നാനോയ്ക്കു വേണ്ടി ടാറ്റ നയം മാറ്റിപ്പിടിക്കുന്നു

നാനോയെ പുറത്തിറക്കുമ്പോള്‍ പരസ്യ പ്രചാരണങ്ങളിലെ "വിലകുറഞ്ഞ കാര്‍" എന്ന ഊന്നല്‍ പില്‍ക്കാലത്ത് നാനോയ്ക്ക് തിരിച്ചടിയാണ് നല്‍കിയത്. പുറത്തിറങ്ങിയതിന്‍റെ ആദ്യമാസങ്ങളില്‍ ടാറ്റ നാനോയ്ക്ക് ലഭിച്ച വില്‍പന പിന്നീടൊരിക്കലും ലഭിക്കുകയുണ്ടായില്ല. നിലവില്‍ നാനോയുടെ സെഗ്മെന്‍റിലേക്ക് കയറിനില്‍ക്കാന്‍ ഒരു കാര്‍ നിര്‍മാതാവും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. നാനോയുടെ എതിരാളി എന്ന പേരില്‍ തന്നെ "വിലകുറഞ്ഞ കാര്‍" എന്ന ധ്വനി ഒളിച്ചിരിക്കുന്നു. ഇത് തങ്ങളുടെ നിലവിലുള്ള ബ്രാന്‍ഡ് സല്‍പേരിന് പരുക്കേല്‍പ്പിക്കുമോ എന്ന് കാര്‍ നിര്‍മാതാവ് സംശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
മാരുതി ആള്‍ട്ടോയ്ക്ക് ടാറ്റ നാനോ പരുക്കേല്‍പിക്കുമെന്ന് പറഞ്ഞു നടന്ന ഓട്ടോ ബുദ്ധിജീവികളുണ്ടായിരുന്നു. ഇത്തരം ഇരുത്തം വരാത്ത നിരീക്ഷണങ്ങളും നാനോയെ സഹായിച്ചില്ല. ആള്‍ട്ടോ ആള്‍ട്ടോയുടെ വഴിക്കും നാനോ നാനോയുടെ വഴിക്കും നീങ്ങുന്നതാണ് പിന്നീട് നാം കണ്ടത്.
നടപ്പ് വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നാനോ മികച്ച പ്രകടനത്തിലൂടെയാണ് തുടങ്ങിയിട്ടുള്ളത്. 2012 മോഡല്‍ നാനോയില്‍ വിശ്വാസമര്‍പ്പിച്ചുള്ളതാണ് ഈ വില്‍പനയെന്നത് ടാറ്റയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
കാര്‍ എന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ കൂടിയായ ഇന്ത്യയില്‍ പാവപ്പെട്ടവന്‍റെ കാര്‍ എന്ന ഇമോജ് ഒരു ഘട്ടത്തിലും സഹായകമാകില്ല. ഈ സംഗതി തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കണം 2011 ദില്ലി എക്സ്പോയില്‍ ഒരു മികച്ച അള്‍ട്രാ കാര്‍ മോഡല്‍ അവതരിപ്പിച്ച ബജാജ് 2012 എക്സ്പോയില്‍ അതിനെ നാല് ചക്രമുള്ള ഓട്ടോറിക്ഷയാക്കി മാറ്റിക്കളഞ്ഞത്!


Click it and Unblock the Notifications








