കരുത്തേറിയ മഹീന്ദ്ര രേവ ലോഞ്ച് ചെയ്യും
രേവ ഇ2ഒ ഇലക്ട്രിക് കാറിന്റെ കൂടുതല്‍ കരുത്തേറിയ പതിപ്പ് യൂറോപ്പില്‍ ലഭ്യമാക്കുവാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നു. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറിന് പുതിയ മോട്ടോര്‍ വികസിപ്പിച്ചെടുക്കുന്നതിനായി മഹീന്ദ്രയുടെയും രേവയുടെയും എന്‍ജിനീയര്‍മാര്‍ ജോലികളാരംഭിച്ചതായി അറിയുന്നു.
മഹീന്ദ്രയില്‍ നിന്ന് പുറത്തു വരാനിരിക്കുന്ന പുതിയ വെരിറ്റോ ഇലക്ട്രിക് കാറിനാവശ്യമായ എന്‍ജിന്‍ നിര്‍മിക്കുന്നതും ഇതേ ടീമാണ്. വെരിറ്റോ സെഡാനിലാണ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കുക. ഈ വാഹനവും പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഇടത്തരം ശേഷിയുള്ളതും ഉയര്‍ന്ന ശേഷിയുള്ളതുമായ രണ്ട് മോട്ടോറുകളാണ് മഹീന്ദ്രയുടെ പദ്ധതിയിലുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50-60 കിലോവാട്ട് അഥവാ 67-81 കുതിരശക്തി ശേഷിയുള്ള ഒരു മോട്ടോറാണ് യൂറോപ്യന്‍ രേവയ്ക്കായി നിര്‍മിക്കുക. വെരിറ്റോയ്ക്ക് വേണ്ടി 80 കിലോവാട്ട് അഥവാ 107 കുതിരശക്തിയുള്ള എന്‍ജിനാണ് വെരിറ്റോ സെഡാന്‍ ഇലക്ട്രിക് കാറിനായി നിര്‍മിക്കുന്നത്.

2009ലെ ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന എന്‍എസ്എക്‌സ് കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും കരുത്തേറിയ രേവയുടെ ഡിസൈന്‍ തീരുമാനിക്കപ്പെടുക. വരുന്ന സെപ്തംബറിലെ ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ രേവയുടെ പുതിയ കണ്‍സെപ്റ്റ് ഉണ്ടായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലുള്ള രേവ നല്‍കുന്ന കരുത്ത് 19 കിലോവാട്ടാണ്.

പുതുതായി വികസിപ്പിച്ചെടുക്കുന്ന ഉയര്‍ന്ന ശേഷിയുള്ള മോട്ടോറുകള്‍ കൂടുതല്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പരിപാടിയുണ്ട് മഹീന്ദ്രയ്ക്ക്. മിനി ട്രക്കുകളിലും ഇത്തരം എന്‍ജിനുകള്‍ ഘടിപ്പിച്ച് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര കണക്കുകൂട്ടുന്നു. വെരിറ്റോ സെഡാനിന്റെ ഇലക്ട്രിക് പതിപ്പുകളെ നഗരങ്ങളിലെ ടാക്‌സി ശൃംഘലകള്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കും.

ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വന്‍ വിജയമായി മാറാനൊന്നും രേവയ്ക്ക് സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചക്കുറവും വാഹനത്തിന്റെ വിലക്കൂടുതലുമെല്ലാം ഇതിന് കാരണമായി പറയാവുന്നതാണ്. എന്നാല്‍, ഓട്ടോമൊബൈല്‍ ചരിത്രം വൈദ്യുതിയിലേക്കും ഹൈബ്രിഡിലേക്കുമെല്ലാം കടക്കുന്ന ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ മഹീന്ദ്ര നടത്തുന്ന നീക്കങ്ങള്‍ക്ക് വന്‍ ഭാവിസാധ്യതയാണുള്ളത്.


Click it and Unblock the Notifications








