എ സ്റ്റാർ പിൻഗാമി "എ:വിൻഡ്" ഇതാ ഇവിടെ
ഉല്‍പാദനം നിറുത്തിയ മാരുതി എ-സ്റ്റാറിന്റെ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന ഒരു കണ്‍സെപ്റ്റ് തായ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ എക്‌സ്‌പോ 2013ല്‍ അവതരിപ്പിക്കപ്പെട്ടു. 'എ:വിന്‍ഡ്' എന്ന പേരിലാണ് കണ്‍സെപ്റ്റ് വന്നിരിക്കുന്നത്.
ആഗോളവിപണിയില്‍ ആള്‍ട്ടോ എന്ന പേരില്‍ വിറ്റഴിക്കപ്പെട്ടിരുന്ന എ സ്റ്റാര്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത് ആഴ്ചകള്‍ക്കു മുമ്പാണ്. ഒരു പുതിയ പേരിലായിരിക്കും പുതിയ എ-സ്റ്റാര്‍ അഥവാ ആള്‍ട്ടോ ഇനി പുറത്തുവരിക എന്നാണ് അറിയാനാവുന്നത്.

3600 മില്ലിമീറ്റര്‍ നീളവും 1600 മില്ലിമീറ്റര്‍ വീതിയും 1540 മില്ലിമീറ്റര്‍ ഉയരവുമുള്ളതാണ് എ:വിന്‍ഡ് കണ്‍സെപ്റ്റ്. നീളത്തില്‍ എസ്റ്റാറിനെ അപേക്ഷിച്ച് 100 മില്ലിമീറ്റര്‍ കൂടുതലുണ്ട് എ:വിന്‍ഡ് കണ്‍സെപ്റ്റിന്. വീതി രണ്ടു വാഹനങ്ങള്‍ക്കും തുല്യമാണ്. എ സ്റ്റാറിന്റെ ഉയരം 1490 മില്ലിമീറ്ററായിരുന്നെങ്കില്‍ എ:വിന്‍ഡില്‍ ഇത് 1540 മില്ലിമീറ്ററാണ്.

2425 മില്ലിമീറ്റര്‍ നീളമുണ്ട് എ വിന്‍ഡിന്റെ വീല്‍ബേസിന്. എസ്റ്റാറിന്റെ വീല്‍ബേസ് 2360 എംഎം ആണ്. 16 ഇഞ്ച് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു എ വിന്‍ഡ് കണ്‍സെപ്റ്റില്‍.

996സിസി കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സുസൂക്കി എ വിന്‍ഡ് കണ്‍സെപ്റ്റിലുള്ളത്. ഫ്രണ്ട് വീല്‍ ഡ്രൈവാണിത്. എ-സ്റ്റാറില്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണുള്ളത്. ഇതേ എന്‍ജിന്‍ തന്നെയായിരിക്കുമോ എ വിന്‍ഡിന്റെ ഉല്‍പാദന മോഡലില്‍ ഘടിപ്പിക്കുക എന്ന് പറയാറായിട്ടില്ല. സുസൂക്കി ഗവേഷണ-വികസന കേന്ദ്രങ്ങളില്‍ പുതിയൊരു 1 ലിറ്റര്‍ എന്‍ജിന്‍ നിര്‍മാണം നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

എ വിന്‍ഡ് കണ്‍സെപ്റ്റില്‍ സിവിടി (Continuously variable transmission) ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരിക്കുന്നത്. തായ്‌ലന്‍ഡ് മാര്‍ക്കറ്റില്‍ വേരിബ്ള്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് ഇറക്കിയേക്കാം. ഇന്ത്യയുടെ കാര്യത്തില്‍ കാത്തിരുന്നറിയണം.

സുസൂക്കിയുടെ പുതിയ കണ്‍സെപ്റ്റുകളില്‍ കാണുന്ന ഡിസൈന്‍ തീം തന്നെയാണ് എ വിന്‍ഡ് കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് കാണാനാവുക. ഇരുവശത്തും ഹെഡ്‌ലാമ്പുകളിലേക്ക് കയറിനില്‍ക്കുന്ന വിധത്തില്‍ രണ്ട് ക്രോമിയം പട്ടകള്‍ ഗ്രില്ലായി ചേര്‍ത്തിരിക്കുന്നു. ഇതിന് നടുവിലായി സുസൂക്കി ലോഗോ ഘടിപ്പിച്ചിട്ടുണ്ട്. പ്രോജക്ടര്‍ ഹെഡ്‌ലാമ്പാണ് കണ്‍സെപ്റ്റിലുള്ളത്. ഹെഡ്‌ലാമ്പിന് താഴെയായി ഒരു ഓറഞ്ച് എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ചതായി കാണാം. ഇതെല്ലാം ഉല്‍പാദനമോഡലില്‍ കാണണമെന്നില്ല എന്ന് പറയേണ്ടതില്ലല്ലോ?

പിന്‍വശത്തിന്റെ ഡിസൈന്‍ എ സ്റ്റാര്‍ ഡിസൈനിനോട് വളരെയേറെ സമാനത പുലര്‍ത്തുന്നു. വശങ്ങളില്‍ എയ്‌റോഡൈനമിക്‌സ് പാലിച്ചുകൊണ്ടുതന്നെ ചില വരകളും കുറികളുമെല്ലാം ചേര്‍ത്തിരിക്കുന്നു.

എ വിന്‍ഡ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ കാഴ്ചയില്‍ വളരെ പ്ലസന്റാണ്. ഐവറി വൈറ്റ്, കോബാള്‍ട്ട് ബ്ലൂ നിറങ്ങളുടെ മനോഹരമായ സങ്കലനം കാണാം കാറിനകത്ത്. ചിത്രത്തില്‍ ഹാന്‍ഡ് ബ്രേക്കും കാണാവുന്നതാണ്. മള്‍ടിമീഡിയ സന്നാഹങ്ങളും മറ്റും കണ്‍സെപ്റ്റില്‍ കാണുന്നത് ഉല്‍പാദനമോഡലില്‍ ഉണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കണം.

മുന്‍ കാബിനില്‍ മികച്ച സ്‌പേസ് ഉള്ളതായി കാണാവുന്നതാണ്.

മൂന്നു പേര്‍ക്ക് സുഖമായി സഞ്ചരിക്കാനുള്ള ഇന്റീരിയര്‍ സ്‌പേസ് പിന്‍ കാബിനിലുണ്ട്.


Click it and Unblock the Notifications








