സിയാം പുതിയ 'തിരിച്ചുവിളി' നയം പ്രഖ്യാപിച്ചു

ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ രംഗത്ത് നിര്‍ണായകമായ മാറ്റമുണ്ടാക്കുന്ന ഒരു പ്രഖ്യാപനം ഓട്ടോമൊബൈല്‍ വ്യവസായ ബോഡിയായ സിയാം(SIAM - Society of Indian Automobile Manufacturers) നടത്തിയിരിക്കുന്നു. വാഹനങ്ങള്‍ക്ക് തകരാറുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും തിരിച്ചുവിളി നടത്താത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിര്‍ദ്ദേശം വെച്ചിരിക്കുകയാണ് സിയാം.
സിയാമിലെ എല്ലാ അംഗങ്ങളുടെയും സമവായത്തോടെയാണ് നിര്‍ദ്ദേശം മുമ്പോട്ട് വെച്ചിരിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്‍റ് എസ് സാദിലിയ അറിയിച്ചു. ടീ വീലറുകള്‍ മുതല്‍ വാണിജ്യവാഹനങ്ങള്‍ വരെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഒരു കമ്പനി വിപണിയിലെത്തിക്കുന്ന ഏതെങ്കിലും മോഡലിന് പൊതുവായ തകരാറുണ്ടെന്ന് പരാതി ഉയര്‍ന്നാല്‍ വാഹനങ്ങള്‍ സ്വയം തിരിച്ചുവിളിക്കാനും തകരാര്‍ സൗജന്യമായി ശരിയാക്കി നല്‍കാനും കമ്പനി ബാധ്യസ്ഥമായിരിക്കും.
വാഹനം വിപണിയിലെത്തി ഏഴ് വര്‍ഷത്തിന്‍റെ കാലാവധിക്കുള്ളില്‍ സംഭവിക്കുന്ന പൊതു തകരാറുകളെയാണ് ഈ നിര്‍ദ്ദേശം ബാധിക്കുക. തിരിച്ചുവിളിക്കുന്ന വിവരം അതാത് കമ്പനികള്‍ സ്വന്തം വെബ്‍സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.
തിരിച്ചുവിളി നടപ്പാക്കാന്‍ മിനിമം എത്ര വാഹനങ്ങള്‍ക്ക് തകരാറുണ്ടായിരിക്കണം എന്നത് നിശ്ചയിക്കാന്‍ സിയാം അതിന്‍റെ അംഗങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനം പുറത്തുവന്നിട്ടില്ല. സ്വയമേവയുള്ള തിരിച്ചുവിളി നിര്‍ബന്ധമാക്കുക എന്നതാണ് സിയാം നിര്‍ദ്ദേശിക്കുന്ന നയം. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ബന്ധിത തിരിച്ചുവിളി ആവശ്യമാണെങ്കില്‍ അതിനോട് വിയോജിപ്പൊന്നുമില്ലെന്നും സാദിലിയ പറഞ്ഞു.
അമേരിക്കയില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ടുള്ള നിര്‍ബന്ധിത തിരിച്ചുവിളി നടപ്പാക്കിയിട്ടുള്ളത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കമ്പനികള്‍ സ്വയം തിരിച്ചുവിളി നടത്തുകയാണ് ചെയ്യുക.


Click it and Unblock the Notifications








