ഇരട്ട ഇന്ധനസംവിധാനം ഒഴിവാക്കാന്‍ ആവശ്യം
രാജ്യത്ത് രണ്ട് ഇന്ധന സംവിദാനം നിലനില്‍ക്കുന്നത് പ്രയാസങ്ങളുണ്ടാക്കുന്നുവെന്ന് ഓട്ടോകമ്പനികള്‍. വിഷയത്തില്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ഓട്ടോമൊബൈല്‍ കമ്പനികളുടെ പ്രതിനിധികള്‍ ഈയിടെ റോഡ് ഗതാഗതമന്ത്രി സിപി ജോഷിയെ കണ്ടിരുന്നു. മാരുതി സുസുക്കി, അശോക് ലെയ്‍ലന്‍ഡ്, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ കരിമ്പുകച്ചട്ടം വ്യാപിപ്പിക്കുന്ന രീതിയിലെ അപാകതകള്‍ മന്ത്രിയെ ബോധിപ്പിച്ചു.
നിലവില്‍ രാജ്യത്ത് രണ്ട് കരിമ്പുകച്ചട്ടങ്ങളാണ് സമാന്തരമായി നടപ്പാക്കിവരുന്നത്. കരിമ്പുകച്ചട്ടം 3 ആണ് രാജ്യവ്യാപകമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഈയിടെ നാലാം കരിമ്പുകച്ചട്ടം രാജ്യത്തെ 13 നഗരങ്ങളില്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവിടങ്ങളില്‍ ഇതിനനുയോജ്യമായ ഇന്ധനമാണ് വില്‍ക്കുന്നത്. ഇതോടൊപ്പം ഇവിടങ്ങളിലേക്ക് പ്രത്യേകമായ സവിശേഷതകളോടെ വാഹനം വിപണിയിലെത്തിക്കേണ്ട ഉത്തരവാദിത്തം കമ്പനികള്‍ക്ക് വന്നുചേര്‍ന്നു.

രാജ്യത്തെ രണ്ട് ഇന്ധനസംവിധാനത്തിലേക്ക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് അസംബ്ലി ലൈനുകള്‍ തങ്ങളുടെ പ്ലാന്‍റുകളില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഗതികേടിലാണ് ഓട്ടോകമ്പനികള്‍. യൂറോ കരിമ്പുകച്ചട്ടം ആറ് വരെയുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ ഇപ്പോള്‍ സജ്ജമാണ്. നാലാം കരിമ്പുകച്ചട്ടം എല്ലായിടത്തും വ്യാപകമാക്കിയാല്‍ ഒറ്റ അസംബ്ലി ലൈനില്‍ തന്നെ വാഹനങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കും. ഇത് ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കും. കൂടാതെ കാത്തിരിപ്പ് സമയവും കാര്യമായി കുറയും.
അതേസമയം നാലാം കരിമ്പുകച്ചട്ടം പെട്ടെന്ന് നടപ്പിലാക്കാന്‍ സാമ്പത്തിക പരാധീനതകളാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതിലേക്ക് 50,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കണം. ഇതി തല്‍ക്കാലം സാധിക്കില്ല എന്ന നിലപാടാണ് എണ്ണ മന്ത്രാലയം എടുത്തിരിക്കുന്നത്.
വാണിജ്യവാഹന വിഭാഗമാണ് രാജ്യത്തെ ഇരട്ട ഇന്ധന സംവിധാനം മൂലം ബുദ്ധിമുട്ടുന്നത്. നാലാം കരിമ്പുകച്ചട്ടം പാലിക്കുന്ന പതിപ്പുകള്‍ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും വാഹനം വാങ്ങാന്‍ ആളെ കിട്ടുന്നില്ല. നഗരങ്ങള്‍ക്ക് പുറത്ത് രജിസ്ട്രേഷന്‍ നടത്തുകയാണ് വാഹനഉടമകള്‍ ചെയ്യുന്നത്.


Click it and Unblock the Notifications








