ടാറ്റ സെനോണ്‍ കണ്‍സെപ്റ്റ് അവതരിച്ചു
ആസ്‌ത്രേലിയന്‍ വിപണിയില്‍ ഒക്ടോബര്‍ മാസത്തില്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ടാറ്റ സെനോണ്‍ പിക്കപ് ട്രക്ക്. വിപണിയുടെ സൗന്ദര്യശാസ്ത്രവും സങ്കല്‍പങ്ങളും തിരിച്ചറിയുവാനുള്ള ടാറ്റയുടെ ശേഷിയെ പ്രദര്‍ശനത്തിന് വെക്കുകയാണ് കമ്പനി സെനോണ്‍ പിക്കപ്പ് കണ്‍സെപ്റ്റിലൂടെ. വാഹനത്തിന്റെ കരുത്ത് വിളംബരം ചെയ്യാന്‍ ഈ കണ്‍സെപ്റ്റ് അവതരണത്തിലൂടെ ടാറ്റയ്ക്ക് സാധിക്കുമെന്ന് കരുതാം.
മെല്‍ബണില്‍ നടക്കുന്ന 'നാഷണല്‍ 4x4 & ഔട്‌ഡോര്‍സ് ഷോ'യിലും 'ഫിഷിംഗ് ആന്‍ഡ് ബോട്ടിംഗ് എക്‌സ്‌പോ'യിലും ടാറ്റയുടെ സെനോണ്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെടും. വാഹനത്തെ നമുക്കും ഒന്നു പോയിക്കാണാം.

ടാറ്റ മോട്ടോഴ്‌സിന്റെ ആസ്‌ത്രേലിയന്‍ വിതരണക്കാരായ ഫ്യൂഷന്‍ ഓട്ടോമോട്ടീവ്‌സുമായി ചേര്‍ന്നാണ് സെനോണ്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഫ്യൂഷന്‍ ഓട്ടോമോട്ടീവിന്റെ സൗന്ദര്യപരമായ സംഭാവനയും ഈ കണ്‍സെപ്റ്റിലുണ്ട്. വാക്കിന്‍ഷോ ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറായ ജൂലിയന്‍ ക്യുന്‍സിയുടെ നേതൃത്വത്തിലുള്ള ടീമാണ് വാഹനത്തില്‍ പണിയെടുത്തത്. ഇദ്ദേഹം ഹോള്‍ഡന്‍ സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ പ്രധാന ഡിസൈനര്‍ കൂടിയാണെന്നറിയുക.

പ്രത്യേകമായി ഡിസൈന്‍ ചെയ്ത ബോഡി കിറ്റാണ് സെനോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. വീലുകളും റൂഫിലെ സ്‌നോര്‍ക്കലുമെല്ലാം ഈ കിറ്റില്‍ ഉള്‍പ്പെടുന്നു. നാര്‍വ ലൈറ്റ്‌സ് നിര്‍മിച്ചു നല്‍കിയ എല്‍ഇഡികളും സ്‌പോട് ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളുമെല്ലാം വാഹനത്തിലുണ്ട്.

20 ഇഞ്ച് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു സെനോണില്‍. ശുദ്ധമായ അലൂമിനിയ ബ്ലോക്കുകള്‍ ചിന്തേരിട്ട് നിര്‍മിച്ച ഈ വീലുകള്‍ക്ക് ജോയിന്റുകളില്ല. വലിയ ഓഫ് റോഡ് ടയറുകള്‍ ഈ വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്നു.

എന്‍ജിന്‍ മാറ്റമൊന്നും വന്നിട്ടില്ല. 2.2 ലിറ്റര്‍ ഡികോര്‍ ഡീസല്‍ യൂറോ 5 എന്‍ജിനാണ് സെനോണിലുള്ളത്. 145 കുതിരശക്തിയുണ്ട് എന്‍ജിന്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു. ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിനുള്ളത്.


Click it and Unblock the Notifications








