ഡാറ്റ്‌സന്‍ ഗോ ഔദ്യോഗിക ചിത്രങ്ങളും വിവരങ്ങളും
'ഒരു ചരിത്രമുഹൂര്‍ത്തം' എന്നാണ് നിസ്സാന്‍ മോട്ടോഴ്‌സ് സിഇഒ കാര്‍ലസ് ഗൂസന്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പുനര്‍ജനിയെ വിശേഷിപ്പിച്ചത്. 1914ല്‍ ജന്മം കൊണ്ട ഡാറ്റ് മോട്ടോഴ്‌സാണ് 30കളില്‍ ഡാറ്റ്‌സനായി മാറിയത്. ഡാറ്റ് മോട്ടോഴ്‌സ് ആദ്യമായി വിപണിയിലെത്തിച്ച വാഹനത്തിന്റെ പേര് ഡാറ്റ്-ഗോ എന്നായിരുന്നു!
ജപ്പാന്‍ കാര്‍ കമ്പനികളുടെ അമേരിക്കന്‍-യൂറോപ്യന്‍ അധിനിവേശം തുടങ്ങുന്നത് ഡാറ്റ്-ഗോയിലൂടെയാണ് എന്നു പറയാം. ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പുനര്‍ജനനത്തിനൊപ്പം വിപണിയിലേക്ക് കടന്നുവരുന്ന വാഹനത്തിന് 'ഡാറ്റ്‌സന്‍ ഗോ' എന്ന് പേര് തെരഞ്ഞെടുക്കപ്പെട്ടത് ഒരിക്കലും യാദൃശ്ചികതയല്ല. പുതുതായി വളര്‍ന്നു തുടങ്ങിയ സാമ്പത്തിക ശക്തികളിലെ ജാപ്പാനിക അധിനിവേശം കൃത്യതയുള്ളതാക്കുക എന്നതാണ് ഡാറ്റ്‌സന്‍ എന്ന ബ്രാന്‍ഡിന്റെ ലക്ഷ്യം.

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ അപദാനങ്ങള്‍ പാടിത്തുടങ്ങിയിട്ടുണ്ട് വണ്ടിപ്പാണന്മാര്‍. നാല് ലക്ഷത്തിന്റെ ചുവട്ടിലായി ഗോ ഹാച്ച്ബാക്കിന് വില കാണുമെന്നാണ് നിസ്സാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഊഹാപോഹങ്ങള്‍ ശക്തിപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു പ്രസ്താവനയാണ്. എന്തായിരിക്കും ഡാറ്റ്‌സന്‍ ഗോയുടെ വിപണി നിലപാട് എന്നറിയാന്‍ അവതരിപ്പിക്കപ്പെട്ട വാഹനത്തിന്റെ ലഭ്യമായ സവിശേഷതകള്‍ പരിശോധിച്ചാലും മതിയാവില്ല എന്നതാണ് സ്ഥിതി. ഉയര്‍ന്ന സവിശേഷതകളുമായാണ് ഗോ എത്തിയിരിക്കുന്നത്.

1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് ഗോ ഹാച്ച്ബാക്കില്‍ ഘടിപ്പിക്കുക. നിലവില്‍ മൈക്രയില്‍ ഉപയോഗിക്കുന്ന എന്‍ജിനാണ് ഇതെങ്കിലും കാര്യമായ ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗോ ഹാച്ച്ബാക്കില്‍ ഉപയോഗിക്കുക എന്നതിനാല്‍ ഇതെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാനാകില്ല.

ആള്‍ട്ടോ കെ10, ഷെവര്‍ലെ സ്പാര്‍ക് എന്നിവയുടെ നേര്‍ക്കാണ് ഡാറ്റ്‌സന്‍ ഗോ വരുന്നത് എന്ന കാര്യം ഏതാണ്ടുറപ്പിക്കാം. എന്‍ജിന്‍ ശേഷിയില്‍ ഇവയ്‌ക്കെല്ലാം മുകളിലായി വരുന്ന ഡാറ്റ്‌സന്‍ ഗോ, സെഗ്മെന്റില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ തുടങ്ങുകയാണെങ്കില്‍ വന്‍ രാസമാറ്റം സൃഷ്ടിക്കപ്പെടും.

നാല് ലക്ഷത്തിന്റെ ചുവടെ വില കാണും എന്നാണ് നിസ്സാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഓണ്‍റോഡ് വിലയായി കണക്കാക്കിയാല്‍ 3.3 ലക്ഷത്തിന്റെ പരിധിയില്‍ എക്‌സ്‌ഷോറൂം വില വരും. ഇത് ആള്‍ട്ടോ കെ10 നില്‍ക്കുന്ന അതേ സ്ഥാനമാണ്. കെ10-നെക്കാള്‍ കുറഞ്ഞ വിലയില്‍ ഗോ വരാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല. ഷെവര്‍ലെ സ്പാര്‍ക്ക് മുതലായ വാഹനങ്ങള്‍ക്ക് ഇനിയും വില കൂടുതലാണ്.

ആദ്യത്തെ കാര്‍ വാങ്ങാനൊരുങ്ങുന്ന യുവാക്കളെയാണ് ഡാറ്റ്‌സന്‍ ഗോ ലക്ഷ്യം വെക്കുന്നതെന്നുറപ്പാണ്. ഡിസൈനിന്റെ സ്‌പോര്‍ടി സൗന്ദര്യം തന്നെ ഇക്കാര്യം വിളംബരപ്പെടുത്തുന്നുണ്ട്.

അളവ്തൂക്കങ്ങള്‍
നീളം - 3,785 എംഎം
വീതി - 1,635 എംഎം
ഉയരം - 1,485 എംഎം
വീല്‍ബേസ് - 2,450 എംഎം

എക്സ്റ്റീരിയറില്‍ ഇന്ത്യന്‍ ഉപഭോക്താവിനെ സന്തോഷിക്കാന്‍ പോന്നതെല്ലാമുണ്ട്. മികച്ച രീതിയില്‍ ശൈലീകരിക്കപ്പെട്ട വരകളും കുറികളുമെല്ലാം മതിയായ കാഴ്ചാസുഖം തരുന്നുണ്ട്.

ഉള്‍വശത്തിലും മികച്ച പണികള്‍ തന്നെയാണ് നടത്തിയിട്ടുള്ളതെന്ന് കാണാം. ഗ്ലോവ്‌ബോക്‌സിന്റെ അഭാവമുണ്ട് വാഹനത്തിന്. ഗ്ലോവ് ബോക്‌സിന്റെ സ്ഥാനത്ത് ഒരു സ്ലോട്ട് നല്‍കിയിരിക്കുന്നു. ഇതില്‍ സാധനങ്ങള്‍ വെക്കാം. അടയ്ക്കാനുള്ള ലിഡ് ഇല്ല. ഡാഷ്‌ബോഡിന് രണ്ട് നിറത്തിലുള്ള ഫിനിഷ് ആണ് നല്‍കിയിരിക്കുന്നത്.

മുന്‍ കാബിനില്‍ ഒരാളെക്കൂടി തിരുകിക്കയറ്റാനുള്ള പ്രവണത നല്‍കുന്ന ഡിസൈനാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ഗിയര്‍ലിവര്‍ ഡാഷ്‌ബോര്‍ഡിലേക്ക് കയറ്റിയിരിക്കുന്നു.

ഗിയര്‍ലിവറിന്റെ ഒരു വശത്തായി കാണുന്നതാണ് ഹാന്‍ഡ് ബ്രേക്ക്. ഇത് പണ്ട് നമ്മള്‍ പിന്നില്‍ തൂങ്ങി സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഹാന്‍ഡ് ബ്രേക്കിനെ ഓര്‍മിപ്പിക്കുന്നുണ്ടോ? വിദേശികള്‍ക്ക് ഇതില്‍ അതൃപ്തി തോന്നിയേക്കാം. അവര്‍ക്ക് 'കൃഷ്‌ണേട്ടനെപ്പോലുള്ളവരുടെ ഇന്ത്യ'യെ അറിയില്ല!

മറ്റൊരു സവിശേഷത, സ്മാര്‍ട്‌ഫോണ്‍ ഡോക്കിംഗ് സ്‌റ്റേഷനാണ്. ഇത് സെഗ്മെന്റില്‍ ആദ്യമാണെന്നു പറയാം.


Click it and Unblock the Notifications








