ഹോണ്ട ജാസ്സ് (ഫിറ്റ്) സീരീസ് 2013ല്‍
വരുതലമുറ ജാസ്സ് (ഫിറ്റ്) സീരീസ് ഇന്ത്യയിലെത്തിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചു. 2013ലാണ് വാഹനം എത്തിച്ചേരുക. എന്നാല്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ ഡീസല്‍ പതിപ്പ് ജാസ്സിന്‍റെ പുതിയ അവതാരത്തിനുണ്ടാകില്ല എന്നത് ഉറപ്പായിട്ടുണ്ട്. പെട്രോള്‍ വേരിയന്‍റുകള്‍ മാത്രമായിരിക്കും വാഹനത്തിനുണ്ടാവുക.
നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പോലെ ഡീസല്‍ എന്‍ജിനുമായി ആദ്യം വിപണിയിലെത്തുന്ന വാഹനം ഹോണ്ട ബ്രിയോ സെഡാന്‍ ആയിരിക്കും. 2014ലാണ് ബ്രിയോ ഹാച്ച്ബാക്ക് പ്ലാറ്റഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനം എത്തിച്ചേരുക.

ജാസ്സ് പ്ലാറ്റ്ഫോമില്‍ ഒരു ചെറു എസ്‍യുവി നിര്‍മിക്കാനുള്ള പദ്ധതിയും ഹോണ്ടയ്ക്കുണ്ട്. നിലവില്‍ ആള്‍ത്തിരക്ക് കുറഞ്ഞ ഇടമാണ് കോപാക്ട് എസ്‍യുവി സെഗ്മെന്‍റ്. ഇവിടെ റിനോ ഡസ്റ്റര്‍, മഹീന്ദ്ര ക്വണ്‍ടോ, പ്രീമിയര്‍ റിയോ എന്നീ വാഹനങ്ങള്‍ മാത്രമാണുള്ളത്. വിപണി ഇവയോട് മികച്ച പ്രതികരണം കാണിക്കുന്നു.
പെട്രോളിന് അടിക്കടി വില കൂടിയതോടെ ഹോണ്ടയുടെ മിണ്ടാട്ടം അവസാനിപ്പിച്ച മട്ടാണ്. സെഡാന്‍ സെഗ്മെന്‍റിലെ ബോസ്സായിരുന്ന സിറ്റിയുടെ വില്‍പന പോലും ഇടിയുന്നതാണ് കാണുന്നത്. ഇതിനെല്ലാമുള്ള പരിഹാരം ഹോണ്ടയുടെ ഗവേഷണശാലകളില്‍ വളര്‍ച്ചയുടെ പാതയിലാണ്.
ഹോണ്ട ബ്രിയോ ഹാച്ച്ബാക്ക് നടത്തുന്ന മികച്ച പ്രകടനമാണ് ഹോണ്ടയെ മുമ്പോട്ട് നയിക്കുന്നതെന്നു പറയാം. ഈ സുന്ദരിക്ക് ഒരു ഓട്ടോമാറ്റിക് പതിപ്പ് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പിന്നാമ്പുറത്ത് ഹോണ്ട നടത്തിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








