ക്വാഡ്രിസൈക്കിള്‍ നീക്കം പിന്തിരിപ്പന്‍: ടാറ്റ
നിരത്തുകളില്‍ ക്വാഡ്രിസൈക്കിളുകള്‍ അനുവദിക്കാനുള്ള നയരൂപീകരണശ്രമങ്ങള്‍ക്കെതിരെ ടാറ്റ മോട്ടോഴ്സ് രംഗത്ത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുവാനും പാരിസ്ഥിതിക ആശങ്കകള്‍ അഭിസംബോധന ചെയ്യുവാനും ഓട്ടോമൊബൈല്‍ വ്യവസായവും സര്‍ക്കാരും പരിശ്രമിക്കുന്നതിനിടയില്‍ ഈ നീക്കം പിന്തിരിപ്പനാണെന്ന് ടാറ്റ മോട്ടോഴ്സ് എംഡി കാള്‍ സ്ലിം ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ നിയമിച്ച, ദിനേഷ് ത്യാഗി അധ്യക്ഷനായുള്ള ഒരു കമ്മറ്റി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ടാറ്റയുടെ വിമര്‍ശനം വന്നിരിക്കുന്നത്. കമ്മിറ്റിയില്‍ തന്നെ ഇക്കാര്യത്തില്‍ വലിയ വിയോജിപ്പുകളുണ്ടെന്നാണ് കേള്‍ക്കുന്നത്.

നാല് ചക്രമുള്ള ഒരു വാഹനവുമായി ബജാജ് രംഗത്തുവന്നതോടെയാണ് പ്രശ്നത്തിന് തുടക്കമാവുന്നത്. കാറിന് വേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ഈ വാഹനത്തെ ക്വഡ്രിസൈക്കിള്‍ വിഭാഗത്തിലാണ് പെടുത്തേണ്ടത്. നിലവില്‍ ക്വഡ്രിസൈക്കിളുകള്‍ നിരത്തുകളിലോടിക്കാന്‍ വകുപ്പില്ല. ഫാക്ടറികള്‍ എസ്റ്റേറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ. ബജാജിനാവശ്യം ക്വഡ്രിസൈക്കിളുകള്‍ നിരത്തിലോടിക്കാനുള്ള അനുമതിയാണ്.
ഓട്ടോറിക്ഷകള്‍ക്കായി ഇത്തരമൊരു നയരൂപീകരണം നടത്തിയിരുന്നു കേന്ദ്ര സര്‍ക്കാര്‍ പണ്ട്. എന്നാല്‍, രാജ്യത്തിന്‍റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇങ്ങനെയുള്ള വിട്ടുവീഴ്ചകളുടെ ആവശ്യമില്ലെന്നാണ് ചില കോണുകളില്‍ നിന്ന് അഭിപ്രായമുയരുന്നത്. ഇത് രാജ്യത്തിന്‍റെ ഓട്ടോമൊബൈല്‍ വിപണിയുടെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്ന നീക്കമാണെന്നും അഭിപ്രായമുണ്ട്.
ക്വഡ്രിസൈക്കിളുകള്‍ക്ക് യൂറോപ്യന്‍ നാടുകള്‍ പിന്തുടരുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളും കരിമ്പുകച്ചട്ടവും പ്രയോഗത്തില്‍ വരുത്തണമെന്നാണ് കമ്മറ്റിയില്‍ ഉയര്‍ന്നിരിക്കുന്ന അഭിപ്രായമെന്ന് ചില ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ബജാജ് ആര്‍ഇ60 എന്ന ഫോര്‍വീലര്‍ വിപണിപ്രവേശത്തിന് സര്‍ക്കാര്‍ൃ അനുമതി കാത്ത് കഴിയുകയാണ്. കമേഴ്സ്യല്‍ വിപണിയില്‍ വന്‍ സാധ്യതയാണ് ഈ വാഹനത്തിന് ബജാജ് കാണുന്നത്. ഓട്ടോറിക്ഷകളെ പകരം വെക്കുന്ന വാഹനമായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന് ലിറ്ററിന് 35 കിലോമീറ്റര്‍ മൈലേജ് നല്‍കാനാവും.


Click it and Unblock the Notifications








