വണ്ടിയോടിക്കുമ്പോള്‍ വാള് വെക്കുന്നതെങ്ങനെ?
പലകാരണങ്ങള്‍ കൊണ്ട് ചര്‍ദ്ദിയുണ്ടാകാം. വയറിന് അസുഖമുണ്ടായാല്‍, കീമോതെറാപ്പിക്ക് വിധേയമായിട്ടുണ്ടെങ്കില്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്. പൊതുസ്ഥലങ്ങളില്‍ ചര്‍ദ്ദിക്കുന്നത് പലതരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. കഴിച്ച ഭക്ഷണം ദഹിക്കാന്‍ കൂട്ടാക്കാതെ പുറത്തേക്കു തന്നെ പോരുന്നതിന്‍റെ ഉത്തരവാദിത്തം സമൂഹത്തിനു തന്നെയാണല്ലോ?
വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വാള് വെക്കണമെന്ന് തോന്നിയെന്നിരിക്കട്ടെ. എന്തുചെയ്യും? വണ്ടി സൈഡാക്കുക എന്നതാണ് എളുപ്പവഴി. എന്നാല്‍ എപ്പോഴും ഇത് സാധിച്ചെന്നു വരില്ല. പ്രത്യേകിച്ച് തിരക്കേറിയ ട്രാഫിക്കുകളില്‍. ഇത് വാഹനത്തിനകത്ത് വലിയ പ്രതിസന്ധിയും തദ്വാരാ ഭീതിയും നിറയ്ക്കുന്നു. ഇങ്ങനെയുള്ള പ്രതിസന്ധികളെ നേരിടേണ്ട വിധം താഴെ വിവരിക്കുന്നു.

'വാള്‍' സാധ്യതയുള്ള ദിവസങ്ങളില്‍ വോമിറ്റ് ബാഗുകള്‍ വാഹനത്തില്‍ കൂടെ കരുതുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സാധാരണ പോളിത്തീന്‍ ബാഗുകള്‍ ആയിരുന്നാലും മതിയാകും. സീറ്റുകളിലും തറയിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിക്കുന്നത് നന്നായിരിക്കും.

ശേഷം ചെയ്യേണ്ടത് നല്ല മനസ്സാന്നിധ്യം കൈവരിക്കുക എന്നതാണ്. പല നിര്‍ണായക ഘട്ടങ്ങളെയും ഇത്തരം വാള് ദിനങ്ങളില്‍ നേരിടേണ്ടതായി വരും.

നഗരങ്ങളില്‍ ഗതാഗതം നമ്മുടെ നിയന്ത്രണത്തിലല്ല നടക്കുന്നത്. ഇക്കാരണത്താല്‍ അവിടങ്ങളില്‍ വേഗതയുടെ കാര്യവും നമുക്ക് നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിവേഗതയില്‍ പോകേണ്ട സന്ദര്‍ഭങ്ങളുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ദ്ദിക്കാനുള്ള പ്രേരണ കിട്ടിയാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

വശങ്ങളിലേക്ക് തിരിയാതെ നേരെ ചര്‍ദ്ദിക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ സ്റ്റിയറിംഗ് വീല്‍ നമ്മള്‍ ആഗ്രഹിക്കാത്തിടത്തേക്ക് സഞ്ചരിക്കാന്‍ വലിയ സാധ്യതയുണ്ട്. മുന്‍പില്‍ തന്നെ ബാഗ് സൂക്ഷിക്കുക. കഴിയുമെങ്കില്‍ കഴുത്തില്‍ തൂക്കിയിടുക. ചില വിദഗ്ധര്‍ മറ്റൊരു വഴിയും പറഞ്ഞു തരുന്നു. സ്വന്തം നെഞ്ചിലേക്കു തന്നെ വാള്വെക്കുക എന്നതാണത്. ഇത് തലയുടെ നിയന്ത്രണമില്ലാത്ത നീക്കങ്ങള്‍ തടയുകയും റോഡിലേക്കുള്ള ശ്രദ്ധ നിലനിര്‍ത്തുകയും ചെയ്യുന്നു.

മറ്റൊരു വഴി കൂടെയുള്ള യാത്രക്കാരന്‍റെ സഹായം തേടുകയാണ്. തല പുറത്തേക്കിട്ട് ചര്‍ദ്ദിക്കുന്നത് ഒരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. പിന്നാലെ വരുന്ന ബൈക്ക് യാത്രക്കാരന്‍റെ മോന്തയ്ക്കിട്ട് പണി കൊടുക്കരുത്. കൂടാതെ പ്ലാസ്റ്റിക് ബാഗില്‍ ശേഖരിച്ച ആ അമൂല്യ ദ്രാവകം അലക്ഷ്യമായി പുറത്തേക്ക് എറിയുകയുമരുത്.


Click it and Unblock the Notifications








