ഡസ്റ്ററിന് സ്കോഡ എതിരാളി വരുന്നു!
രാജ്യത്ത് നിര്‍ണായകമായി വളരുന്ന വാഹനവിഭാഗം ഏതാണ്. സമീപകാലത്തെ സംഭവവികാസങ്ങള്‍ സൂക്ഷമമായി ശ്രദ്ധിച്ചിട്ടുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ ഈ ചോദ്യത്തിനുത്തരം കണ്ടെത്താം. കോംപാക്ട് എസ്‍യുവി സെഗ്മെന്‍റിലേക്കാണ് വാഹനക്കമ്പനികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
എസ്‍യുവികളോട് വലിയ പ്രിയം കാണിക്കുന്ന വിപണിയാണ് ഇന്ത്യ. ഇടുങ്ങിയ പാതകളും കൊടും ട്രാഫിക്കുമെല്ലാം പ്രത്യേകതകളായ ഇന്ത്യന്‍ റോഡുകളില്‍ വലിയ എസ്‍യുവികള്‍ കൈകാര്യം ചെയ്യുക വിഷമമാണ്. ഇതാണ് ചെറു എസ്‍യുവി വിപണി പെട്ടെന്ന് തളിര്‍ക്കാന്‍ കാരണമായത്. കൂടാതെ താഴ്ന്ന ഇടത്തരക്കാരന്‍റെ എസ്‍യുവി സ്വപ്നങ്ങളെ കോംപാക്ട് എസ്‍യുവികള്‍ കാര്യക്ഷമമായിത്തന്നെ അഭിസംബോധന ചെയ്യുന്നുമുണ്ട്.

നിലവില്‍ വിപണിയിലുള്ള റിനോ ഡസ്റ്റര്‍, പ്രീമിയര്‍ റിയോ, മഹീന്ദ്ര ക്വണ്‍ടോ എന്നിവയ്ക്കു പുറമെ വരാനിരിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇവയില്‍ ഫോര്‍ഡില്‍ നിന്നുള്ള, ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച ഇക്കോസ്പോര്‍ട് ആണ് ഏറെ വാര്‍ത്തകളില്‍ നിറയുന്നത്. ഈ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിച്ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്കോഡ പോളാര്‍ എസ്‍യുവിയാണത്.
റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം വെച്ചുനോക്കുമ്പോള്‍ സ്കോഡ യേതി ക്രോസ്സോവറിന് താഴെയായാണ് പോളാര്‍ ഇടം പിടിക്കുക. വില 12 ലക്ഷത്തിന്‍റെ പരിധിയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കോസ്പോര്‍ട്ടും ഡസ്റ്ററുമടങ്ങുന്ന വിഭാഗത്തോട് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു മത്സരത്തിന് പോളാര്‍ ഏതായാലും ഉണ്ടാകില്ല എന്നാണ് വിലനിലവാരത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാല്‍ ഇവയുടെയെല്ലാം ടോപ് എന്‍ഡ് മോഡലിനോട് പോളാര്‍ ഒരു കൈ നോക്കും.
4.1 മീറ്റര്‍ നീളമാണ് പോളാര്‍ എസ്‍യുവിക്കുള്ളത്. ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്, ഓഡി എ3 എന്നീ വാഹനങ്ങളുടെ അതേ എംക്യുബി പ്ലാറ്റ്ഫോമിലായിരിക്കും പോളാറിന്‍റെ നിലപാട്.


Click it and Unblock the Notifications








