റെയ്ഞ്ച് റോവറിന് ഹമാന്‍ തീക്കൊളുത്തിയപ്പോള്‍
ഓട്ടോമൊബൈല്‍ ട്യൂണിംഗില്‍ ആഗോള പ്രശസ്തിയുള്ള ഹമാന്‍ മോട്ടോര്‍സ്പോര്‍ടിന്‍റെ പുതിയ പണി റെയ്ഞ്ച് റോവറിലാണ്. റെയ്ഞ്ച് റോവര്‍ എംകെ4 മിസ്റ്ററെ എന്ന് പേരിട്ടിട്ടുള്ള ഇവന്‍റെ കളറ് കണ്ടാല്‍ തന്നെ ആരും ശ്രദ്ധിച്ചുപോകും. പിങ്ക് നിറത്തിന് തീക്കൊളുത്തിയ പോലൊരു നിറമാണ് ഈ റെയ്ഞ്ച് റോവര്‍റില്‍ പൂശിയിട്ടുള്ളത്.
ആരുടെയും ശ്രദ്ധയെ ഹഠാദാകര്‍ഷിക്കാന്‍ പോന്ന സന്നാഹങ്ങളാണ് ട്യൂണിംഗിലൂടെ റോവറില്‍ പിടിപ്പിച്ചത്. വണ്ടി റോഡില്‍ കണ്ടാല്‍ ആരും വെട്ടിത്തിരിഞ്ഞ് നോക്കും എന്ന കാര്യത്തില്‍ ഉറപ്പാണ്. എന്നാല്‍, ഇമ്മാതിരി ഉസ്മാന്‍ കളറെല്ലാം ഇഷ്ടപ്പെടാത്തവരും ധാരാളമായതിനാല്‍ വലിയ വിഭാഗം പേര്‍ പെട്ടെന്ന് മുഖം തിരിക്കാനും സാധ്യത ഏറെയാണ്.
ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ എംകെ4 മിസ്റ്ററെ സ്റ്റൈലിംഗ് കിറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴാണ് വാഹനം വില്‍പനയ്ക്ക് വരുന്നത്.
റെയ്ഞ്ച് റോവറിന് നിറയെ മസില്‍സെല്ലാം വെച്ചു പിടിപ്പിച്ചതായി ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഈ ഡിസൈന്‍ ധാരാളം പേരെ ആകര്‍ഷിക്കാനിടയുണ്ട്. ഡാര്‍ക്ക് ടിന്‍റുള്ള വിന്‍ഡോകള്‍ (നമ്മുടെ നാട്ടില്‍ നടപ്പില്ല), കറുപ്പ് ഹെഡ്‍ലാമ്പുകള്‍, എല്‍ഇഡി ലൈറ്റിംഗ്, ഫ്രണ്ട് ബംപറുകള്‍, 23 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങി നിരവധി സന്നാഹങ്ങളാണ് വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.







Click it and Unblock the Notifications








