മൈലേജിനെ സ്വാധീനിക്കുന്ന അഞ്ചു പ്രധാന കാര്‍ ഘടകങ്ങള്‍
ഒരു സുപ്രഭാതത്തില്‍ കാറില്‍ ഇന്ധനക്ഷമത കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഡ്രൈവിംഗ് ശീലങ്ങള്‍, എഞ്ചിന്‍ ഓയില്‍, മറ്റു എഞ്ചിന്‍ ഘടകങ്ങള്‍; പ്രശ്‌നം ഇതില്‍ ഏതുമാകാം. എഞ്ചിന്‍ ഘടകങ്ങളിലുണ്ടാകുന്ന താളപ്പിഴവുകളാണ് ഇന്ധനക്ഷമത കുറയാനുള്ള പ്രധാന കാരണം.

ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ —
ഓക്‌സജിന്‍ സെന്‍സര്‍
എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ ഭാഗമാണ് ഓക്‌സിജന്‍ സെന്‍സറുകള്‍. ജ്വലനപ്രക്രിയയ്ക്ക് ശേഷം എഞ്ചിന്‍ പുറന്തള്ളുന്ന പുകയുടെ ഗാഡത അളന്നു വിലയിരുത്തുകയാണ് ഓക്‌സിജന്‍ സെന്‍സറുകളുടെ ദൗത്യം.

കത്താതെ നഷ്ടമാകുന്ന ഓക്‌സിജന്റെ അളവു കൂടുന്ന പക്ഷം ഇസിയുവിലേക്ക് (ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്) സെന്‍സറുകള്‍ വിവരങ്ങള്‍ കൈമാറും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ക്രമത്തില്‍ ഇസിയു മാറ്റം വരുത്തുക.

ഒട്ടുമിക്ക കാറുകളിലും രണ്ടു മുതല്‍ നാലു ഓക്‌സിജന്‍ സെന്‍സറുകള്‍ വരെയാണ് ഇടംപിടിക്കാറ്. കാലം ചെല്ലുന്തോറും സെന്‍സറുകളില്‍ എഞ്ചിനിലുള്ള ചാരവും മറ്റു പൊടിയും വന്നടിയും.

ഇതു സെന്‍സറുകളുടെ പ്രവര്‍ത്തനെ ബാധിക്കും. കുറഞ്ഞ ആക്‌സിലറേഷന്‍, കൂടുതല്‍ ഇന്ധനഉപഭോഗം തുടങ്ങിയ ലക്ഷണങ്ങള്‍ പിന്നാലെ കാറില്‍ അനുഭവപ്പെട്ടു തുടങ്ങും.

മാസ് എയര്‍ഫ്‌ളോ സെന്‍സര്‍
ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിര്‍ണായക എഞ്ചിന്‍ ഘടകമാണ് മാസ് എയര്‍ഫ്‌ളോ സെന്‍സര്‍. എഞ്ചിനിലേക്ക് കടക്കുന്ന ഇന്ധനത്തിന്റെ അളവ് വിവരങ്ങള്‍ മാസ് എയര്‍ഫ്‌ളോ സെന്‍സറാണ് ഇസിയുവിനെ അറിയിക്കുക.

ഇന്‍ടേക്കിലേക്ക് കടക്കുന്ന വായുവിന്റെ അളവും ഇതേ സെന്‍സറുകളാണ് വിലയിരുത്താറ്. മാസ് എയര്‍ഫ്‌ളോ സെന്‍സര്‍ പ്രവര്‍ത്തന രഹിതമായാല്‍ കാറിലെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ക്രമം താളംതെറ്റും.

സ്വാഭാവികമായി ഇതു ഇന്ധക്ഷമത കുറയ്ക്കും. വൈകിയുള്ള എഞ്ചിന്‍ സ്റ്റാര്‍ട്ട്, കട്ടിയേറിയ കറുത്ത പുക എന്നിവയും മാസ് എയര്‍ഫ്‌ളോ സെന്‍സറിലുള്ള തകരാര്‍ സൂചിപ്പിക്കും.

എയര്‍ ഫില്‍ട്ടര്‍
ഇന്ധനത്തിനൊപ്പം ആവശ്യമായ അളവില്‍ വായുവും എഞ്ചിനിലേക്ക് കടക്കുമ്പോഴാണ് കരുത്തുത്പാദനം കാര്യക്ഷമമായി നടക്കുക. എയര്‍ ഫില്‍ട്ടര്‍ മുഖേനയാണ് വായു എഞ്ചിനിലേക്ക് കടക്കാറ്.

വായുവിനൊപ്പം ചെളിയും പൊടിയും മറ്റു മാലിന്യങ്ങളും എഞ്ചിനിലേക്ക് കടക്കുന്നത് പ്രതിരോധിക്കുകയാണ് എയര്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം.

എയര്‍ ഫില്‍ട്ടര്‍ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കില്‍ മാലിന്യം വന്നടിയും. ഈ സാഹചര്യം എഞ്ചിനിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസപ്പെടുത്തും. കരുത്തുത്പാദനവും ഇന്ധനക്ഷമതയും ഇതു കാരണം കുറയും.

സ്പാര്‍ക്ക് പ്ലഗ്
പെട്രോള്‍ എഞ്ചിനില്‍ സ്പാർക്ക് പ്ലഗാണ് ഇന്ധനം ജ്വലിപ്പിക്കുക. അഗ്രഭാഗത്തുള്ള അടച്ച സിലിണ്ടര്‍ വാല്‍വിലൂടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം ജ്വലനപ്രക്രിയയ്ക്കായി കടക്കും. സിലിണ്ടറിനും പിസ്റ്റണിനുമിടയില്‍ വെച്ച് സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ ജ്വലിപ്പിക്കുക.

സ്പാര്‍ക്ക് പ്ലഗിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കും എഞ്ചിന്റെ കരുത്തുത്പാദനം. സ്പാര്‍ക്ക് പ്ലഗിന് തകരാര്‍ സംഭവിച്ചാല്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറിന് പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും. ഇതു ഇന്ധനക്ഷമതയെയും ബാധിക്കും.

ടയറുകള്‍
ടയറുകളുടെ ആരോഗ്യവും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകമാണ്. കാറ്റു കുറവെങ്കില്‍ റോഡുമായുള്ള ടയറുകളുടെ ഘര്‍ഷണം വര്‍ധിക്കും. മുന്നോട്ട് നീങ്ങാന്‍ എഞ്ചിനില്‍ കൂടുതല്‍ കരുത്തുത്പാദനം നടക്കും. ഇതു ഇന്ധനക്ഷമത കുറയ്ക്കും. കാറില്‍ കൃത്യമായ ടയര്‍ മര്‍ദ്ദം പാലിക്കാന്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഡീസൽ ടാങ്കിൽ പെട്രോൾ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? പലർക്കും സംശയമുണ്ട് ഇക്കാര്യത്തിൽ. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കുമെന്ന് പ്രത്യേക പറയേണ്ടതില്ല.

എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകാറില്ല. തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ:

കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്
ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. കാർ സ്റ്റാർട്ട് ചെയ്താൽ മാത്രമെ ഇന്ധന ടാങ്കില്‍ നിന്നും ഇന്ധനം എഞ്ചിനില്‍ എത്തുകയുള്ളു. ചില കാറുകളില്‍ ഇന്ധനം എഞ്ചിനിലേക്ക് സ്റ്റാർട്ട് ചെയ്യണമെന്നില്ല, ഇഗ്നീഷനിൽ താക്കോൽ ഇട്ടാൽ മാത്രം മതി. അതുകൊണ്ടു ഈ അവസരത്തിൽ ഇഗ്നീഷനിൽ നിന്നും താക്കോൽ അടിയന്തരമായി ഊരാൻ പ്രത്യേകം ഓർക്കണം.

കാർ ഓടിച്ചു നീങ്ങിയെങ്കിൽ
ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം തിരിച്ചറിയാറ്. എന്നാൽ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെങ്കിലോ? ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരി മാറ്റുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.

അസ്വാഭാവികമായ അക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക പോലുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഡീസലില്‍ പെട്രോളോ, പെട്രോളില്‍ ഡീസലോ — ഏതാണ് കൂടുതല്‍ ഗുരുതരം?
ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. ഡീസല്‍ എഞ്ചിനിൽ ഇന്ധനം തന്നെയാണ് നിര്‍ണായക ഘടകങ്ങൾക്ക് ലൂബ്രിക്കേഷന്‍ നൽകാറ്. ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ നൽകാൻ പെട്രോളിന് സാധിക്കില്ല.

മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരുന്നതിനും ഇതു വഴിതെളിക്കും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം 'കോക്‌ടെയില്‍' പരുവമായി മാറും.

സാധാരണ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരൽപം പെട്രോൾ കടന്നാൽ ഉടനടി കൂടിയ അളവിൽ ഡീസൽ നിറയ്ക്കണമെന്ന് മാത്രം.


Click it and Unblock the Notifications








