ബുഗാട്ടി വെയ്‌റോണ്‍ ഇനി അമ്പതെണ്ണം മാത്രം!
പറഞ്ഞുണ്ടാക്കേണ്ട സാധനങ്ങളില്‍ പെടുന്നവയാണ് ബുഗാട്ടി വെയ്‌റോണും ലാഫെരാരിയും ലംബോര്‍ഗിനി വെനിനോയും പോലുള്ള കാറുകള്‍. എണ്ണം ആദ്യമേ പറഞ്ഞ് പുറത്തിറക്കുന്ന ഈ വാഹനങ്ങള്‍ മിക്കതും ഓട്ടോമൊബൈല്‍ ചരിത്രത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ചുമാത്രമേ കടന്നുപോകാറുള്ളൂ. ഇങ്ങനെ ചരിത്രമാകാന്‍ പോകുന്ന വാഹനങ്ങളിലൊന്നാണ് ബുഗാട്ടി വെയ്‌റോണ്‍. 400 പതിപ്പുകള്‍ വിറ്റഴിഞ്ഞ ഈ വാഹനം ഇനി 50 എണ്ണം കൂടിയേ ബാക്കിയുള്ളൂ.
2005ല്‍ തുടങ്ങിയതാണ് ബുഗാട്ടി വെയ്‌റോണിന്റെ യാത്ര. വെയ്‌റോണിന്റെ ഒരു ഗ്രാന്‍ഡ് സ്‌പോര്‍ട് വിറ്റസ്സെ മോഡല്‍ ഈയിടെ വിറ്റഴിച്ചതോടെ ഇനി 50 എണ്ണം കൂടിയേ അവശേഷിക്കുന്നുള്ളൂ. ആവശ്യാനുസരണം മാത്രമേ ഈ മോഡലുകള്‍ നിര്‍മിക്കുകയുള്ളൂ. നാനൂറാം മോഡല്‍ ആയി അറിയപ്പെടുന്ന ഗ്രാന്‍ഡ് സ്‌പോര്‍ട് വിറ്റെസ്സെ പ്രത്യേക പതിപ്പാണ്. ഇത്തരം മൂന്ന് മോഡലുകള്‍ മാത്രമേ ലോകത്തുള്ളൂ.

നാനൂറാം ബുഗാട്ടി അറേബ്യയിലേക്ക്
നാനൂറാമത്തെ പതിപ്പ് വാങ്ങിയത് മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരാളാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. മൊത്തം 450 പതിപ്പുകളാണ് ബുഗാട്ടി വെയ്‌റോണ്‍ എന്ന എക്കാലത്തെയും മഹത്തരമായ സ്‌പോര്‍ട്‌സ് കാറിനുള്ളത്. ഇനി അമ്പതെണ്ണത്തിന്റെ കൂടി ദൂരമേ ഈ വാഹനത്തിന്റെ ഉല്‍പാദനം അവസാനിക്കാന്‍ വേണ്ടൂ.

വെയോറോണുകള്‍
ബുഗാട്ടി വെയ്‌റോണിന് നാല് വേരിയന്റുകളുണ്ട്. വെയ്‌റോണ്‍ 1001 പിഎസ് കരുത്തുള്ള വെയ്‌റോണ്‍ 16.4, വെയ്‌റോണ്‍ ഗ്രാന്‍ഡ് സ്‌പോര്‍ട് എന്ന റോഡ്‌സ്റ്റര്‍ പതിപ്പ് എന്നിവ യഥാക്രമം 2005ലും 2008ലുമാണ് പുറത്തുവന്നത്.

വെയ്‌റോണുകള്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ ഉല്‍പാദനത്തിലുള്ള കാര്‍ എന്ന ഖ്യാതിയുള്ള വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് ആണ് മറ്റൊരു താരം. 2010ലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ടോപ്‌ലെസ് കാറായ വെയ്‌റോണ്‍ 16.4 ഗ്രാന്‍ഡ് സ്‌പോര്‍ട്‌സ് വിറ്റസ്സെയുടെ ഉല്‍പാദനം 2012ല്‍ തുടങ്ങി.

450 മോഡലുകളില്‍ 300 എണ്ണം കൂപെ പതിപ്പുകളായിരുന്നു. അവയെല്ലാം ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. 150 റോഡ്‌സ്റ്റര്‍ മോഡലുകള്‍ നിര്‍മിക്കാനുദ്ദേശിച്ചവയില്‍ 100 എണ്ണം ഇതിനകം തന്നെ നിരത്തുകളിലെത്തി.

നഷ്ടക്കച്ചോടം
സാങ്കേതികമായി ലോകോത്തരം എന്ന വാക്ക് ഇത്രയും ഉറപ്പിച്ചുപയോഗിക്കാവുന്ന കാറുകള്‍ ലോകത്ത് കുറവാണ്. 8.0 ലിറ്റര്‍ എന്‍ജിനാണ് വെയ്‌റോണിനുള്ളത്. ബുഗാട്ടിയെ സംബന്ധിച്ച് ഈ കാറിന്റെ നിര്‍മാണം ഒരു നഷ്ടക്കച്ചോടമാണ്. ഓരോ വെയ്‌റോണും ബുഗാട്ടി പുറത്തിറക്കുന്നത് നഷ്ടത്തിലാണ്. ലോകത്തിനു മുമ്പില്‍ തങ്ങളുടെ എന്‍ജിനീയറിംഗ് മികവ് ഉറക്കെ പ്രഖ്യാപിക്കുക എന്നതാണ് ബുഗാട്ടിയുടെയും പാരന്റ് കമ്പനിയായ ഫോക്‌സ്‌വാഗണിന്റെയും ലക്ഷ്യം. നിരത്തുകളില്‍ ചരിത്രം സൃഷ്ടിച്ച് വെയ്‌റോണുകള്‍ ചീറിപ്പായുന്നത് ലോകം മുഴുവന്‍ വീക്ഷിക്കുമ്പോള്‍ സാമ്പത്തികമായ നഷ്ടങ്ങളെല്ലാം നികത്തപ്പെടുകയാണ്.


Click it and Unblock the Notifications








