മെഴ്സിഡിസ് ഇ ക്ലാസ് ബുദ്ധില്‍ അവതരിപ്പിച്ചു
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ച് 2014 മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ് സെഡാന്‍ അവതരണം നടന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. വിലയും മറ്റ് വിശദാംശങ്ങളും പുറത്തു വിടാതെ നടത്തിയ ഈ പരിപാടി ഇ ക്ലാസിന്‍റെ ഉപഭോക്താക്കളുമായുള്ള സംവാദം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണെന്നാണ് മനസ്സിലാക്കുന്നത്.
ബുദ്ധ് സര്‍ക്യൂട്ടില്‍ നടന്ന പരിപാടിയുടെ പേരായ "മെഴ്സിഡിസ് കോര്‍പറേറ്റ് സ്റ്റാര്‍ എക്സ്പീരിയന്‍സ്" നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. വാഹനത്തിന്‍റെ ലോഞ്ച് അടുത്ത ദിവസങ്ങളില്‍ (ഒരുപക്ഷെ, നാളെത്തന്നെ) നടക്കുമെന്ന് കരുതാം.
വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെഴ്സിഡിസ് മോഡലുകളിലൊന്നാണ് ഇ ക്ലാസ്.

മെഴ്സിഡിസ് ഇ-ക്ലാസ് സെഡാന്‍ ഗൗരവപ്പെട്ട ചില സൗന്ദര്യപരമായ മാറ്റങ്ങളോടെയാണ് വരുന്നത്. എന്‍ജിനടക്കമുള്ള സാങ്കേതികതകളില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. എന്‍ജിന്‍ ചെറിയ തോതില്‍ ട്യൂണ്‍ ചെയ്യപ്പെടാനുള്ള സാധ്യത ചിലര്‍ കാണുന്നുണ്ട്.

ഹെഡ്‍ലാമ്പുകള്‍, ഗ്രില്‍, എയര്‍ ഇന്‍ടേക്ക്, ഫോഗ് ലാമ്പ് ഏരിയ, ബംപര്‍ തുടങ്ങിയവയിലെല്ലാം വന്‍ തോതിലുള്ള മാറ്റമാണ് വന്നിട്ടുള്ളത്. മുന്‍ പതിപ്പില്‍ രണ്ട് ഭാഗങ്ങളായിരുന്ന ഹെഡ്‍ലാമ്പ് സമാനമായ ശില്‍പ ശൈലി നിലനിര്‍ത്തിക്കൊണ്ട് ഒന്നായിരിക്കുന്നു. ഉള്ളിലെ എല്‍ഇഡി ലൈറ്റുകളുടെ ഡിസൈന്‍ ഈ പൂര്‍ഭംഗിയെ അനുസ്മരിപ്പിക്കുന്നുണ്ട്.

ഫോഗ് ലാമ്പിന്‍റെ ഭാഗത്ത് ഒരു സില്‍വര്‍ ലൈന്‍ കാണാനുള്ളത് എല്‍ഇഡി ആയിരിക്കുമെന്നാണ് പ്രതീക്ഷ. എ ക്ലാസ് ശൈലിയില്‍ വെറും എയര്‍ ഇന്‍ടേക്കായി അവ നില്‍ക്കാനും സാധ്യതയുണ്ട്.

ബംപറിന്‍റെ ശില്‍പശൈലി ആകര്‍ഷകമാണ്. മുന്‍പതിപ്പിനെ അപേക്ഷിച്ച് ഒരല്‍പം ക്രൗര്യം തോന്നിപ്പിക്കാന്‍ പുതിയ ശൈലി സഹായിക്കും.

ടെയ്ല്‍ ലാമ്പുകളുടെ ഡിസൈനിലും മാറ്റം വന്നിരിക്കുന്നു. എക്സോസ്റ്റിന്‍റെ ശില്‍പവും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഇന്‍റീരിയറില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ്ബോര്‍ഡ്, സ്റ്റീയറിംഗ് വീല്‍, കണ്‍ട്രോള്‍ നോബുകള്‍ തുടങ്ങിയവയെല്ലാം വീണ്ടും പണിഞ്ഞിരിക്കുന്നു.

രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് വാഹനത്തിനുള്ളത്. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ 184 കുതിരകളുടെ കരുത്ത് പകരുന്നതാണ്. 2.1 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാകട്ടെ 201 കുതിരകളുടെ കരുത്തും പകരുന്നു.


Click it and Unblock the Notifications








