സിവിലിയന്മാര്‍ക്ക് വാങ്ങാവുന്ന മിലിട്ടറി വണ്ടികള്‍
സാധനം മിലിട്ടറിയാണെങ്കില്‍ അതിനൊരു പ്രത്യേക രുചിയാണ്. ഒന്നരപ്പെഗ്ഗില്‍ തന്നെ അടിച്ച് കിണ്ടിയായിപ്പോകും എന്നൊരു വിശ്വാസം പണ്ട് മുതല്‍ക്കേയുണ്ട്. ഈ പറയുന്ന സാധനങ്ങളൊക്കെ പുറത്തു നിന്നും വാങ്ങാന്‍ കിട്ടുമെങ്കിലും പട്ടാളത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത് വെടി പൊട്ടിച്ചിരിക്കുന്ന വയസ്സന്മാരില്‍ നിന്ന് വാങ്ങുമ്പോള്‍ അതിന് ഒരു പ്രത്യേക ദൈവിക ഭാവം കൈവരുന്നു.
വണ്ടികളുടെ കാര്യത്തിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. പട്ടാളത്തിലുള്ള വാഹനങ്ങൾക്ക് ലോക വിപണിയിൽ തന്നെ വലിയ ഡിമാൻഡാണ്. പട്ടാള വണ്ടികള്‍ അവയുടെ സവിശേഷതകളും സന്നാഹങ്ങളും കുറച്ച്, ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെ സിവിലിയന്‍ വാഹനങ്ങളായി വിപണിയിലിറക്കുന്ന ട്രന്‍ഡ് ഇപ്പോള്‍ കൂടി വരികയാണ്. ഇങ്ങനെ പുറത്തിറങ്ങുന്ന എസ്‍യുവികള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍റാണുള്ളത്.

ജീപ്പ് വ്രാങ്‍ലര്‍ എസ്‍യുവി
ജീപ്പ് എന്ന പേര് നമുക്ക് പരിചിതമാണ്. അമേരിക്കന്‍ കമ്പനിയായ ക്രൈസ്‍ലറിന്‍റെ ഉപബ്രാന്‍ഡാണ് ജീപ്പ്. ഈ പേരിന്‍റെ ലൈസന്‍സ് മഹീന്ദ്ര കുറച്ചുകാലത്തേക്ക് വാങ്ങി, നമ്മുടെ നാട്ടില്‍ ക്രൈസ്‍ലര്‍ ജീപ്പിന്‍റെ ഒരു നിലവാരം കുറഞ്ഞ അനുകരണത്തെ പുറത്തിറക്കിയിരുന്നു. ജീപ്പ് വ്രാങ്‍ലര്‍ എസ്‍യുവി അമേരിക്കന്‍ പട്ടാള വണ്ടിയായിരുന്നു. ഈ വാഹനം പിന്നീട് സിവിലിയന്‍ ഓഫ് റോഡറായി പുറത്തിറക്കാന്‍ തുടങ്ങി. ലോകയുദ്ധകാലത്ത് ഇന്ത്യന്‍ നിരത്തുകളിലും കണ്ടിരുന്ന വില്ലീസ് ജീപ്പിന്‍റെ പിന്മുറക്കാരനാണ് ഇവനെന്നു വേണമെങ്കില്‍ പറയാം.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
ജി ക്ലാസിന്‍റെ ആദ്യ നിര്‍മിതി പട്ടാള വാഹനമെന്ന നിലയിലായിരുന്നു. യുഎസ്എ, യുകെ, റഷ്യ, ആസ്ത്രേലിയ, ജര്‍മനി തുങ്ങിയ രാഷ്ട്രങ്ങളിലെല്ലാം ഈ വണ്ടി പട്ടാള വാഹനമായി ഇപ്പോഴും ഉപയോഗിക്കുന്നു.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍
ലാന്‍ഡ് റോവറിന്‍ ഇപ്പോഴും ഉല്‍പാദനത്തിലുള്ള ഏറ്റവും പഴയ മോഡലാണിത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വാഹനം പിറവിയെടുത്തത് മിലിട്ടറി വാഹനമെന്ന നിലയില്‍ തന്നെയാണ്. യുകെ ആര്‍മിയില്‍ ഇപ്പോഴും ഈ വാഹനം ഉപയോഗിക്കുന്നു. അമേരിക്കന്‍ ആര്‍മിയും കുറച്ചെണ്ണം സ്വന്തമാക്കിയിട്ടുണ്ട്. സിവിലിയന്‍ വാഹനമായി ഡിഫന്‍ഡറും രൂപാന്തരപ്പെട്ടു കഴിഞ്ഞു.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍
ടലാന്‍ഡ് ക്രൂയിസറും അല്‍പം പഴക്കമുള്ള മോഡലാണ്. ക്രൈസ്‍ലര്‍ ജീപ്പ് പോലൊരു വാഹനം വേണമെന്ന ജപ്പാന്‍ ആര്‍മിയുടെ ആവശ്യത്തോട് ടൊയോട്ടയുടെ പ്രതികരിച്ചതാണ് ലാന്‍ഡ് ക്രൂയിസര്‍ ആയി മാറിയത്. ഇത് രണ്ടാം ലോകയുദ്ധകാലത്തായിരുന്നു. ഇന്ന് ജപ്പാന്‍ മിലിട്ടറി ഈ വാഹനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ലോകത്തെമ്പാടും ലാന്‍ഡ് ക്രൂയിസറിന് സിവിലിയന്‍ ആരാധകര്‍ ധാരാളമുണ്ട്. ലോകത്തെ ഏറ്റവും ദുര്‍ഘടമായ പാതകളിലെല്ലാം ഈ വാഹനത്തെ കണ്ടുമുട്ടാം.

മിനി മോക്ക്
മിനി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഈ എസ്‍യുവി ക്രൈസ്‍ലര്‍ ജീപ്പിന്‍റെ ഡിസൈന്‍ സവിശേഷതകളാണ് സ്വീകരിച്ചത്. മിലിട്ടറി ആവശ്യത്തിനുള്ള ചെറിയ വാഹനം നിര്‍മിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഈ വാഹനത്തിന്‍റെ പിറവിക്ക് പിന്നില്‍. എന്നാല്‍, ഏറ്റവും കടുത്ത പാതകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഈ വണ്ടിക്ക് കഴിയുന്നില്ല എന് കാരണത്താല്‍ മിലിട്ടറി മിനി മോക്കിനെ ഉപേക്ഷിച്ചു. എങ്കിലും മിനി മോക്കിനെ ആളുകള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ഈ വാഹനത്തിന്‍റെ ഡിസൈന്‍ സവിശേഷതകള്‍ ഒപ്പിയെടുത്ത് മിനി ഈയിടെ ഒരു പുതിയ കണ്‍സെപ്റ്റ്, മിനി ബീച്ച്മാസ്റ്റര്‍ എന്ന പേരില്‍ ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ പുറത്തിറക്കിയിരുന്നു.

ലംബോര്‍ഗിനി എല്‍എം002
ലംബോര്‍ഗിനിയുടെ ആദ്യത്തെ മിലിട്ടറി വാഹനം നിര്‍മിക്കപ്പെട്ടത് അമേരിക്കന്‍ പട്ടാളത്തിന് വേണ്ടിയാണ്. ലാമ്പോ റാമ്പോ എന്നും ഈ വാഹനത്തെ വിളിച്ചിരുന്നു. പൂര്‍ണമായും ഫ്ലാറ്റ് ടയറുകളില്‍ ഓടാന്‍ ശേഷിയുണ്ടായിരുന്ന, കൊടുകരുത്തുള്ള ഈ വാഹനം പക്ഷെ, മിലിട്ടറി ഉപയോഗത്തിനായി നിര്‍മിക്കപ്പെടുകയുണ്ടായില്ല. പക്ഷെ, ഇതൊരു മികച്ച സിവിലിയന്‍ വാഹനമായി പിന്നീട് മാറി.

കോണ്‍ക്വസ്റ്റ് നൈറ്റ് എക്സ്‍വി
സര്‍വ്വ സജ്ജമായ ഒരു മിലിട്ടറി വാഹനമാണ് കോണ്‍ക്വസ്റ്റ് നൈറ്റ്. എമര്‍ജന്‍സി ഓക്സിജന്‍ സപ്ലേ, മാഗ്നറ്റിക് ബോംബ് ഡിറ്റക്ഷന്‍ സംവിധാനം, രാത്രികാഴ്ചാ കാമറകള്‍ തുടങ്ങിയവയെല്ലാം അടക്കം ചെയ്തിരിക്കുന്നു. തോക്ക് മാത്രമില്ല. ഫാക്ടറിയില്‍ ഈ വാഹനത്തിന്‍റെ മിക്കവാറും ജോലികള്‍ കൈപ്പണിയാണ്. കോണ്‍ക്വസ്റ്റ് നൈറ്റ് ഒരിക്കലും മിലിട്ടറി വാഹനമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നുകൂടി അറിയുക.

ഹമ്മര്‍ എസ്‍യുവി
പട്ടാളവണ്ടി എന്ന വാക്കിന് പര്യായമാണ് ഹമ്മര്‍ എസ്‍യുവികള്‍. അമേരിക്കന്‍ പട്ടാളത്തിന്‍റെ ഉപയോഗത്തിലിരുന്ന ഈ വാഹനത്തിന്‍റെ സിവിലിയന്‍ പതിപ്പ് ഈയടുത്ത കാലത്താണ് പുറത്തിങ്ങാന്‍ തുടങ്ങിയത്. എ998 ഹംവീ എന്നായിരുന്നു ഹമ്മറിന്‍റെ മിലിട്ടറി നാമം.

മറോഡര്‍
കരുത്തിന്‍റെ കാര്യത്തില്‍ ഒരു ചെറു യുദ്ധ ടാങ്ക് ആണ് മറോഡര്‍. വീലിനടിയില്‍ 14 കിലോഗ്രാം ഭാരമുള്ള ബോംബ് പൊട്ടിയാലും ഇവന്‍ പയറ് പോലെ എഴുന്നേറ്റ് വരും.


Click it and Unblock the Notifications








