ഓട്ടോ എക്സ്പോ സംഘാടനം: കമ്പനികള്‍ക്ക് അതൃപ്തി

പതിനൊന്നാമത് ദില്ലി ഓട്ടോ എക്സ്പോ ദില്ലിയിലെ പ്രഗതി മൈതാനത്തില്‍ നടന്നുവരികയാണ്. സംഘാടനത്തിലെ പിഴവ് എക്സ്പോയില്‍ പങ്കെടുക്കുന്ന കാര്‍ നിര്‍മാതാക്കളുടെ വിമര്‍ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്. ആളുകള്‍ ഒരു വ്യവസ്ഥയുമില്ലാതെ തടിച്ചുകൂടുന്ന വിധത്തിലാണ് ഓട്ടോ എക്സ്പോയിലെ പവലിയനുകള്‍ ഒരുക്കിയത്. വാഹനങ്ങളുടെ ലോഞ്ചുകളോ അവതരണങ്ങളോ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊണ്ടുവന്ന കിറ്റുകള്‍ക്കായി കാണികള്‍ ബഹളം വെക്കാന്‍ തുടങ്ങി. ലോകത്ത് പലഭാഗത്തും ഓട്ടോഷോകളില്‍ പങ്കെടുത്തിട്ടുള്ള വിദേശകാര്‍ നിര്‍മാതാക്കള്‍ക്ക് ഇത് ആദ്യത്തെ അനുഭവമായിരുന്നു.
മറ്റൊരു പ്രശ്നം വൃത്തിയില്ലായ്മയുടേതാണ്. കൃത്യമായ ആസൂത്രണമില്ലായ്മ മൂലം പരിസരം വൃത്തിയാക്കുന്ന പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമായിരുന്നില്ല. ചപ്പുചവറുകള്‍ അതാതിടങ്ങളില്‍ കൂനകൂടിക്കിടന്നു.
വാഹനാവതരണങ്ങളുടെയും ലോഞ്ചുകളുടെയും ഷെഡ്യൂളുകള്‍ മാധ്യമപ്രവര്‍ത്തകരെയും വലച്ചു. വെറും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വിവിധ പരിപാടികള്‍ ഹാളിന്‍റെ വിവിധയിടങ്ങളിലായി നടത്തിയത്. ഇക്കാരണത്താല്‍ നിരവധി പ്രധാനപ്പെട്ട പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധിച്ചില്ല. ഡ്രൈവ്സ്പാര്‍ക് ഡോട് കോം ദില്ലിയിലയച്ച പ്രതിനിധികള്‍ക്കും ഇത്തരത്തില്‍ ഒന്നുരണ്ട് പത്രസമ്മേളനങ്ങള്‍ നഷ്ടമായി.
മാധ്യമപ്രവര്‍ത്തകര്‍ക്കായി മാറ്റിവെച്ച ദിവസങ്ങളായ 5, 6 തീയതികളിലാണ് കമ്പനികളുടെ പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള ദിവസവും നിശ്ചയിച്ചത്. ഓരോ കമ്പനികള്‍ക്കും 50,000ത്തിലധികം ഫ്രീപാസുകളാണ് അനുവദിച്ചിരുന്നത്. ക്ഷണിക്കപ്പെട്ട വന്നതുകൊണ്ട് തങ്ങള്‍ക്കും മീഡിയാ കിറ്റുകള്‍ കിട്ടണമെന്ന് ചിലര്‍ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങി. ഇതൊടെ മാധ്യമങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പരിപാടി കവര്‍ ചെയ്യാനുള്ള സൗകര്യം ആള്‍ത്തിരക്കിനിടയില്‍ ഇല്ലാതായി.
ഓട്ടോ എക്സ്പോ വേദിയില്‍ ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചും വാഹനക്കമ്പനികള്‍ പരാതിപ്പെടുന്നു. പ്രഗതി മൈതാനില്‍ നിന്ന് നോയ്ഡയിലേക്കോ മറ്റൊ എക്സ്പോ മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








