റിനോ മോഡസ് പിന്നെയും ചുറ്റിക്കറങ്ങുന്നു!
ഇന്ത്യയിലേക്ക് ഇതാവരുന്നു എന്ന മട്ടില്‍ ഓട്ടോ ഉലകം ഒന്നടങ്കം കാത്തിരിക്കുകയും സങ്കല്‍പകഥകള്‍ പടച്ചുവിടുകയും ചെയ്തത് വളരെ കുറച്ച് കാലം മുമ്പാണ്. എന്നാല്‍ മോഡസിന് പകരം റിനോ കൊണ്ടു വന്നത് നിസ്സാന്‍ മൈക്രയുടെ ക്ലോണ്‍രൂപമായ പള്‍സ് ഹാച്ച്ബാക്കാണ്. പറഞ്ഞുപരത്തിയ കഥകളില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഓട്ടോപത്രക്കാര്‍ റിനോയെ ഒന്നടങ്കം നിന്ന് പഴിപറഞ്ഞു. ഇത്തവണ അങ്ങനെ അലമ്പാകാന്‍ വയ്യ. അതുകൊണ്ട് നമുക്ക് സാധ്യതകള്‍ പരിഗണിക്കാം.
ഇന്ത്യയില്‍ വിദേശവാഹനങ്ങള്‍ ടെസ്റ്റ് നടത്തുന്നതിന്‍റെ കാരണം രണ്ടാകാം. ഒന്ന് ഇന്ത്യയില്‍ വാഹനം ലോഞ്ച് ചെയ്യുന്നതി വേണ്ടിയുള്ള ടെസ്റ്റ്. രണ്ടാമത്, വിവിധ കാലാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കാന്‍ വേണ്ടി നടത്തുന്ന ടെസ്റ്റ്. തണുപ്പുരാജ്യങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ദില്ലിയിലോ തമിഴ്നാട്ടിലോ കൊണ്ടുവന്ന് ചൂടിനോട് വാഹനം പ്രതികരിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നത് സാധാരണമാണ്. ഹിമാലയത്തിലും കല്ലുമുള്ളുകള്‍ നിറഞ്ഞ കാടുകളിലും വാഹനങ്ങള്‍ കയറിയിറങ്ങിപ്പോകാറുണ്ട്. എന്നാല്‍ മോഡസിന്‍റെ വരവ് ഇതിനുള്ളതാണോ? ഇവിടെയാണ് കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നത്.
റിനോയില്‍ നിന്ന് ഇനി വരാനുള്ള വാഹനം സ്കാല സെഡാനാണ്. ഇത് സണ്ണിയുടെ റീബാഡ്‍ജ്‍ഡ് പതിപ്പായിരിക്കുമെന്ന്, തെറി കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാവാം, റിനോ നേരത്തെ തന്നെ ഓട്ടോ ഉലകത്തെ അറിയിച്ചിട്ടുണ്ട്. എന്തായാലും ഈ വാഹനത്തിനു ശേഷം മോഡസ് വിപണിയിലെത്തിച്ചേരുമോ?
ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ടെസ്റ്റ് നടത്തുന്ന കാര്‍ കാര്യമായി ഒന്നും മറച്ചിട്ടില്ല എന്നതാണ്. ഇത് സാധാരണ വിപണിയിലിറങ്ങാന്‍ പോകുന്ന കാറുകള്‍ ചെയ്യുന്ന കാര്യമല്ല. എന്തായാലും റിനോയില്‍ നിന്ന് എന്തെങ്കിലും അറിയിപ്പുണ്ടാകുന്നതുവരെ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.


Click it and Unblock the Notifications









