെ പോയാലും അത് നിങ്ങള്‍ക്ക് ഓണ്‍ലൈനായി അറിയാന്‍ കഴിയും. ഒരു ട്രാന്‍സിറ്റ് സ്‌റ്റേഷനില്‍ ക്ലിക്കു ചെയ്താല്‍ അവിടുത്തെ സ്ഥിതിഗതികള്‍ മൊത്തം നമ്മുടെ വിരലറ്റത്ത് വന്നു കിടക്കും!
ഗതാഗത ഏജന്‍സികളുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ പരിപാടി ഗൂഗിള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. നാല് അമേരിക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളും രണ്ട് യൂറോപ്യന്‍ നഗരങ്ങളും മാത്രമാണ് തുടക്കത്തില്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തുക.
പൊതുഗതാഗതം നമ്മുടെ നാട്ടിലും സജീവമാണെങ്കിലും ഗൂഗിളിന്റെ ഈ തൊഴിലാളി വിരുദ്ധ ഏര്‍പ്പാട് ഉടനൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ട. മണിച്ചരട് പൊട്ടിയാല്‍ സര്‍വ്വീസ് റദ്ദാക്കുന്ന കാലത്തു നിന്ന് അല്‍പ്പം മുന്നോട്ടു പോയിട്ടുണ്ടെങ്കിലും പൊതുഗതാഗതത്തിന്റെ 'പൊതു'വായ ചില ചിട്ടവട്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.


Click it and Unblock the Notifications








