പ്രശ്നം തീര്‍ക്കാന്‍ മാരുതിയില്‍ 'പ്രശ്നം വെപ്പ്'
മാരുതി മനെസര്‍ പ്ലാന്‍റിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാരാഞ്ഞ് മാരുതി സുസുക്കി ജ്യോതിഷിയെ സമീപിച്ചു. ആറാംഭാവത്തില്‍ രാഹു കേതു എന്നീ 'ഗ്രഹങ്ങള്‍' വിഘ്നം, മരണം, വ്യാധി തുടങ്ങിയ മാരണങ്ങളുമായി നിലകൊള്ളുകയും ചതുഷ്പാദരാശിയുടെ ഉത്തരാര്‍ദ്ധത്തില്‍ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവരെല്ലാം ചേര്‍ന്ന് ഏതോ ഗുഢാലോചന നടത്തുകയും ചെയ്യുന്നതിന്‍റെ ഫലമായി എച്ച്ആര്‍ മാനേജര്‍മാര്‍ക്ക് നില്‍ക്കള്ളി നഷ്ടപ്പെടുന്നതിന്‍റെ തിക്തഫലങ്ങളാണ് മാരുതി മനെസര്‍ പ്ലാന്‍റില്‍ സംഭവിച്ചതെന്നാണ് കമ്പനി മനസ്സിലാക്കുന്നത്.
ബങ്കളുരുവിലെ പ്രശസ്തനായ ഒരു ജ്യോതിഷിയെയാണ് മാരുതി സമീപിച്ചത്. മനെസര്‍ പ്ലാന്‍റില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ശക്തമായ തൊഴില്‍ സമരങ്ങള്‍ ജ്യോതിഷപരമായ പ്രശ്നങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാക്കിയ മാരുതി, പരിഹാരത്തിനായി ഒരു ജ്യോതിഷിയെ തിരഞ്ഞുനടക്കുകയായിരുന്നു. ബങ്കളുരുവിലെ രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും 'പ്രശ്ന'ങ്ങള്‍ തീര്‍ത്ത് പ്രശസ്തനായ ഒരു ജ്യോതിഷിയെയാണ് മാരുതി കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദൈവജ്ഞ കെ എന്‍ സോമയാജി എന്ന ജ്യോതിഷി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ('ദൈവജ്ഞ' എന്ന പദത്തിനര്‍ത്ഥം ദൈവവുമായി നേരിട്ട് ഇടപാടുള്ളയാള്‍ എന്നാകുന്നു). പ്രശ്നങ്ങള്‍ മറ്റ് യൂണിറ്റുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള 'പരിപാടി'കള്‍ നടത്തിത്തരണം എന്നാണ് ദൈവജ്ഞനോട് മാരുതി ആവശ്യപ്പെട്ടതെന്ന് ഇക്കണോമിക് ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. കമ്പനി ഒഫീഷ്യലുകളുമായി ഇതുസംബന്ധിച്ച ചില കൂടിക്കാഴ്ചകള്‍ ഇതിനകം തന്നെ നടന്നുകഴിഞ്ഞതായി ദൈവജ്ഞ കെ എന്‍ സോമയാജി അറിയിച്ചു.
മാരുതി മനെസര്‍ പ്ലാന്‍റ് നിലനില്‍ക്കുന്നയിടം പണ്ടൊരു ശ്മശാനഭൂമിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മൂന്ന് ക്ഷേത്രങ്ങളും അവിടെയുണ്ടായിരുന്നു. മരിച്ചവരുടെ പ്രേതങ്ങളും ക്ഷേത്രങ്ങള്‍ പൊളിച്ചതോടെ കുടിയിറക്കപ്പെട്ട ദൈവങ്ങളും കൂടി നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് മനെസര്‍ പ്ലാന്‍റില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അല്ലാതെ തൊഴിലാളികള്‍ക്ക് ശമ്പളം കുറഞ്ഞതോ, തൊഴില്‍ സാഹചര്യങ്ങള്‍ മോശപ്പെട്ടതായതോ ഒന്നുമല്ല.
ഒരു വന്‍പൂജ നടത്തി ഭൂമിയിലെ 'എതിര്‍ശക്തി'കളെ ഇല്ലായ്മ ചെയ്താല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ദൈവജ്ഞ കെ എന്‍ സോമയാജി അറിയിച്ചു. പൂജയ്ക്ക് ശേഷം മൂന്നാഴ്ചയെങ്കിലുമെടുക്കും 'എതിര്‍ശക്തികള്‍' ഇല്ലാതാവാന്‍ എന്നും അദ്ദേഹം പറഞ്ഞു.
മാരുതി മനെസര്‍ പ്ലാന്‍റില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തൊഴില്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പെട്ട് കമ്പനി എച്ച്ആര്‍ മാനേജര്‍ കൊല്ലപ്പെട്ടിരുന്നു. 1983ല്‍ മാരുതി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഇന്നുവരെയുണ്ടായ തൊഴില്‍സമരങ്ങളില്‍ ഏറ്റവും കടുത്തതാണ് ഇക്കാലയളവില്‍ നടക്കുന്നത്.


Click it and Unblock the Notifications








