സ്വിഫ്റ്റ്, ഡിസൈര്‍ ഗുഡ്ഗാവ് ഉല്‍പാദനം നിറുത്തി
മാരുതി കാറുകളുടെ വില്‍പനയിലുണ്ടായ വലിയ ഇടിവ് കമ്പനിയെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കൊണ്ടുചെല്ലുകയാണ്. മാരുതി സുസൂക്കിയുടെ മനെസര്‍, ഗുഡ്ഗാവ് പ്ലാന്റുകളിലെ മൊത്തം ഉല്‍പാദനത്തില്‍ 25 ശതമാനം വെട്ടിക്കുറയ്ക്കാന്‍ മാരുതി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡീസല്‍ എന്‍ജിന്‍ നിര്‍മാണം മൂന്നിലൊന്നായി കുറയ്ക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗുഡ്ഗാവ് പ്ലാന്റിലെ മൂന്ന് ഷിഫ്റ്റുകളിലൊന്നില്‍ വിട്ടുവീഴ്ച ചെയ്യും. 200ളം കരാര്‍ ജീവനക്കാരോട് ലീവെടുക്കുവാനും കമ്പനി നിര്‍ദ്ദേശിച്ചതായിറിയുന്നു.
കഴിഞ്ഞ വര്‍ഷം സ്വിഫ്റ്റ് ഡിസൈര്‍ മോഡലിന് ഡിമാന്‍ഡ് വന്‍തോതില്‍ കൂടുകയും കാത്തിരിപ്പ് സമയം ആറുമാസത്തിലധികമാവുകയും ചെയ്തതോടെയാണ് ഗുഡ്ഗാവ് പ്ലാന്റില്‍ അധിക ഉല്‍പാദനത്തിനുള്ള സംവിധാനം ഒരുക്കിയത്. മാരുതി സ്വിഫ്റ്റും ഡിസൈറും ഇവിടെ അധിക സംവിധാനത്തില്‍ ഉല്‍പാദിപ്പിച്ചിരുന്നു. അതെസമയം മനെസര്‍ പ്രധാന ഉല്‍പാദന കേന്ദ്രമായി നിലനില്‍ക്കുകയും ചെയ്തു. വില്‍പനയിടിവ് സംഭവിച്ചതോടെ കഴിഞ്ഞ മാസത്തില്‍ ഇരുവാഹനങ്ങളുടെയും ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു ഗുഡ്ഗാവില്‍. ഇപ്പോള്‍ പ്ലാന്റില്‍ ഇവയുടെ ഉല്‍പാദനം പൂര്‍ണമായും നിറുത്തുകയാണ് ചെയ്തിരിക്കുന്നത്.

2012ല്‍ മാസത്തില്‍ ശരാശരി 20,000 യൂണിറ്റ് വില്‍പനയുണ്ടായിരുന്നു സ്വിഫ്റ്റിന്. 2013 മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 14,353 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. സമാനമായ വില്‍പനാ നിരക്കുണ്ടായിരുന്ന സ്വിഫ്റ്റ് ഡിസൈറും ഇപ്പോള്‍ വില്‍ക്കുന്നത് ശരാശരി 12,000 യൂണിറ്റാണ്.

നിലവില്‍ ദിവസത്തില്‍ മനെസറില്‍ നിര്‍മിക്കുന്നത് 2,466 കാറുകളാണ്. നേരത്തെയിത് 3,300ന്റെ ചുറ്റുപാടില്‍ നിന്നിരുന്നതാണ്.

മനെസറില്‍ മൂന്ന് ലക്ഷം ഡീസല്‍ എന്‍ജിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് മാരുതിക്കുള്ളത്. 13 ലക്ഷം യൂണിറ്റ് ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ നിര്‍മാണ പ്ലാന്റ് ഗുഡ്ഗാവിലും പ്രവര്‍ത്തിക്കുന്നുണ്ട്. 1 ലക്ഷത്തോളം ഡീസല്‍ എന്‍ജിനുകള്‍ (1.3 ലിറ്റര്‍ മള്‍ടിജെറ്റ്) ഫിയറ്റില്‍ നിന്ന് വാങ്ങുന്നുമുണ്ട്. പെട്രോള്‍ കാറുകളുടം ഡിമാന്‍ഡ് ഇടിഞ്ഞതോടെ ഗുഡ്ഗാവിലെ എന്‍ജിന്‍ പ്ലാന്റിന്റെ 40 ശതമാനവും ഉപയോഗിക്കാതെ കിടക്കുകയാണ്.

വിപണിയില്‍ പൊതുവിലുള്ള മാന്ദ്യം മാരുതിയുടെ ഈ നീക്കത്തിന് കാരണങ്ങളിലൊന്നായി കാണണം. ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയ കമ്പനികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് നിര്‍ബന്ധിതരായിട്ടുണ്ട്.

ഇതോടൊപ്പം പുതിയ വാഹനങ്ങളുടെ വിപണി പ്രവേശം മാരുതി മോഡലുകളെ എങ്ങനെ ബാധിച്ചു എന്നതും കണക്കിലെടുക്കണം.

ഹോണ്ട അമേസിന്റെ വിപണിപ്രവേശം സ്വിഫ്റ്റ് ഡിസൈറിന്റെ വില്‍പനയെ ബാധിച്ചിട്ടുണ്ട് എന്നുവേണം മനസ്സിലാക്കാന്‍. ഇക്കോസ്‌പോര്‍ട് പോലുള്ള വാഹനങ്ങളുടെ ലോഞ്ചും ഈ വാഹനങ്ങളുടെ വില്‍പന ഇടിയുന്നതിന് കാരണമായിട്ടുണ്ട്.


Click it and Unblock the Notifications








