ഹോണ്ട അമോസിനെതിരെ ടാറ്റ
ഏത് വണ്ടി കണ്ടാലും താരതമ്യം ചെയ്യുന്ന പരിപാടിയിലാണ് ടാറ്റ. ആദ്യം താരതമ്യം ചെയ്തത് ഇന്‍ഡിക വിസ്തയും മാരുതി സുസൂക്കി സ്വിഫ്റ്റും തമ്മിലായിരുന്നു. അതിന് നല്ല ഒരു മറുപടിയാണ് മാരുതി കൊടുത്തത്. നിങ്ങളുടെ കാറിനെ "ടാക്സി" എന്ന ബോര്‍ഡ് ഘടിപ്പിച്ച് വഴിയരികില്‍ കാണുന്ന ഇഷ്ടമാണോ എന്നുമാത്രം ചോദിച്ചു മാരുതി.
പിന്നീട് മാരുതിയുടെ വാഗണ്‍ ആറിനെ തങ്ങളുടെ ഇന്‍ഡിക ഇവി2-വുമായി താരതമ്യം ചെയ്തു ടാറ്റ. ഇതും അത്ര കാര്യമായി ഓടുകയുണ്ടായില്ല.

എന്നാല്‍ ഇതുകൊണ്ടൊന്നും ക്ഷീണിക്കുന്ന കൂട്ടത്തിലല്ല ടാറ്റ എന്നറിയാമല്ലോ. ഇപ്പോള്‍ താരതമ്യം ചെയ്യാനെടുത്തിരിക്കുന്ന മറ്റൊരു ബ്രാന്‍ഡിന്‍റെ മോഡലിനെയാണ്. ഏറ്റവും പുതുതായി വിപണിയിലെത്തിയ ഹോണ്ട അമേസ് കോംപാക്ട് സെഡാനെയാണ് താരതമ്യത്തിനെടുത്തിരിക്കുന്നത്. ടാറ്റയുടെ മാന്‍സ സെഡാനുമായാണ് താരതമ്യം.
ടാറ്റയുടെ വെബ്‍സൈറ്റില്‍ ഈ താരതമ്യം ഇപ്പോഴും കിടപ്പുണ്ട്. അമേസ് വരുന്നത് 4 മീറ്ററിന് താഴെയുള്ള സെഗ്മെന്‍റിലാണ്. മാന്‍സ നിലനില്‍ക്കുന്നത് ഇതിന് മുകളിലുള്ള സെഗ്മെന്‍റിലും. വിലയുടെ കാര്യമെടുത്താലും സവിശേഷതകളുടെ കാര്യമെടുത്താലും മാന്‍സ വാങ്ങുകയാണ് കൂടുതല്‍ മെച്ചമെന്ന് ടാറ്റ ചൂണ്ടിക്കാട്ടുന്നു.
ബില്‍ഡ് ക്വാളിറ്റിയിലും എന്‍ജിന്‍ വിശ്വാസ്യതയിലുമെല്ലാം മുമ്പില്‍ നില്‍ക്കുന്ന വാഹനമാണ് ഹോണ്ട അമേസ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന ആത്മവിശ്വാസത്തിലാണ് ടാറ്റ.


Click it and Unblock the Notifications








