ബുഗാട്ടി വെയ്റോണിന്‍റെ ഗിന്നസ് റെക്കോഡ് റദ്ദാക്കി!
കഴിഞ്ഞയാഴ്ച ഹെന്നസി വെനോമിന്‍റെ അതിദയനീയമായ ഒരു നിലവിളി കേട്ട് ഡ്രൈവ്‍സ്പാര്‍ക്ക് ഞെട്ടുകയും പ്രസ്തുത ഞെട്ടല്‍ വായനക്കാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ, ഉല്‍പാദനത്തിനുള്ള കാര്‍ എന്ന ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ടിന്‍റെ ഗിന്നസ് റെക്കോഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതല്ല എന്നതായിരുന്നു ഹെന്നസി വെനോമിന്‍റെ നിലവിളിക്കുള്ള കാരണം. ശരിക്കും ഞങ്ങടെ വണ്ടിക്കാണ് സ്പീഡ് കൂടുതല്‍ എന്ന് ഹെന്നസി അവകാശപ്പെടുകയും ചെയ്തു. പുതിയ വാര്‍ത്തകള്‍ പറയുന്നത് ബുഗാട്ടി വെയ്റോണിനെ സംബന്ധിച്ച പരാതി ഗിന്നസ് കണക്കിലെടുത്തതിനെക്കുറിച്ചാണ്. അതെസമയം തങ്ങളുടേതാണ് ഏറ്റവും കൂടിയ വേഗത എന്ന ഹെന്നസിയുടെ വാദം കണക്കിലെടുക്കാന്‍ ഗിന്നസ് അധികൃതര്‍ തയ്യാറായതുമില്ല.
മണിക്കൂറില്‍ 267.8 മൈല്‍ എന്നതായിരുന്നു ഗിന്നസ് അധികൃതര്‍ക്കു മുമ്പില്‍ ബുഗാട്ടി വെയ്റോണ്‍ പ്രകടിപ്പിച്ച വേഗത. ഇതനടുത്തെത്താന്‍ ഹെന്നസിക്ക് സാധിച്ചിട്ടില്ല. എന്നാലും വെയ്റോണ്‍ പ്രസ്തുത ഗിന്നസ് റെക്കോഡിന് അര്‍ഹമല്ല എന്നാണ് ഹെന്നസിയുടെ വാദം. പ്രശ്നമെന്താണെന്ന് താഴെ ചിത്രങ്ങളിലൂടെ നീങ്ങിയാല്‍ പുടികിട്ടും.

ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട്സ്
267.8 മൈല്‍ വേഗതയില്‍ ഗിന്നസ് പരിശോധകരുടെ മുമ്പില്‍ ഓടിക്കാണിച്ചു ബുഗാട്ടി വെയ്റോണ്‍ എന്നത് ശരിതന്നെ. എന്നാല്‍ ഈ വേഗത ഉല്‍പാദന മോഡലില്‍ ഉള്‍പ്പെടുത്താന്‍ ബുഗാട്ടി തയ്യാറായില്ല. വിപണിയിലിറക്കിയ മോഡലുകളുടെ വേഗത മണിക്കൂറില്‍ 258 മൈല്‍ അഥവാ 415.2 കിലോമീറ്ററായി നിജപ്പെടുത്തുന്നതിന് ബുഗാട്ടി സ്പീഡ് ലിമിറ്ററുകള്‍ ഘടിപ്പിച്ചു.

ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട്സ്
ബുഗാട്ടി വെയ്റോണിന്‍റെ ഉയര്‍ന്ന വേഗത 267.8 മൈല്‍ അഥവാ 431 കിലോമീറ്ററാണെന്ന് പറഞ്ഞുവല്ലോ. ഇത് രണ്ട് ദിശയിലേക്ക് വാഹനമോടിച്ച് രണ്ടിന്‍റെയും സമയങ്ങളുടെ ശരാശരി കണ്ടാണ് നിര്‍ണയിച്ചത്. 2010ലായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനം. ഇതാണ് ഗിന്നസ്സിന്‍റെ മാനദണ്ഡം.

ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട്സ്
ബുഗാട്ടി ഈ ഗിന്നസ് റെക്കോഡ് അര്‍ഹിക്കുന്നില്ല എന്ന ഹെന്നസിയുടെ വാദം ഗിന്നസ് അധികൃതര്‍ അംഗീകരിച്ചു. എന്നാല്‍ തങ്ങളാണ് റെക്കോര്‍ഡിന് അര്‍ഹര്‍ എന്ന ഹെന്നസിയന്‍ വാദത്തെ തള്ളിക്കളയുകയും ചെയ്തു. ഇതിന്‍റെ കാരണം ഇനി പറയാം.

ഹെന്നസി വെനോം ജിടി
265.7 മൈല്‍ അഥവാ 427.6 കിലോമീറ്റര്‍ ആണ് ഹെന്നസി വെനോം ജിടി പിടിച്ച വേഗത. ഇത് ബുഗാട്ടിയുടെ റെക്കോഡിനെക്കാള്‍ രണ്ട് മൈലോളം കുറവാണെങ്കിലും ബുഗാട്ടിയുടെ പ്രൊഡക്ഷന്‍ മോഡലിനെക്കാള്‍ 7 മൈലിലധികം വരും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്നസി നിലവിളിച്ചത്. എന്നാല്‍ ഈ അവകാശവാദത്തെ ഗിന്നസ് അധികൃതര്‍ നിഷേധിച്ചു.

ഹെന്നസി വെനോം ജിടി
ബുഗാട്ടി വെയ്റോണിന്‍റെ രണ്ട് ദിശയിലേക്കുമുള്ള വേഗതയുടെ ശരാശരിയാണ് റെക്കോഡ് വേഗതയായി ഗിന്നസ് രേഖപ്പെടുത്തിയത് എന്ന് പറഞ്ഞല്ലോ. എന്നാല്‍ ഹെന്നസി വെനോം ഒരു ദിശയിലേക്ക് മാത്രമേ ഓടിയുള്ളൂ. ഈ വേഗതയെ റെക്കോഡായി പരിഗണിക്കാന്‍ ഗിന്നസ്സിന്‍റെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല.

ഹെന്നസി വെനോം ജിടി
എന്തായാലും രേഖപ്പെടുത്തിയ റെക്കോര്‍ഡ് പുനപ്പരിശോധിക്കാന്‍ തന്നെയാണ് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരുടെ തീരുമാനം.

ഷെല്‍ബി സൂപ്പര്‍കാര്‍സ് അള്‍ടിമേറ്റ് എയ്റോ
ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ടിന്‍റെ റെക്കോഡ് ഗിന്നസ് പിന്‍വലിക്കുകയാണെങ്കില്‍ സ്വാഭാവികമായി പ്രസ്തുത റെക്കോഡ് വന്നുചേരുക ഷെല്‍ബി സൂപ്പര്‍കാര്‍സിന്‍റെ അള്‍ടിമേറ്റ് എയ്റോയിലാണ്. മണിക്കൂറില്‍ 256.1 മൈല്‍ എന്നതാണ് എയ്റോയുടെ റെക്കോഡ്.


Click it and Unblock the Notifications








