ഡസ്റ്റര്‍ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു
ഡസ്റ്റര്‍ കോംപാക്ട് എസ്‍യുവി ഇന്ത്യന്‍ വിപണിയില്‍ കത്തിപ്പിടിച്ചുകഴിഞ്ഞു. റിനോയുടെ വില്‍പന ശതമാനം അസാധ്യമായി ഉയര്‍ത്തുന്നതില്‍ ഡസ്റ്റര്‍ ഇപ്പോള്‍ പ്രമുഖ പങ്ക് വഹിക്കുന്നു. കോംപാക്ട് സെഗ്മെന്‍റില്‍ ഇത്രയും മികവുറ്റ വാഹനം ഇപ്പോഴില്ലെന്നുതന്നെ വേണം പറയാം. മഹീന്ദ്ര ക്വണ്‍ടോയും പ്രീമിയര്‍ റിയോയുമാണ് നിലിവില്‍ സെഗ്മെന്‍റിലുള്ള വാഹനങ്ങള്‍. ഇതില്‍ ഡസ്റ്ററിനോളം എസ്‍യുവി മുഖച്ഛായ മറ്റാര്‍ക്കുമില്ല. ക്വണ്‍ടോ കാഴ്ചയില്‍ 'മിനി സൈലോ' തന്നെയാണ്.
ഇന്ത്യയില്‍ വാഹനത്തിന്‍റെ മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ബ്രസീലില്‍ ഡസ്റ്ററിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പ് ഇറങ്ങിയതിനെ കുറിച്ചാണ്. ഇന്ത്യയുടേതിന് സമാനമായ വിപണിയായ ബ്രസീലില്‍ ഡസ്റ്റര്‍ ഓട്ടോമാറ്റിക് എത്തിയത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതെസമയം, ഇന്ത്യയില്‍ ഡസ്റ്റര്‍ ഓട്ടോമാറ്റിക് ഇറക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് റിനോ പറയുന്നത്. നിലവില്‍ മാന്വല്‍ പതിപ്പിന് ധാരാളം ആവശ്യക്കാരുള്ളപ്പോള്‍ ഓട്ടോമാറ്റിക് പതിപ്പ് ഒരു അത്യാവശ്യ ഘടകമായി റിനോയ്ക്ക് തോന്നുന്നില്ല എന്നാണ് അവരുടെ പ്രതികരണത്തിന്‍റെ പോക്കില്‍ നിന്ന് വെളിപ്പെടുന്നത്. എന്നാല്‍ വെറുതെ കുറെ ഓട്ടമാറ്റിക് പതിപ്പിനെ കാത്തിരിക്കുന്ന ആളുകളെ സൃഷ്ടിച്ചെടുക്കേണ്ടതില്ല എന്നതുമാവാം ഇതിനു പിന്നിലെ നയതന്ത്രം.
മറ്റൊരു പ്രശ്നമുള്ളത് റിനോയുടെ ഉല്‍പാദന സംവിധാനങ്ങളുടെ പോരായ്മയാണ്. നിലവിലെ പ്ലാന്‍റില്‍ നിന്ന് മാന്വല്‍ പതിപ്പുകള്‍ ആവശ്യത്തിന് പുറത്തിറക്കാന്‍ റിനോ പ്രയാസപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വാഹനത്തിനായി അല്‍പം കാത്തിരിക്കേണ്ടതായും വരുന്നുണ്ട്. ഇക്കാരണത്താലാണ് ഓട്ടോമാറ്റിക് പതിപ്പിന്‍റെ കാര്യത്തില്‍ റിനോ ഇപ്പോള്‍ താല്‍പര്യമെടുക്കാത്തത്.


Click it and Unblock the Notifications








