ഡീസല്‍ കാര്‍ വാങ്ങാതിരിക്കാന്‍ ചില കാരണങ്ങള്‍

പെട്രോള്‍ വിലവര്‍ധനയാണ് ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടാനുണ്ടായ പ്രധാന കാരണം. പെട്രോള്‍ കാറുകള്‍ കെട്ടിക്കിടന്ന് ഷോറൂമുകള്‍ നിറഞ്ഞ സാഹചര്യം മുന്‍ നിര്‍ത്തി ജനറല്‍ മോട്ടോഴ്സ് പെട്രോള്‍ കാറുകള്‍ ഇനി ഇറക്കുന്നില്ലെന്ന് തീരുമാനിക്കുന്നയിടം വരെയെത്തി കാര്യങ്ങള്‍.
ഇന്ധനക്ഷമതയും ഇന്ധനവിലക്കുറവും മാത്രം നോക്കിയാണ് ആളുകള്‍ ഡീസല്‍ കാറുകളെ തെരഞ്ഞെടുക്കുന്നത്. ഇതു വഴി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ചില ലാഭങ്ങള്‍ മറ്റ് വഴികളിലൂടെ നഷ്ടപ്പെടുന്നത് ആരുടെയും ആലോചനയില്‍ വരുന്നില്ല. ഈ വക കാര്യങ്ങളെക്കുറിച്ച് ഒരു അവലോകനമാണ് ഇവിടുന്നങ്ങോട്ട്.
ഡീസല്‍ കാറുകള്‍ക്ക് വിപണിവില പെട്രോള്‍ കാറുകളെക്കാള്‍ അധികമായിരിക്കുമല്ലോ. ശരാശരി 80,000 രൂപയുടെ വ്യത്യാസം പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ തമ്മില്‍ ഉണ്ടാകാറുണ്ട്. ലോണെടുത്ത് കാര്‍ വാങ്ങുന്നവരാണ് അധികം പേരും നമ്മുടെ നാട്ടില്‍. ഇവരെ സംബന്ധിച്ച് ഡീസല്‍ കാറുകള്‍ വന്‍ നഷ്ടമാണ് വരുത്തി വെക്കുക. ഇ എം ഐ നിരക്ക് കൂടുന്നതാണ് ഇതിന്‍റെ ഫലം. ഡീസല്‍ കാറുകള്‍ നിങ്ങളുടെ പ്രതിമാസ അടവ് വര്‍ധിപ്പിക്കും എന്നത് മനസ്സില്‍ വെയ്ക്കുക.
ഡീസല്‍ കാറുകള്‍ക്ക് കൂടുതലായി അടയ്ക്കുന്ന സംഖ്യ, കൂടിയ മൈലേജും കുറഞ്ഞ ഇന്ധന വിലയും ചേര്‍ന്ന് കോംപന്‍സേറ്റ് ചെയ്തുകൊള്ളും എന്നാണ് ആളുകളുടെ ചിന്ത. ഒരല്‍പം ആലോചിച്ചാല്‍ ഈ ചിന്ത അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാകും. ഇത്തരത്തില്‍ കൂടുതലായി അടച്ച പണം മുതലാകണമെങ്കില്‍ മാസത്തില്‍ 2000 കിലോമീറ്ററെങ്കിലും കാര്‍ ഓടേണ്ടതുണ്ട്. ഇത്രയും ഓടാന്‍ സാധ്യതയില്ലാത്തവര്‍ പെട്രോള്‍ കാറുകള്‍ തെരഞ്ഞെടുക്കുകയാണ് ബുദ്ധി.
ഡീസല്‍ കാറുകളുടെ മെയിന്‍റനന്‍സ് ചെലവ് കൂടുതലാണെന്ന വസ്തുത കാര്‍ നിര്‍മാതാക്കള്‍ ഒളിച്ചുപിടിക്കുകയാണ് പതിവ്. സര്‍വീസ് നടത്തുന്ന ഓരോ സമയവും ഡീസല്‍ കാറുകള്‍ക്ക് ഓയില്‍ ചെയ്ഞ്ച് ആവശ്യമാണ്. ഇത് പെട്രോള്‍ കാറുകള്‍ക്ക് ആവശ്യമില്ലെന്നും ഓര്‍ക്കുക.
ഡീസല്‍ ഇന്ധനത്തില്‍ ശുദ്ധീകരണത്തിന് വിധേയമാകാത്ത നിരവധി ഘടകങ്ങളുണ്ട്. ഇവ പൂര്‍ണമായും കത്തുകയില്ല. ഇത്തരം ഘടകങ്ങള്‍ എന്‍ജിനില്‍ ബ്ലോക്കുകള്‍ സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുന്നു. ഇവ എന്‍ജിന് സാരമായ കേടുകള്‍ വളരെ വേഗത്തില്‍ വരുത്തിവെക്കുന്നു.
പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്ന് കാണുന്ന ഈ അന്തരം ഇനി അധികകാലമൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനമെന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‍സിഡിയാണ് ഡീസല്‍ വിലയെ ഇന്നത്തെ നിലയില്‍ കുറച്ചു നിര്‍ത്തുന്നത്. കര്‍ഷകര്‍ക്കുള്ള ഇന്ധന സബ്‍സിഡി കാറുടമകള്‍ ഉപയോഗിക്കുന്നതിലെ അന്യായം സര്‍ക്കാരിന് ബോധ്യപ്പെടുകയും ഈ സബ്‍സിഡി നിര്‍ത്തലാക്കാന്‍ രാഷ്ട്രീയ തീരുമാനം ആഗസ്റ്റ് മാസത്തില്‍ ധനമന്ത്രാലയം എടുക്കുകയും ചെയ്തതാണ്. ഇതില്‍ അടുത്തുതന്നെ നടപടി പ്രതീക്ഷിക്കാം.


Click it and Unblock the Notifications








