ആഡംബര കാറുകള്‍ക്ക് ടെസ്റ്റില്‍ പരാജയം

യുഎസ്സിലെ ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി അധികൃതര്‍ നടത്തിയ ഫ്രോണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ (കാറിന്‍റെ മുന്‍വശം ഒരു നിശ്ചിത വേഗതയില്‍ ഇടിപ്പിച്ച് സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നു) ജര്‍മന്‍ കമ്പനികളായ ഓഡി, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ലിയു എന്നീ കമ്പനികളുടെ മോഡലുകള്‍ മോശമായ പ്രകടനമാണ് കാഴിചവെച്ചത്.
ബിഎംഡബ്ലിയു 3 സീരീസ്, മെഴ്സിഡസ് ബെന്‍സ് സി ക്ലാസ്, ഓഡി എ4 എന്നീ കാറുകള്‍ക്ക് മോശം റേറ്റിംഗാണ് ടെസ്റ്റില്‍ ലഭിച്ചത്.
പ്രീമിയം കാറുകളെ സ്വതന്ത്രമായി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത്. ഇത്തവണത്തെ ടെസ്റ്റില്‍ അക്യൂറ ടിഎല്‍, ലക്സസ് ഐഎസ്, നിസ്സാന്‍ ഇന്‍ഫിനിറ്റി ജി, വോള്‍വോ എസ്60, ഫോര്‍ഡ് ലിങ്കണ്‍ എംകെസെഡ് എന്നീ വാഹനങ്ങളും ഉള്‍പ്പെട്ടിരുന്നു.
പല കാറുകളും മുന്‍നിരയില്‍ വേണ്ടത്ര സുരക്ഷ പ്രദാനം ചെയ്യാത്തതാണെന്ന് ടെസ്റ്റില്‍ കണ്ടെത്തി. വോള്‍വോ എസ്60 മാത്രമാണ് മികച്ച റേറ്റിംഗ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സന്നാഹങ്ങളുള്ള മോഡലുകളാണ് വോള്‍വോയുടേത്.
മിക്ക കാറുകളുടെയും പ്രധാന പ്രശ്നം, കാര്‍ ഇടിച്ച് തകരുമ്പോള്‍ മുന്‍നിരയിലിരിക്കുന്നയാളുടെ കാലുകള്‍ ബ്രേക് പെഡലിനടിയില്‍ കുരുങ്ങുന്നതാണ്. കാറിന്‍റെ ഘടനാപരമായ വിശ്വാസ്യത, പരുക്കുകള്‍ വരാനുള്ള കുറഞ്ഞ സാധ്യത തുടങ്ങിയവയാണ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.


Click it and Unblock the Notifications








