ജനറല്‍ മോട്ടോഴ്‌സ് റെഗുലേറ്ററി ഏജന്‍സികളെ കബളിപ്പിച്ചു?
രണ്ടു ദിവസം മുമ്പാണ് ഷെവര്‍ലെ ടവേര മോഡലിനെ ജനറല്‍ മോട്ടോഴ്‌സ് തിരിച്ചു വിളിച്ചത്. കരിമ്പുക പുറന്തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് കമ്പനിയുടെ പ്രസ്താവന വ്യക്തമാക്കിയിരുന്നെങ്കിലും വിഷയത്തില്‍ വ്യക്തത കൈവന്നിരുന്നില്ല. പുതുതായി വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ജനറല്‍ കരിമ്പുകച്ചട്ടം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ശരിയായി പാലിക്കാതെ വാഹനം വിപണിയിലെത്തിക്കുകയും അധികൃതരെ കബളിപ്പിക്കുവാന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനുകളടങ്ങിയ വാഹനങ്ങള്‍ എആര്‍എഐ (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ)ക്ക് ടെസ്റ്റിന് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ്.
114,000 ടവേര എംപിവികളെയാണ് കമ്പനി തിരിച്ചുവിളിച്ചിട്ടുള്ളത്. 2005ല്‍ നിര്‍മിച്ച വാഹനങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ പെടുമെന്നാണ് അറിയാന്‍ കഴിയുന്നത്. തിരിച്ചുവിളി പ്രഖ്യാപിച്ചെങ്കിലും അധികൃതരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കമ്പനിക്ക് നടപടികള്‍ തുടങ്ങാന്‍ കഴിയൂ. ഇതിന് കാക്കുകയാണ് ജനറള്‍ മോട്ടോഴ്‌സ് ഇപ്പോള്‍.

തൊഴിലാളികളില്‍ സംഭവിച്ച വീഴ്ച
ജനറല്‍ മോട്ടോഴ്‌സിന്റെ തൊഴിലാളികളില്‍ സംഭവിച്ച വീഴ്ചയാണ് പ്രശ്‌നത്തിന് കാരണമെന്ന് ജനറല്‍ മോട്ടോഴ്‌സ് അധികൃതരെ അറിയിച്ചതായി ഇക്കണോമിക് ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. മാനദണ്ഡം പാലിക്കാതുള്ള എന്‍ജിനുകള്‍ ഘടിപ്പിക്കുന്നതിനായി ചില ടവേര മോഡലുകളുടെ ഭാരത്തിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഇടപെടല്‍ വന്നതോടെ കമ്പനി ജൂലൈ 18ന് വാഹനത്തിന്റെ ഉല്‍പാദനം നിറുത്തി വെച്ചതായി അധികൃതരെ അറിയിച്ചിരുന്നു. നാലാം കരിമ്പുകച്ചട്ടവും മൂന്നാം കരിമ്പുകച്ചട്ടവും അനുസരിക്കുന്ന രണ്ട് വേരിയന്റുകള്‍ക്കാണ് പ്രശ്‌നമുള്ളതായി കണ്ടെത്തിയത്.

ടെസ്റ്റ്
വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യാനെടുക്കുന്നത് ഓരോ ബാച്ചുകളില്‍ നിന്ന് കുറച്ചു വാഹനങ്ങള്‍ എന്ന രീതിയിലാണ്. എന്നാല്‍ മുമ്പേ ടെസ്റ്റ് ക്ലിയര്‍ ചെയ്തു വെച്ചിരുന്ന എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എങ്ങനെയാണ് ടെസ്റ്റിനെടുത്തതെന്ന് വ്യക്തമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

ക്രമക്കേട്
ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് മോട്ടോര്‍ വാഹന നിയമത്തിന്റെ 182എ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. ഇതുപ്രകാരം ഒരു വലിയ തുക പിഴയായി അടയ്‌ക്കേണ്ടതായി വരും കമ്പനി. വിഷയത്തിന്റെ ഗുരുതരാവസ്ഥ എത്രത്തോളമാണെന്നതിന് ആനുപാതികമായി ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ക്കും സാധ്യതയുണ്ട്.

നിതിന്‍ ഗോകാണ്‍
ദേശീയ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് പ്രൗജക്ടിന്റെ സിഇഒ നിതിന്‍ ഗോകാണ്‍ അധ്യക്ഷനായി ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് റോഡ് ഗതാഗത മന്ത്രാലയം. കമ്പനിയുടെയും സര്‍ക്കാരിന്റെയും ടെസ്റ്റിംഗ് സംവിധാനങ്ങളെയും കാര്യക്ഷമതയെയും ഈ സംഘം അന്വേഷണ വിധേയമാക്കും.

2005 മുതല്‍ ഇത്രയും നാള്‍വരെ
ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ എന്‍ജിനുമായി ബന്ധപ്പെട്ട് ഒരു ചെറിയ പ്രശ്‌നമുള്ളത് വളരെ പെട്ടെന്നു തന്നെ കമ്പനി കണ്ടെത്തുകയും റീകാള്‍ ചെയ്യുകയും ചെയ്തിരുന്നു ഈയിടെ. ഷെവര്‍ലെ ടവേരയുടെ കാര്യത്തില്‍ ചോദ്യമുയരുന്നത് ഇവിടെയാണ്. 2005 മുതല്‍ ഇത്രയും നാള്‍വരെ നിരന്തരമായ ടെസ്റ്റുകള്‍ക്ക് വിധേയമായി പുറത്തിറങ്ങുന്ന ഒരു വാഹനത്തിന്റെ എന്‍ജിനില്‍ സംഭവിച്ച ഗുരുതരമായ ഒരു പ്രശ്‌നം ഇത്രയും കാലം കമ്പനി അറിയാതിരുന്നത് എങ്ങനെയാണ്?


Click it and Unblock the Notifications








