ഇക്കോസ്പോര്‍ട് 5.59 ലക്ഷത്തിന് ലോഞ്ച് ചെയ്തു
ദില്ലിയില്‍ വെച്ചാണ് ഇക്കോസ്പോര്‍ട് ലോഞ്ച് നടന്നത്. രാജ്യത്തിന്‍റെ ഓട്ടോമൊബൈല്‍ ആരാധകര്‍ മൊത്തം വീക്ഷിക്കുന്ന ഒരു ലോഞ്ച് ചടങ്ങായി മാറി ഇക്കോസ്പോര്‍ടിന്‍റേത്. രണ്ടുതവണ 'എന്‍ജിന്‍ ഓഫ് ദി ഇയര്‍' സമ്മാനം വാങ്ങിയ, ലോകവിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചുവരുന്ന വാഹനമെന്ന നിലയില്‍ വലിയ ജനശ്രദ്ധയാണ് ഇക്കോസ്പോര്‍ട് എസ്‍യുവിക്ക് ലഭിച്ചത്.
5.59 ലക്ഷം രൂപയിലാണ് വാഹനത്തിന്‍റെ വില തുടങ്ങുന്നത്. 1 ലിറ്റര്‍ ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച വാഹനത്തിന് 7.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. (വിലവിവരം താഴെ ഗാലറിയില്‍ കാണാം).
ഇക്കോസ്പോര്‍ട് വിലകള്‍ താരതമ്യേന കുറവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും കരുതിയിരുന്നില്ല. അങ്ങേയറ്റം മത്സരക്ഷമമായ വിലനിലവാരത്തിലാണ് ഇക്കോസ്പോര്‍ട് വരുന്നത്. ബേസ് വെരിയന്‍റായ ആംബിയന്‍റെയുടേത് പെട്രോള്‍ എന്‍ജിനാണ്. 1.5ലിറ്റര്‍ ശേഷിയുള്ള ഇത് ഇക്കോബൂസ്റ്റ് എന്‍ജിനല്ല.

ഏറ്റവുമടുത്ത എതിരാളിയായ റിനോ ഡസ്റ്ററിന്‍റെ വിലതുടങ്ങുന്നത് കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 8,06,000 രൂപയിലാണ്. അവസാനിക്കുന്നത് 12,31,000 രൂപയിലും. ഈ വാഹനത്തെക്കാള്‍ എത്യും മത്സരക്ഷമമായ വിലയിലാണ് ഇക്കോസ്പോര്‍ട് വന്നിരിക്കുന്നത്. എന്നാല്‍, ഇതോടൊപ്പം ചേര്‍ത്തുകാണേണ്ട ഒരു വസ്തുത, റിനോ ഡസ്റ്റര്‍, ഇക്കോസ്പോര്‍ടിനെപ്പോലെ 4 മീറ്ററിനകത്ത് വരുന്ന വാഹനമല്ല എന്നതാണ്. നാല് മീറ്ററിനുള്ളില്‍ വരുന്നതിനാല്‍ ഇക്കോസ്പോര്‍ടിന് ലഭിക്കുന്ന ടാക്സിളവ് പെരുത്തതാണ്.

ടാക്സിളവിന് വേണ്ടി വാഹനത്തിന്‍റെ ഗാംഭീര്യമാര്‍ന്ന സൗന്ദര്യത്തെ വിട്ടുവീഴ്ച ചെയ്യാന്‍ ഡസ്റ്റര്‍ ശ്രമിച്ചിട്ടില്ല എന്നത് പ്രത്യേകം കാണണം. നാല് മീറ്ററിനകത്ത് നില്‍ക്കുമ്പോളും ഇക്കോസ്പോര്‍ടിന്‍റെ സ്റ്റൈലിന് യാതൊരു കുറവും കാണാന്‍ കഴിയില്ല എന്നതും പരിഗണിക്കണം.

5.59 ലക്ഷം എന്ന വില എസ്‍യുവി സെഗ്മെന്‍റില്‍ മാത്രമല്ല ചലനങ്ങളുണ്ടാക്കുക. പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ വിലയുമായുള്ള താദാത്മ്യം അവിടെയും കാര്യപ്പെട്ട മാറ്റങ്ങളുണ്ടാക്കും. പ്രീമിയം ഹാച്ച്ബാക്ക് ഉപഭോക്താക്കള്‍ ഇക്കോസ്പോര്‍ടിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

ഫോഡ് ഇക്കോബൂസ്റ്റ് വിലകള്‍
1.5 പെട്രോള്‍ - 5.59 ലക്ഷം
1.5 ഡീസല്‍ - 6.69ലക്ഷം
1.0 ഇക്കോബൂസ്റ്റ് പെട്രോള്‍ - 7.90 ലക്ഷം
1.5 പെട്രോള്‍ ഓട്ടോമാറ്റിക് - 8.45 ലക്ഷം



Click it and Unblock the Notifications








