എക്‌സ്‌യുവിക്ക് വിലക്കുറവുള്ള വേരിയന്റ് ഈ മാസം
മഹീന്ദ്ര എക്‌സ്‌യുവി 500-യ്ക്ക് ഒരു പുതിയ ബേസ് വേരിയന്റ് ലോഞ്ചിന് തയ്യാറാവുന്നു. ഡബ്ല്യൂ4 എന്ന് പേരിട്ടിട്ടുള്ള ഈ പുതിയ പതിപ്പ് നടപ്പ് മാസം അവസാനത്തില്‍ തന്നെ വിപണി പിടിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ദീപാവലി സീസണ്‍ ഉച്ചത്തിലെത്തുമ്പോള്‍ മികച്ച വില്‍പന പിടിക്കാന്‍ പുതിയ വേരിയന്റിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് മഹീന്ദ്ര കാണുന്നത്.
ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ തുടങ്ങിയ കോംപാക്ട് യൂട്ടിലിറ്റികളുടെ സാന്നിധ്യം മഹീന്ദ്ര എക്‌സ്‌യുവിയുടെ വില്‍പനയെ പ്രതികൂലമായി ബാദിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വിലക്കുറവില്‍ ഒരു പതിപ്പു കൂടി വരുന്നതോടെ കാര്യങ്ങള്‍ കുറെയെങ്കിലും അനുകൂലമാക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചേക്കും.

സാങ്കേതികമായ യാതൊരു മാറ്റവും പുതിയ വേരിയന്റില്‍ ഉണ്ടായിരിക്കില്ല. ചില ഫീച്ചറുകള്‍ എടുത്തുമാറ്റുക മാത്രമാണ് ചെയ്യുക. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെ തുടരും.

പുതിയ ബേസ് വേരിയന്റില്‍ 6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കില്ല. ഡിവിഡി പ്ലേയര്‍, ടയര്‍ പ്രഷര്‍ സെന്‍സര്‍, പാര്‍ക്കിംഗ് അസിസ്റ്റന്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ലൈറ്റ് സെന്‍സിംഗ് ഹെഡ്‌ലാമ്പുകള്‍ എന്നിവയും ഈ വേരിയന്റില്‍ കാണില്ല.

സുരക്ഷാ സന്നാഹങ്ങളില്‍ എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍ എന്നിവ ഉണ്ടായിരിക്കും. എന്നാല്‍ ഉയര്‍ന്ന വേരിയന്റുകളില്‍ കാണുന്ന ഇഎസ്പി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ ഒഴിവാക്കും.

മുമ്പില്‍ ഫോഗ് ലാമ്പുകള്‍ എടുത്തുമാറ്റും പുതിയ വേരിയന്റിനായി. പിന്നില്‍, ട്വിന്‍ എക്‌സോസ്റ്റ് ഉണ്ടായിരിക്കില്ല. റൂഫ് റെയിലുകളും എടുത്തുമാറ്റും. ടെലസ്‌കോപിക് സ്റ്റീയറിംഗ് വീല്‍ ഈ പതിപ്പില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഓട്ടോമാറ്റിക് താപനിയന്ത്രണവും ഉണ്ടാവില്ല.

കാമ്പിംഗ് ലാമ്പ്, പഡില്‍ ലാമ്പ്, പവര്‍ ഫോള്‍ഡിംഗ് മിററുകള്‍, പ്രീമിയം അപ്‌ഹോള്‍സ്റ്ററി, ഡോര്‍ അജാര്‍ ലാമ്പുകള്‍ തുടങ്ങിയ ഉയര്‍ന്ന വേരിയന്റിലുള്ള ഫീച്ചറുകള്‍ ഈ പതിപ്പില്‍ എടുത്തുമാറ്റും. ഏതാണ്ട് 1.5 ലക്ഷം കുറവില്‍ വാഹനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 10.5 ലക്ഷത്തിന് പുതിയ വേരിയന്റ് വിപണിയില്‍ കിടയ്ക്കും.


Click it and Unblock the Notifications








