ഫോഡ് 'ചൈല്‍ഡ് പാര്‍ട്സ്' പദ്ധതി വിപ്ലവകരം
ആക്സിഡന്‍ഡിലും മറ്റും പെട്ടുപോയവര്‍ സ്ഥിരമായി നേരിടുന്ന പ്രശ്നമാണിത്. വാഹനത്തിന്‍റെ ഒരു ഘടകഭാഗത്തിന്‍റെ ചെറിയ പാര്‍ട്ടിന് സംഭവിക്കുന്ന കേടുപാടിന് ആ ഘടകഭാഗം മൊത്തമായി മാറ്റേണ്ടിവരുന്നു. ഇത് ഉപഭോക്താവിന് വന്‍ തോതിലുള്ള ചെലവ് വരുത്തിവെക്കുന്ന ഘടകമാണെങ്കിലും വാഹനനിര്‍മാതാവിനെ സംബന്ധിച്ച് ലാഭമുള്ള പരിപാടിയാണ്. ഈ പ്രശ്നത്തെ ഉപഭോക്താവിന്‍റെ ഭാഗത്തു നിന്ന് നോക്കിക്കണ്ട് പരിഹരിക്കാനുള്ള ഫോഡിന്‍റെ ശ്രമത്തെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപഭോക്താവിന്‍റെ ചെലവ് കുറയ്ക്കുവാന്‍ 'ചൈല്‍ഡ് പാര്‍ട്സ്' ഉപയോഗിക്കാനുള്ള നയപരമായ തീരുമാനം ഫോഡ് ഇന്ത്യ എടുത്തുകഴിഞ്ഞു.
ഘടകഭാഗത്തിന്‍റെ കേടുവന്ന പാര്‍ട്സ് മാത്രം മാറ്റുക എന്നതാണ് പുതിയ നയം.

മുമ്പ് ഡോറിന് വരുന്ന ചെറിയ കേടുപാടുകള്‍ക്ക് കമ്പനിയുടെ മറുപടി മൊത്തം ഡോര്‍ മാറ്റുക എന്നതായിരുന്നു. എന്നാല്‍, മാറ്റിവെക്കാവുന്ന ഡോര്‍ സ്കിന്‍ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രശ്നം വളരെ ലളിതമായി പരിഹരിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന ഏര്‍പ്പാടാവാന്‍ ഒട്ടും സാധ്യതയില്ല എന്നതും കാണേണ്ടതുണ്ട്. നേരത്തെ, ഡോര്‍ സ്കിന്നിന് പറ്റുന്ന ചെറിയ കേടുപാടുകള്‍ അവഗണിച്ചിരുന്നവര്‍ പുതിയ സാധ്യതയില്‍ ആകൃഷ്ടരായി 'സ്കിന്‍ മാറ്റിവെക്കല്‍' ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ അടിച്ചാര്‍ത്ത് വരും.
ഇതു തന്നെയാണ് മറ്റ് സാങ്കേതിക ഘടകഭാഗങ്ങളിലും സ്കോഡ പുലര്‍ത്താനുദ്ദേശിക്കുന്ന നയം. നേരത്തെ പിസ്റ്റണ്‍ പ്രശ്നം വല്ലതും സംഭവിച്ചാല്‍ പ്രസ്തുത അസംബ്ലി മൊത്തം മാറ്റേണ്ടിയിരുന്നു. പുതിയ നയപ്രകാരം പിസ്റ്റണിലെ റിംഗുകള്‍ക്കോ, കണക്ടിംഗ് റോഡിനോ സംഭവിക്കുന്ന പ്രശ്നം അവ മാത്രം മാറ്റുന്നതിലൂടെ പരിഹരിക്കപ്പെടുന്നു.
എക്സ്റ്റീരിയര്‍ മിററിനും ഇത്തരത്തില്‍ ചൈല്‍ഡ് പാര്‍ട്സ് മാറ്റല്‍ സാധ്യമാണ്. മിറര്‍ കവറിന് കേടുപാട് സംഭവിച്ചാല്‍ അത് മാത്രം മാറ്റിയാല്‍ മതിയാകും. മൊത്തം മിറര്‍ മാറ്റുന്ന രീതിയാണ് നേരത്തെയുണ്ടായിരുന്നത്.
വിലയുടെ കാര്യത്തിലും മെയിന്‍റനന്‍സ് ചെലവിന്‍റെ കാര്യത്തിലും വലിയ കടുംപിടിത്തമുള്ള ഇന്ത്യന്‍ വിപണിയില്‍ വളരെ മികവുറ്റ ഒരു വിപണിനീക്കമായി ഫോഡിന്‍റെ പുതിയ പദ്ധതിയെ കാണാം. ഉല്‍പാദനം കൂടുതലായി ഇന്ത്യയില്‍ കേന്ദ്രീകരിക്കുക വഴി ഇറക്കുമതിച്ചെലവ് കുറയ്ക്കുവാനും നികുതിലാഭമുണ്ടാക്കുവാനും ഫോഡിന് സാധിച്ചിട്ടുണ്ട്. ഫോഡ് ഇക്കോസ്പോര്‍ട് ഇന്ത്യയില്‍ വരുന്നത് ഈ സന്നാഹങ്ങളുടെ നടുവിലേക്കാണ്.


Click it and Unblock the Notifications








