കാറും മൊബൈലും സംസാരിക്കുന്ന കാലം

പറഞ്ഞുവന്നത് ഫോര്‍ഡിന്‍റെ പുതിയ നീക്കത്തെക്കുറിച്ചാണ്. സൂക്ഷ്മ സാങ്കേതികതകളുടെ കാര്യത്തില്‍ ഫോര്‍ഡൊരു ഫോര്‍ഡ് മോനാണ്. മൊബൈല്‍ ഫോണും കാറും തമ്മില്‍ സംവാദം നടക്കുന്ന വിധത്തില്‍ ഒരു പുതിയ ആപ്ലിക്കേഷന്‍ സൃഷ്ടിച്ചെടുത്തിരിക്കുകയാണിപ്പോള്‍ ഫോര്‍ഡ്. ഉടമയുടെ നിയന്ത്രണത്തില്‍ കാറും ഫോണും സംസാരിക്കുന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ഈ ആപിന്‍റെ പ്രത്യേകത, കാറും ഫോണും തമ്മില്‍ സംസാരിക്കുന്ന വസ്തുത ഉടമ അറിയുക പോലുമില്ല എന്നതാണ്. വാട് ആന്‍ ഐഡിയ സര്‍ജീ...
സംവാദം എന്നു പറയുമ്പോള്‍ എന്താണുദ്ദേശിക്കുന്നത് എന്നത് ന്യായമായ സന്ദേഹമാണ്. ആഗോളീകരണം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് കാര്‍ എന്തെങ്കിലും പറഞ്ഞാല്‍ ട്രിക്കിള്‍ ഡൗണ്‍ സാമ്പത്തിക വ്യവസ്ഥയുടെ ഗുണഗണങ്ങളെക്കുറിച്ച് മൊബൈല്‍ ഫോണ്‍ വിശദീകരണം നല്‍കുന്നതല്ല ഇവിടുത്തെ സംവാദം. ഉദാഹരണത്തിന് നിങ്ങള്‍ കാറില്‍ അര്‍ജന്‍റായി ഒരു മീറ്റിംഗിന് പോകുകയാണെന്നിരിക്കട്ടെ. കാറിന്‍റെ വേഗതയും മറ്റ് സ്ഥിതിഗതികളും മൊബൈല്‍ ഫോണ്‍ മനസ്സിലാക്കിയെടുക്കുന്നു. കാറുമായുള്ള സജീവ സംവാദത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. സമയത്തിന് മീറ്റിംഗ് സ്ഥലത്ത് എത്താന്‍ കഴിയില്ല എന്ന് മൊബൈലിന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഉടനെ താങ്കളുടെ ബോസ്സിനെ അല്ലെങ്കില്‍ കാത്തുനില്‍ക്കുന്നവരെ മെസ്സേജ് ചെയ്ത് അറിയിക്കും. കാത്തുനില്‍ക്കുന്നവര്‍ക്ക് താങ്കളെ വിളിക്കേണ്ട തെറികള്‍ മുന്‍കൂട്ടി സജ്ജീകരിക്കാന്‍ ഇത് അവസരം നല്‍കുന്നു.
മറ്റൊരു ഉദാഹരണം കൂടി പറയാം. താങ്കള്‍ യാത്രയിലാണെന്ന് കരുതുക. ഭര്‍തൃവിരഹപീഢയാല്‍ മനം നൊന്തുകഴിയുന്ന ഭാര്യക്ക് താങ്കളുടെ മൊബൈലില്‍ നിന്ന് നിരന്തരം മെസ്സേജുകള്‍ പോയിക്കൊണ്ടിരിക്കും. താങ്കളറിയാതെ! ഭര്‍ത്താവ് ഉത്തര ലോഞ്ചിറ്റ്യൂഡില്‍ ഇത്ര ഡിഗ്രി ചെരിഞ്ഞും ദക്ഷിണ ലോഞ്ചിറ്റ്യൂഡില്‍ ഇത്ര ഡിഗ്രി വളഞ്ഞും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള കൃത്യമായ വിവരങ്ങള്‍ മാപ്പ് വരച്ച് ഭാര്യക്ക് കാട്ടിക്കൊടുക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഇതില്‍ ഉണ്ടാവില്ല. ദൈവത്തിന് സ്തുതി!


Click it and Unblock the Notifications








