'ഡാറ്റ്‌സന്‍ ഗോ' ഹാച്ച്ബാക്ക് അവതരിച്ചു
'ഡാറ്റ്‌സന്‍ ഗോ' ഹാച്ച്ബാക്കിന്റെ ആഗോള അവതരണം അല്‍പസമയം മുമ്പ് നടന്നു. ഒരു നൂറ്റാണ്ട് മൂമ്പ് ജന്മം കൊള്ളുകയും 32 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലച്ചുപോകുകയും ചെയ്ത ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പുനര്‍ജനിക്കു ശേഷം ആദ്യം പുറത്തിറങ്ങുന്ന വാഹനമാണിത്. ഇന്ത്യന്‍ വിപണിക്കും ലോകത്തിലെ സമാനമായ സാമ്പത്തിക വ്യവസ്ഥകള്‍ക്കും അനുയോജ്യമായ ചെറുകാറുകള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിസ്സാന്‍ ഈ ബ്രാന്‍ഡിന് വീണ്ടും ജന്മം നല്‍കിയിരിക്കുന്നത്.
നിസ്സാന്‍ മൈക്രയുടെ പ്ലാറ്റ്‌ഫോമില്‍ ജന്മം കൊണ്ടിരിക്കുന്ന ഡാറ്റ്‌സന്‍ ഗോ തീര്‍ച്ചയായും എതിരാളികളെ ബേജാറാക്കുന്ന ഡിസൈന്‍ സവിശേഷതകളിലും വിലനിലവാരത്തിലുമാണ് വിപണിയിലെത്തിയിരിക്കുന്നത്. ഡാറ്റ്‌സന്‍ ഗോ ചെറു ഹാച്ച്ബാക്കിന്റെ വി പതിപ്പ് 4 ലക്ഷത്തിന് ചുവടെയായിരിക്കും വരിക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ വിലകള്‍ ലോഞ്ച് സമയത്ത് മാത്രമേ ലഭ്യമാകൂ.

അവതരണം
ഹരിയാനയിലെ ഗുഡ്ഗാവില്‍ വെച്ചാണ് വാഹനത്തിന്റെ അവതരണം നടന്നത്. നിസ്സാന്‍ ബ്രാന്‍ഡിന്റെ ആഗോള തലവന്‍ കാള്‍ ഗൂസന്‍ ചടങ്ങില്‍ പങ്കെടുത്തു.

നാല് ലക്ഷത്തിന്റെ ഉള്ളില്‍ വില വരും എന്നതില്‍ നിന്ന് ഊഹിക്കാവുന്ന ചിലതുണ്ട്. എക്‌സ്‌ഷോറൂം വില, നമ്മള്‍ നേരത്തെ ഊഹിച്ചിരുന്നതുപോലെ 3 ലക്ഷത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതാം. 3.5 ലക്ഷം ഓണ്‍റോഡ് വിലയില്‍ വാഹനം ലഭ്യമാകാനിടയുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന വാഹനത്തിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ചുമാത്രമേ കൃത്യമായ വില പ്രഖ്യാപനം നടക്കൂ.

മൈക്ര പ്ലാറ്റ്‌ഫോം
മൈക്രയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് വാഹനം വരുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്ര പ്ലാറ്റ്‌ഫോമിനെക്കാള്‍ നിര്‍ണായകമാം വിധം വീല്‍ബേസ് ഉയര്‍ത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ഉള്‍സൗകര്യം വലിയ തോതില്‍ കൂട്ടിയിട്ടുണ്ട് എന്നുതന്നെ മനസ്സിലാക്കണം. ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്.

ഡിസൈന്‍
സെഗ്മെന്റില്‍ തന്നെ മികച്ച ഡിസൈനായി മാറും ഗോ ഹാച്ച്ബാക്കിന്റേത് എന്നുറപ്പാണ്. മറ്റ് ചെറുഹാച്ച്ബാക്കുകളില്‍ നിന്ന് വ്യത്യസതമായി വലിയ കസ്റ്റമൈസേഷന്‍ സാധ്യതകളുള്ള ശരീര ശില്‍പമാണ് ഗോ ഹാച്ച്ബാക്കിനുള്ളത്. ഇത് യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിക്കും. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരല്‍പം മൈക്രാത്മകത തോന്നുന്നില്ലേ?

യുവാക്കളെ ലക്ഷ്യമാക്കുന്നു
യുവാക്കളെ ലക്ഷ്യം വെക്കുന്നുവെന്നതിന് ഇന്റീരിയര്‍ സാക്ഷ്യങ്ങളുമുണ്ട്. ബീജ് നിറത്തിന്റെ രണ്ട് ടോണുകളാണ് ഉള്ളില്‍ നല്‍കിയിട്ടുള്ളത്. സ്മാര്‍ട് ഫോണുകള്‍ക്ക് ഇരിപ്പിടം നല്‍കുന്ന മൊബൈല്‍ ഡോക്കിംങ് സ്‌റ്റേഷന്‍ വാഹനത്തിനകത്ത് നല്‍കിയിരിക്കുന്നത്. ഇത് സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിനും ഇല്ലാത്തതാണ്.

മുന്‍ കാബിന്‍ വിശേഷം
ഗിയര്‍ ലിവര്‍, ഹാന്‍ഡ് ബ്രേക് എന്നിവ ഡാഷ്‌ബോര്‍ഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുന്‍ കാബിനില്‍ വലിയ തോതിലുള്ള സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത ബഞ്ച് സീറ്റാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനുള്ളത്. രണ്ട് മുന്‍ സീറ്റുകളുടെ മധ്യത്തിലായി കുഷ്യനും ബാക്ക് റെസ്റ്റും നല്‍കിയിട്ടുണ്ട്.

എന്‍ജിന്‍
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗോ ഹാച്ച്ബാക്കിനുള്ളത്. ഇത് മൈക്രയില്‍ നിന്ന് കടം കൊണ്ടതാണെങ്കിലും ട്യൂണിംഗ് വ്യതിയാനം വന്നിട്ടുണ്ട്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.

വളരുന്ന വിപണികള്‍
വിവിധ വിപണികളില്‍ പ്രത്യേകമായി വികസിപ്പിച്ച മോഡലുകള്‍ പുറത്തിറക്കുക എന്നതാണ് ഡാറ്റ്‌സന്റെ ഉദ്ദേശ്യം. ഇന്തോനീഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും വാഹനം നീങ്ങും.

മത്സരം
ഇന്ത്യയില്‍ മാരുതി സുസൂക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങളോടാണ് ഡാറ്റ്‌സന്‍ ഗോ ഏറ്റുമുട്ടേണ്ടത്.

വിപണി സന്നാഹം
വിപണി മത്സരത്തില്‍ ഡാറ്റ്‌സനെ ഏറ്റവുമധികം വിഷമിപ്പിക്കുക സര്‍വീസ് സ്റ്റേഷനുകളുടെ കുറവായിരിക്കും. ആള്‍ട്ടോയുമായി കാര്യക്ഷമമായി ഏറ്റുമുട്ടുവാന്‍ ഈ കാറിന് തടസ്സമായി നില്‍ക്കുന്ന ഏക കാര്യവും അതുതന്നെ. ഹ്യൂണ്ടായ് ഇയോണിന്റെ വില്‍പനയില്‍ ഗോ ശരിക്കും ഒരു ഭീഷണിയായി മാറും. ഇന്ത്യയില്‍ മാസങ്ങള്‍ക്കകം 100ലധികം സര്‍വീസ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട് നിസ്സാന്. 2016നകം 10 കാറുകള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യം ഡാറ്റ്‌സനുള്ളതും കാണണം.


Click it and Unblock the Notifications








