ഭൂചലന സമയത്ത് കാറിലാണെങ്കില്‍...
ഇവിടെ ചില ടിപ്പുകളാണ് നല്‍കുന്നത്. ഭൂകമ്പ സമയത്ത് കാറിനകത്താണെങ്കില്‍ എന്തു ചെയ്യണം?
1 ആദ്യം ഭൂകമ്പം നടക്കുന്നത് മനസ്സിലാക്കുകയാണ് വേണ്ടത്. അസാധാരണമായ ചിലത് സംഭവിക്കുന്നത് തിരിച്ചറിയാന്‍ കണ്ണും മൂക്കും തുറന്നിരിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കൂ. പലപ്പോഴും കാറുകള്‍ക്കുള്ളില്‍ അതിലും വലിയ ഭൂകമ്പങ്ങള്‍ നടക്കുകയായിരിക്കും, എന്തുചെയ്യട്ടെ!
2 യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന ഭൂകമ്പം ഡ്രൈവര്‍മാരെ ഭീതിയിലാഴ്ത്തും എന്നത് ഉറപ്പാണ്. പലപ്പോഴും ഇത്തരം അപകടങ്ങളാണ് റോഡുകളില്‍ അധികവും നടക്കുക. ഭൂകമ്പവിവരം ലഭിച്ചാല്‍ സൈഡാക്കാന്‍ ശ്രമിക്കുക. ഇത് ഏതെങ്കിലും കെട്ടിടത്തിന്‍റെ ചുവട്ടിലേക്ക് ആവുകയുമരുത്.
3 ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലം കടന്നുള്ള യാത്ര ഒഴിവാക്കണം. പാലം കണ്ടാല്‍ വേഗം വണ്ടി തിരിച്ചുവിട്ടോളണം.
4 സുരക്ഷിതമായ തുറസ്സുകളില്‍ പാര്‍ക്ക് ചെയ്യുക. ശേഷം റേഡിയോ ഓണ്‍ ചെയ്യുക. ഇത് പാട്ട് കേട്ടിരിക്കാനല്ല, ഭൂകമ്പം സംബന്ധിച്ച അപ്ഡേറ്റുകള്‍ ലഭിക്കാനാണ്.
5 ഭൂകമ്പ ലക്ഷണങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നതു വരെ കാറിനകത്ത് തന്നെയിരിക്കാം.
6 പ്രശ്നം തീര്‍ന്നല്ലോ എന്നു കരുതി കാറുമെടുത്ത് പായരുത്. കാറിന് സംഭവിച്ച തകരാറുകള്‍ ആദ്യം പരിഹരിക്കുക. ഇലക്ട്രിക് പ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്ന് നോക്കണം.
7 പരുക്ക് പറ്റിയിട്ടുണ്ടെങ്കില്‍ പ്രഥമ ശുശ്രൂഷ നല്‍കുക.
8 തിരിച്ചുപോകുമ്പോള്‍ കെട്ടിടങ്ങള്‍ക്കരികിലൂടെ വണ്ടി എടുക്കാതിരിക്കുക. താങ്കളുടെ വണ്ടിയുടെ കാറ്റ് തട്ടാന്‍ കാത്തിരിക്കുന്ന കെട്ടിടങ്ങള്‍ ഉണ്ടാകാം. പാലം തകര്‍ന്നിട്ടില്ലല്ലോ എന്ന ആഹ്ലാദത്തോടെ വണ്ടി കയറ്റി പാലം തകര്‍ക്കാന്‍ നില്‍ക്കരുത്. മറ്റ് വഴികള്‍ നോക്കുക.
9 തീരപ്രദേശത്തു കൂടിയാണ് യാത്രയെങ്കില്‍ സുനാമി സാധ്യത മുന്നില്‍ കാണുക. പരമാവധി വേഗത്തില്‍ തീരപ്രദേശത്തു നിന്ന് മാറാന്‍ വഴി തേടുക.
10 ഒരു പ്രധാന ഭൂകമ്പത്തിന് ശേഷം ചെറുചലനങ്ങള്‍ സാധാരണമാണ്. പലപ്പോഴും ഈ ചലനങ്ങളിലാണ് ഇടിയാന്‍ ബാക്കിയുള്ളതൊക്കെ ഇടിയുക. സൂക്ഷിച്ച് യാത്ര ചെയ്യുക.
അവനവന്‍റെ തടി സുരക്ഷിതമാക്കിയതിനു ശേഷം മനോരമ വായിച്ചിരിക്കുന്നത് കുറ്റകൃത്യമാണ്. പുറത്തിറങ്ങി മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ ചെയ്യുക.


Click it and Unblock the Notifications









