2014 മോഡല്‍ കൊറോള അവതരിച്ചു
2014 മോഡല്‍ കൊറോള അവതരിപ്പിച്ചു. യുഎസ്സില്‍, കാലിഫോര്‍മിയയില്‍ നടന്ന ചടങ്ങിലാണ് വാഹനത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട ഫ്യൂരിയ കണ്‍സെപ്റ്റിനെ ആധാരമാക്കിയുള്ള പുതിയ വാഹനത്തെ ലോകമെമ്പാടുമുള്ള കൊറോള ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ടൊയോട്ടയുടെ ഡിസൈനുകളിലെ പരമ്പരാഗതത്വത്തോട് ചെറിയ തോതിലെങ്കിലും കലഹിച്ച് നില്‍ക്കുന്നതാണ് പുതിയ കൊറോളയുടെ ഡിസൈനെന്ന് പറയേണ്ടിയിരിക്കുന്നു. മുന്‍വശത്ത് വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കൊറോളയെ യുവാക്കളുടെ വാഹമാക്കി മാറ്റുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

പുതിയ കൊറോളയുടെ ശരീരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിട്ടുള്ള മസിലുകള്‍ ആകര്‍ഷണം വര്‍ധിപ്പിക്കുന്ന ഘടകമാണ്. വശങ്ങളില്‍ വീല്‍ ആര്‍ച്ചുകളിലും മുന്‍വശത്ത് ബോണറ്റിലും ഫോഗ് ലാമ്പിന്‍റെ വശങ്ങളിലും ബംപറില്‍ പൊതുവിലും കരുത്ത് പ്രതിഫലിപ്പിക്കുന്ന വിധം ശരീരം മസിലനാക്കിയിരിക്കുന്നു.

ഫോഗ് ലാമ്പിന്‍റെയും എയര്‍ ഇന്‍ടേക്കിന്‍റെയും ഡിസൈന്‍ വാഹനത്തെ കൂടുതല്‍ സ്പോര്‍ടിയാക്കുന്നു. ഗ്രില്ലിനോട് ചേര്‍ന്നു നില്‍ക്കുന്ന കണ്ണുകള്‍ സൃഷ്ടിക്കുന്ന ഭാവഗാംഭീര്യം ശ്രദ്ധേയമാണ്.

സാധാരണ സംഭവിക്കാറുള്ളതുപോലെ, കണ്‍സെപ്റ്റിന്‍ നിന്ന് വലിയ തോതിലുള്ള വ്യതിയാനം ഉല്‍പാദനമോഡല്‍ കാണിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കണ്‍സെപ്റ്റിന്‍റെ സ്വീകാര്യമായ എല്ലാ വശങ്ങളും ഉല്‍പാദന മോഡലിലേക്ക് കൊണ്ടു വന്നിരിക്കുന്നു ടൊയോട്ട.

1.8 ലിറ്റര്‍ എന്‍ജിനാണ് കൊറോളയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഒരെണ്ണം 132 കുതിരകളുടെ കരുത്ത് പകരുമ്പോള്‍ മറ്റേത് 140 കുതിരശക്തിയുള്ളതാണ്. ഇന്ത്യയിലെത്തുന്ന കൊറോളയിലും ഈ എന്‍ജിനുകള്‍ തന്നെയായിരിക്കും ഉണ്ടാവുക.

അമേരിക്കയില്‍ ലഭിക്കുന്ന കൊറോളയില്‍ എല്‍ഇഡി ഹെഡ്‍ലാമ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളും വാഹനത്തിനുണ്ട്.

നിലവില്‍ വിപണിയിലുള്ള കൊറോളയുടെ മുഖത്തിനുണ്ടായിരുന്ന ചെറിയ സ്ത്രൈണത പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട് 2014 മോഡലില്‍. ഇതിനായി മനപ്പൂര്‍വം നടത്തിയ ശ്രമം ഹെഡ്‍ലാമ്പുകളുടെ ഡിസൈനുകള്‍ താരതമ്യം ചെയ്താല്‍ മനസ്സിലാകും.

പിന്‍ ഡിസൈനില്‍ ഒരു എസ്‍യുവിയുടെ കരുത്ത് പ്രകടിപ്പിക്കാന്‍ കൊറോളയ്ക്ക് സാധിക്കുന്നുണ്ട്. ബൂട്ട് ലിഡിലേക്ക് കയറി നില്‍ക്കുന്ന റിയര്‍ലാമ്പ് രൂപകല്‍പനയെ മനോഹരമെന്നേ വിശേഷിപ്പിക്കാവൂ.

മൊത്തം വീല്‍ബേസില്‍ 100 എംഎം വര്‍ധന വന്നിട്ടുണ്ട്. വാഹനത്തിന്‍റെ ഇരിപ്പില്‍ ഒരിത്തിരി അഗ്രസീവ് ഫീല്‍ കൊണ്ടുവരാന്‍ ഈ മാറ്റം വഴി സാധിച്ചിട്ടുണ്ട്. മൊത്തം നീളം ഇപ്പോള്‍ 4639 എംഎം ആണ്.

ഇന്‍റീരിയര്‍ കുറെക്കൂടി പ്രീമിയം നിലവാരം തോന്നിക്കുന്നുണ്ട്. ഇതെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നൊന്നും ആരും ചോദിക്കില്ലല്ലോ?



Click it and Unblock the Notifications








